ബംഗളൂരുവിലെ നാഷണല്‍ സഹകരണ ബാങ്ക് കോസ്‌മോസ് ബാങ്കില്‍ ലയിക്കുന്നു

moonamvazhi

118 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോസ്‌മോസ് അര്‍ബന്‍ ബാങ്കും 49 വര്‍ഷം പഴക്കമുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കും തമ്മില്‍ ലയിക്കുന്നു. ഇരു ബാങ്കുകളുടെയും വിശേഷാല്‍ പൊതുയോഗങ്ങള്‍ ലയനത്തിന് അംഗീകാരം നല്‍കി. 170 ശാഖകളും ഏഴു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനപരിധിയുമുള്ള കോസ്‌മോസ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കിന്റെ ആസ്ഥാനം മഹാരാഷ്ട്രയിലെ പുണെയാണ്. കര്‍ണാടകത്തിലെ ബംഗളൂരു ആസ്ഥാനമായുള്ള നാഷണല്‍ ബാങ്കിനു 13 ശാഖകളാണുള്ളത്. ഇരു ബാങ്കുകളും തമ്മിലുള്ള ലയനത്തിന് ഇനി റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടണം.

മുംബൈയില്‍ മാത്രം 50 ശാഖകളുള്ള കോസ്‌മോസ് ബാങ്കില്‍ ഏറ്റവുമവസാനം ലയിച്ചതു സാഹബ്‌റാവു ദേശ്മുഖ് സഹകരണ ബാങ്കാണ്. 2023 സെപ്റ്റംബറില്‍ കോസ്‌മോസില്‍ ലയിക്കുമ്പോള്‍ ദേശ്മുഖ് ബാങ്കിനു പത്തു ശാഖകളുണ്ടായിരുന്നു. കോസ്‌മോസില്‍ ലയിച്ച പതിനെട്ടാമത്തെ സഹകരണ ബാങ്കാണു ദേശ്മുഖ് ബാങ്ക്.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസിന്റെ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റലാഭം 150 കോടി രൂപയാണ്. 1906 ജനുവരി 18 നു സ്ഥാപിച്ച കോസ്‌മോസ് ബാങ്കിനു 79,000 ഓഹരിയുടമകളുണ്ട്. ്ബാങ്കിന്റെ ഇടപാടുകാരുടെ എണ്ണം ഇരുപതു ലക്ഷത്തിലധികം വരും.

Leave a Reply

Your email address will not be published. Required fields are marked *

Latest News