പ്രാദേശിക ഇടപെടൽ വഴി വികസനം സാധ്യമാക്കുന്നതിനും സഹകരണസംഘത്തിന് ജനങ്ങളുടെ ഇടയിൽ അംഗീകാരം നേടുന്നതിനും സാധിക്കും.

adminmoonam

പ്രാദേശിക ഇടപെടൽ വഴി വികസനം സാധ്യമാക്കുന്നതിനും സഹകരണസംഘത്തിന് ജനങ്ങളുടെ ഇടയിൽ അംഗീകാരം നേടുന്നതിനും, വർദ്ധിപ്പിക്കുന്നതിനും സാധിക്കും.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം- 18

വയനാട് ജില്ല പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമാണ് . നമ്മുടെ സംസ്ഥാനത്ത് വനഭൂമി ഇപ്പോഴും അവശേഷിക്കുന്നത് ഈ പ്രദേശത്താണ് . വന്യമൃഗ സമ്പത്തും, കാട്ടരുവികളും, ബാണാസുര സാഗർ അണക്കെട്ടും , തിരുനെല്ലി അമ്പലവും എല്ലാം ഈ ജില്ലയുടെ ടൂറിസം സാധ്യത വർദ്ധിപ്പിക്കുന്നു . വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരപ്രദേശങ്ങളിൽ ഒന്നാണ് സുൽത്താൻബത്തേരി. ഇവിടെയാണ് സെൻമേരിസ് കോളേജ് സ്ഥിതിചെയ്യുന്നത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വികസന മുരടിപ്പ് നേരിടുന്നുവെന്ന പരാതി ഇപ്പോഴും നിലവിലുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെൻറ് കോപ്പറേറ്റീവ് സൊസൈറ്റി (ലാഡർ…LADDER) നല്ല നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നാണ് സഹകരണമേഖലയിൽ ഇന്ത്യയിൽ ആദ്യമായി ആരംഭിക്കാൻ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടൽ. ടൂറിസ്റ്റുകളെ ഈ ജില്ലയിലേക്ക് ആകർഷിക്കണം എങ്കിൽ അടിസ്ഥാന സൗകര്യങ്ങളായ റോഡിൻറെ വികസനം അനിവാര്യമാണ്.

ഇക്കാര്യം മനസ്സിലാക്കി ലാഡർ, കുപ്പാടി മുതൽ മന്തണ്ടികുന്ന് വരെയുള്ള റോഡിൻറെ നിർമ്മാണം ഏറ്റെടുത്തു. സുൽത്താൻബത്തേരി നഗരസഭ ഈ റോഡിൻറെ നിർമ്മാണത്തിന് അനുമതി നൽകി . ഏകദേശം രണ്ടര കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. നിർമ്മാണത്തിനു ശേഷം പതിനഞ്ച് വർഷക്കാലത്തെ അറ്റകുറ്റപ്പണികളും, റിപ്പയർ ജോലികളും ലാഡർ (LADDER) ഏറ്റെടുത്തിട്ടുണ്ട്. ഇതിലേക്കായി നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ടാറും, റബറും ചേർന്നുള്ള മെക്കാഡം ടാറിങ് രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതുകൂടാതെ റോഡിൻറെ രണ്ട് സൈഡിലും ആയി, യാത്രക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ബ്രോക്കൺ പാരപ്പറ്റ് നിർമിക്കുന്നുണ്ട് . റോഡിൻറെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഇൻറർലോക്ക് ടൈൽ വിരിച്ചിട്ടുണ്ട് കൂടാതെ റോഡിൻറെ ഇരുഭാഗത്തുമായി 20 മീറ്റർ ഇടവേളകളിൽ 140 എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഒരു പ്രദേശത്തിൻറെ വികസനത്തിന് ഒരു സഹകരണ സ്ഥാപനം , തദ്ദേശ ഭരണ സ്ഥാപനവുമായി ഒത്തുചേർന്നു കൊണ്ട് നടത്തുന്ന മാതൃകാപരമായ പ്രവർത്തനമായി ഇതിനെ കാണാവുന്നതാണ് . നമ്മുടെ സംസ്ഥാനത്ത് ഈ മാതൃക മറ്റു സഹകരണ സ്ഥാപനങ്ങൾക്കും സ്വീകരിക്കാൻ കഴിയുമോ? സഹകരണ സ്ഥാപനത്തിൻറെ ആസ്ഥാനം, ബ്രാഞ്ചുകൾ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശത്തെ റോഡുകളുടെ നിർമാണവും, അറ്റകുറ്റപ്പണികളും പൂർത്തിയാക്കാനും കാലോചിതമായ മെയിൻറനൻസ് ജോലികൾ നിർവഹിക്കുന്നതിനും സഹകരണ സ്ഥാപനത്തിന് സാധിക്കുകയില്ലേ ?

ഇതിൻറെ ഫലമായി തങ്ങളുടെ പ്രദേശത്തെ റോഡുകൾ വൃത്തിയായി നിലനിർത്താൻ കഴിയും. റോഡിനിരുവശത്തും, (വലിയ റോഡുകൾ ആണെങ്കിൽ റോഡിന് നടുവിൽ ഡിവൈഡർ സ്ഥാപിച്ച് അതിൽ ) പൂച്ചെടികൾ വെച്ച് മോഡിപിടിപ്പിക്കാവുന്നതാണ്. കൂടാതെ ഡിവൈഡറിൽ ഭംഗിയായി സ്ഥാപിക്കുന്ന പരസ്യ ബോർഡുകളിൽ സഹകരണ സ്ഥാപനം നൽകുന്ന വിവിധ സേവന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ കഴിയും . കേരള ബാങ്കിനോട് അഫിലിയേറ്റ് ചെയ്ത 1800 ലേറെ പ്രാഥമിക സഹകരണ സംഘങ്ങൾ നമ്മുടെ നാട്ടിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട് . ഇവർ ഓരോരുത്തരും ഏറ്റവും ചുരുങ്ങിയത് അഞ്ച് കിലോമീറ്റർ റോഡിൻറെ ഉത്തരവാദിത്വം ഏറ്റെടുത്താൽ 9000 കിലോമീറ്റർ റോഡ് വൃത്തിയായി നില നിൽക്കും.

തന്നെയുമല്ല ഈ റോഡുകൾ നിലനിർത്തുന്നതിന് കുടുംബശ്രീ ഗ്രൂപ്പുകൾക്ക് രൂപം നൽകാവുന്നതാണ്. സംസ്ഥാന സർക്കാരിൻറെ പിഡബ്ല്യുഡി വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങളും ആയി ഒത്തുചേർന്നു ആസ്പയർ ( Aspire ) എന്ന പേരിൽ ഒരു ഇടപെടലിന് രൂപം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇത്തരത്തിൽ രൂപീകരിക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികളും, റോഡ് റിപ്പയർ,മെയിൻറനൻസ് ജോലികളും ഏറ്റെടുക്കുന്നതിന് അനുമതി നൽകുന്നതാണ്. 2 ലക്ഷം രൂപ വരെ ചെലവ് വരുന്ന ജോലികൾക്ക് ടെൻഡർ നടപടികൾ പോലുമില്ലാതെ ഇത്തരം ഗ്രൂപ്പുകൾക്ക് നൽകാൻ കഴിയുമെന്ന് ധാരണ ആയിട്ടുണ്ട് . ഈ സാഹചര്യത്തിൽ ഓരോ പ്രദേശത്തെയും വികസനത്തിനും, അതുവഴി തങ്ങളുടെ പരിധിയിൽ വരുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കും. ഇതുപോലെതന്നെ തെരഞ്ഞെടുക്കപ്പെട്ട കോളനികളിൽ സൗരോർജ്ജ വഴിവിളക്കുകൾ സ്ഥാപിക്കുക, മാലിന്യനിർമാർജനത്തിന് നേതൃത്വം നൽകുക എന്നു തുടങ്ങി , പ്രാദേശിക വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സ്പോൺസർ ചെയ്യാനും സഹകരണ ബാങ്കുകൾക്ക് സാധിക്കും.

ഓരോ വർഷവും സഹകരണ ബാങ്കുകൾ പരസ്യങ്ങൾക്കായി നീക്കിവയ്ക്കുന്ന തുകയിൽ നിന്നും ചെറിയ തുകകൾ നീക്കിവെക്കാൻ ആയാൽ, തങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനും, ഭംഗിയായി മോടിപിടിപ്പിക്കാനും,അതുവഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ പരസ്യങ്ങളിലൂടെ, ജനങ്ങളിലെത്തിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ നിലവിലില്ല. സുൽത്താൻബത്തേരി നഗരസഭയിൽ, ലാഡർ എന്ന സഹകരണ സ്ഥാപനം തുടങ്ങിവച്ച ഇത്തരം മാതൃകകൾ, നമ്മുടെ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിന്, വരുംനാളുകളിൽ പരിശ്രമിക്കുന്നത് വഴി, ടൂറിസം വികസനം സാധ്യമാക്കുന്നതിനും, കുടുംബശ്രീ ഗ്രൂപ്പുകളിലൂടെ തൊഴിൽ ലഭ്യമാക്കുന്നതിനും, ബാങ്ക് വായ്പ പ്രദാനം ചെയ്യുന്നതിനും, പ്രാദേശിക വികസനം സാധ്യമാക്കുന്നതിനും സാധിക്കുന്നു . ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുക വഴി സഹകരണസംഘത്തിന് ജനങ്ങളുടെ ഇടയിൽ അംഗീകാരം നേടുന്നതിനും, വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്.
ഡോ .എം .രാമനുണ്ണി 9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News