“ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പാ മേഖലയും” ബി.പി.പിള്ളയുടെ ലേഖനം

adminmoonam

“ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പാ മേഖലയും” ബി.പി.പിള്ളയുടെ ചരിത്ര നാൾവഴികളിലൂടെയുള്ള ലേഖനം തുടരുന്നു..
കേരളത്തിലെ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ അവയുടെ അപ്പെക്‌സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനു വേണ്ടിയാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഈ നിക്ഷേപത്തിന് അവ നല്‍കുന്നത് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ രസീതാണ്. സേവിങ്‌സ് ബാങ്ക് നിക്ഷേപം അപൂര്‍വ്വമായി മാത്രമേ ഏതാനും ബാങ്കുകള്‍ സ്വീകരിക്കുന്നുള്ളൂ. സേവിങ്‌സ്് ബാങ്ക് നിക്ഷേപകര്‍ക്ക് ചെക്ക് ബുക്ക് നല്‍കാറില്ല. വിത്ത് ഡ്രോവല്‍ സ്ലിപ്പ് മാത്രമാണ് തുക പിന്‍വലിക്കാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍, നിക്ഷേപകര്‍ക്ക് ചെക്ക് ഉപയോഗിച്ച് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം നല്‍കരുത് എന്ന നിയന്ത്രണം അവയ്ക്ക് ബാധകമല്ല.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും പേരിനൊപ്പം ബാങ്ക് എന്നുപയോഗിച്ചു കൊണ്ടിരിക്കുന്നത് അവസാനിപ്പിക്കുന്നതിലൂടെ അവയുടെ നിക്ഷേപ സമാഹരണ സാധ്യതകള്‍ ഇല്ലാതാവില്ല. ബാങ്ക് എന്ന് പേരിനൊപ്പം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ 10 കോടി രൂപ പോലും നിക്ഷേപമില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍, പേരിനൊപ്പം ബാങ്ക് എന്നില്ലാത്ത വനിതാ സംഘങ്ങളില്‍ ചിലതിന് നൂറു കോടി രൂപയോളം നിക്ഷേപമുണ്ട്. ബാങ്ക് എന്ന് ഉപയോഗിക്കാത്ത മിസലേനിയസ് സംഘത്തില്‍പ്പെടുന്ന തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിന് 500 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുണ്ട്. സ്ഥാപനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം, പലിശനിരക്ക് , ജീവനക്കാരുടെ പെരുമാറ്റം, അക്കൗണ്ടിന്റെ രഹസ്യാത്മകത, സേവനങ്ങളുടെ ഗുണനിലവാരം, വൈവിധ്യം, സേവനം നല്‍കാനെടുക്കുന്ന സമയം തുടങ്ങി നിരവധി ഘടകങ്ങള്‍ നിക്ഷേപ സമാഹരണത്തെ സ്വാധീനിക്കുന്നുണ്ട്. 100 വര്‍ഷത്തിനു മേല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളതും റിസര്‍വ്വ് ബാങ്ക് ലൈസന്‍സുള്ളതുമായ ഒരു അര്‍ബന്‍ സഹകരണ ബാങ്കിനു സമീപത്തെ 17 വര്‍ഷം മാത്രം പ്രായമുള്ള ഒരു സര്‍വീസ് സഹകരണ ബാങ്കിന് അര്‍ബന്‍ ബാങ്കിന്റെ ഇരട്ടി നിക്ഷേപമുണ്ടെന്ന വസ്തുത റിസര്‍വ് ബാങ്ക് ലൈസന്‍സിലും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയിലും മാത്രമല്ല നിക്ഷേപകരുടെ വിശ്വാസം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

2012 ജനുവരിയിലെ ബാങ്കിങ് നിയന്ത്രണ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ 17 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സിനായി അപേക്ഷ നല്‍കുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്ക്, പാലക്കാട് പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് വടകര റൂറല്‍ സഹകരണ ബാങ്ക്, കണ്ണൂര്‍ മാടായി റൂറല്‍ ബാങ്ക,് കതിരൂര്‍ സഹകരണ ബാങ്ക്, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക്, കാരശ്ശേരി സഹകരണ ബാങ്ക്, പരവൂര്‍ എസ്.എന്‍.വി.ആര്‍.സി ബാങ്ക് തുടങ്ങിയവയാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമൊഴികെ മറ്റു ബാങ്കുകളുടെ അപേക്ഷ നിരസിക്കുകയും ആ മൂന്നെണ്ണത്തിന് അവരുടെ അപേക്ഷ പരിഗണനയിലാണെന്ന് മറുപടി ലഭിക്കുകയും ചെയ്തു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ലെന്ന കാരണം കാണിച്ചാണ് ഭൂരിഭാഗം അപേക്ഷകളും നിരസിച്ചത്. അപേക്ഷ പരിഗണിച്ച മൂന്നു സര്‍വീസ് സഹകരണ ബാങ്കുകളെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘമായി കാണാതെ പ്രാഥമിക വായ്പാ സംഘമായി പരിഗണിച്ച മാനദണ്ഡം അവയുടെ നിയമാവലിയിലെ ഉദ്ദേശ്യലക്ഷ്യങ്ങളാണോ അതോ ബാക്കിപത്രത്തിലെ ആസ്തി ബാധ്യത സ്ഥിതിയാണോ എന്നു പരിശോധിച്ചപ്പോള്‍ അപേക്ഷ നിരസിച്ച സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി അനുകൂല ഘടകങ്ങളൊന്നും അപേക്ഷ പരിഗണിച്ച സ്ഥാപനങ്ങളുടെ കാര്യത്തില്‍ കണ്ടില്ല. അപേക്ഷിച്ച 17 സ്ഥാപനങ്ങളും കേരള സഹകരണ സംഘം ചട്ടം 15 പ്രകാരവും സഹകരണ നിയമം വകുപ്പ് രണ്ട് പ്രകാരവും സഹകരണ സംഘം രജിസ്ട്രാറുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരവും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ തന്നെയാണ്.
തുടരും…
ബി.പി. പിള്ള
9847471798

Leave a Reply

Your email address will not be published. Required fields are marked *

Latest News