ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ വായ്പ സഹകരണ മേഖലയും.. ബി.പി.പിള്ളയുടെ ലേഖനം തുടരുന്നു.

adminmoonam

ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ വായ്പ സഹകരണ മേഖലയും.. ബി.പി.പിള്ളയുടെ ലേഖനം-7 തുടരുന്നു.
വകുപ്പ് 35 (ബി) പ്രകാരം സഹകരണ ബാങ്കുകളിലെ ഡയരക്ടര്‍മാരുടെ പരമാവധി എണ്ണം , ചെയര്‍മാന്റെ നിയമനം , പുനര്‍ നിയമനം, പ്രതിഫലം , മാനേജിങ് ഡയരക്ടറുടെ നിയമനം , പുനര്‍നിയമനം, ശമ്പളം എന്നിവ സംബന്ധിച്ച നിയമാവലി വ്യവസ്ഥക്ക ്/ ഉടമ്പടി വ്യവസ്ഥക്ക് / പൊതുയോഗത്തിന്റെയോ ഭരണസമിതിയുടെയോ തീരുമാനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെ സാധുത ഉണ്ടാവില്ല. ചെയര്‍മാന്‍, മാനേജിങ് ഡയരക്ടര്‍ എന്നിവരുടെ നിയമനം, പിരിച്ചുവിടല്‍, പുനര്‍നിയമനം എന്നിവ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുവാദത്തോടെ മാത്രമേ നടത്താവൂ എന്നതും സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയിരിക്കുന്നു.

ഏതെങ്കിലും ഇടപാടു നടത്തുന്നത് നിരോധിച്ചുകൊണ്ടോ അല്ലെങ്കില്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഏതെങ്കിലും സഹകരണ ബാങ്കിനെയോ സഹകരണ ബാങ്കുകളെയോ ഉപദേശിക്കുന്നതിനോ വകുപ്പ് 36 പ്രകാരം റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയിട്ടുണ്ട്.

വകുപ്പ് 36 (എ എ ) ഓര്‍ഡിനന്‍സിലൂടെ സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ വകുപ്പാണ്. സഹകരണ ബാങ്കുകളുടെ കാര്യനിര്‍വഹണം ശരിയായ വിധം നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനോ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിധം നടക്കുന്നു എന്ന് ബോധ്യപ്പെടുമ്പോഴോ സഹകരണ ബാങ്കിന്റെ ചെയര്‍മാനെയോ മാനേജിങ് ഡയരക്ടറെയോ അല്ലെങ്കില്‍ ഏതെങ്കിലും ഡയരക്ടറെയോ മറ്റു ഓഫീസര്‍മാരെയോ ജീവനക്കാരെയോ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് നല്‍കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയിരിക്കുന്നു.

സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ വകുപ്പ് 46 അനുസരിച്ച്, ബാങ്കിങ് നിയന്ത്രണ നിയമ വ്യവസ്ഥയ നുസരിച്ച് സമര്‍പ്പിക്കുന്ന ഏതെങ്കിലും റിട്ടേണിലോ ബാക്കിപത്രത്തിലോ മറ്റേതെങ്കിലും ഡോക്യുമെന്റിലോ റിസര്‍വ് ബാങ്കിനു നല്‍കിയ ഏതെങ്കിലും വിവരങ്ങളിലോ അറിഞ്ഞുകൊണ്ട് തെറ്റായ വിവരം നല്‍കുകയോ വിവരം ഒളിച്ചു വയ്ക്കുകയോ ചെയ്താല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ ശിക്ഷിക്കപ്പെടും. മൂന്നു വര്‍ഷം വരെ തടവോ ഒരു കോടി രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.

റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തിലൂടെ ഒരു സഹകരണ ബാങ്കിനെയോ ഒരു വിഭാഗം ബാങ്കുകളെയോ നിയമത്തിലെ ചില വ്യവസ്ഥകളില്‍ നിന്നു ഒഴിവാക്കാവുന്നതാണ്. തൊഴില്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍, ഭരണസമിതി അംഗങ്ങളുടെ യോഗ്യതകള്‍, ചെയര്‍മാനെ നിയമിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഒഴിവാക്കുന്നത്. സഹകരണ ബാങ്കുകള്‍ക്ക് സ്വന്തം ഓഹരികളുടെ ഈടി•േല്‍ വായ്പ എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. സഹകരണ ബാങ്ക് ചെയര്‍മാനോ ഭരണസമിതി അംഗങ്ങള്‍ക്കോ അല്ലെങ്കില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികള്‍ക്കോ സുരക്ഷിതമല്ലാത്ത വായ്പകള്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, വായ്പകള്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യേണ്ട രീതിയും വ്യക്തമാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുവാദമില്ലാതെ സഹകരണ ബാങ്കുകള്‍ക്ക് പുതിയ ശാഖ തുറക്കാനോ ഗ്രാമത്തിനോ പട്ടണത്തിനോ പുറത്തേയ്ക്ക് ഒരു ശാഖ മാറ്റാനോ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നു. സഹകരണ ബാങ്കുകളുടെ ബോര്‍ഡ് മീറ്റിങ് വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെടാനും ബോര്‍ഡ് മീറ്റിങ്ങില്‍ നിരീക്ഷകരെ വെക്കാനും നിയമഭേദഗതികള്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു കഴിയുമ്പോള്‍ സഹകരണ സംഘം രജിസ്ട്രാറുടെ അധികാരങ്ങള്‍ സഹകരണ ബാങ്കുകളുടെ നിയമാവലി ഭേദഗതി രജിസ്‌ട്രേഷനിലും സമാപ്തീകരണം എന്നിവയിലും മാത്രമായിരിക്കും. സഹകരണ ബാങ്കുകളിലെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുക എന്നതാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News