പ്രാഥമിക സംഘത്തില്‍ ഉദ്യോഗക്കയറ്റത്തിനു Equivalency സര്‍ട്ടിഫിക്കറ്റ് വേണമെന്ന വാദം ഹൈക്കോടതി തള്ളി

Deepthi Vipin lal

കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നു ബിരുദമെടുത്ത ശേഷം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തില്‍ ഉദ്യോഗക്കയറ്റം കിട്ടാന്‍ Equivalency സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന വാദം കേരള ഹൈക്കോടതി തള്ളി.എറണാകുളം കുന്നത്തുനാട് താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിലെ ( പി.സി.എ.ആര്‍.ഡി.ബി ) ബ്രാഞ്ച് മാനേജര്‍ / റിക്കവറി ഓഫീസറായ എം.എം. ഷക്കീറിന്റെ ഹര്‍ജി അനുവദിച്ചു കൊണ്ടാണു ജസ്റ്റിസ് രാജ വിജയരാഘവന്‍ വി. ഈ ഉത്തരവിട്ടത്. ബാങ്ക് സെക്രട്ടറിയും കണ്‍കറന്റ് ഓഡിറ്ററുമായിരുന്നു എതിര്‍ കക്ഷികള്‍.

കുന്നത്തുനാട് താലൂക്ക് പി.സി.എ.ആര്‍.ഡി.ബി.യില്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിന്നു 2018 മാര്‍ച്ച് ഒന്നിനു ബ്രാഞ്ച് മാനേജരായി പ്രമോഷന്‍ നല്‍കപ്പെട്ട ഷക്കീര്‍ 2019 ആഗസ്റ്റ് ഒന്നു മുതല്‍ കേഡര്‍ മാറ്റം വരുത്തി റിക്കവറി ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയാണെന്നു കണ്‍കറന്റ് ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിന്നു ബ്രാഞ്ച് മാനേജര്‍ / റിക്കവറി ഓഫീസര്‍ തസ്തികയിലേക്കു പ്രമോഷന്‍ നല്‍കാന്‍ ഡിഗ്രി യോഗ്യത അനിവാര്യമാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഡിഗ്രി നേടിയതു കേരളത്തിനു പുറത്തുള്ള ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നാണെങ്കില്‍ ആയതിനു കേരളത്തിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുമുള്ള Equivalency  ( തത്തുല്യ ) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു സഹകരണ നിയമത്തിലെ ചട്ടം 186 പ്രൊവിസോ 80 ( A ) യില്‍ പ്രതിപാദിക്കുന്നുണ്ട്. 2017 ഡിസംബര്‍ 30 ലെ G.O ( 1 ) No. 83 /2017/Co-op SRO No.863/2017  ഉത്തരവു പ്രകാരം പ്രൊവിസോ 80 (A) യില്‍ നിന്നു ഡിഗ്രി യോഗ്യത നേടുന്നതിനു 10+2+3 എന്ന രീതി ഒഴിവാക്കിക്കൊണ്ട് ബാക്കിയുള്ളവ അതേപടി നിലനിര്‍ത്തുകയാണു ചെയ്തിരിക്കുന്നത്. ഷക്കീറിന്റെ സര്‍വീസ് ബുക്ക് പരിശോധിച്ചപ്പോള്‍ അദ്ദേഹം മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും Equivalency സര്‍ട്ടിഫിക്കറ്റ് വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനു പ്രമോഷന്‍ നല്‍കിയതു Equivalency സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ചിട്ടാണോ എന്ന വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. Equivalency സര്‍ട്ടിഫിക്കറ്റ് വാങ്ങാതെയാണു പ്രമോഷന്‍ നല്‍കിയത് എങ്കില്‍ അതു സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണ്. ഈ സാഹചര്യത്തി്ല്‍ അദ്ദേഹത്തിനു 2018 മാര്‍ച്ച് ഒന്നു മുതല്‍ നല്‍കിയിട്ടുള്ള എല്ലാ അലവന്‍സുകളും തിരികെ ബാങ്കിലേക്കു ഈടാക്കുകയും അദ്ദേഹത്തെ റിക്കവറി ഓഫീസര്‍ തസ്തികയില്‍ നിന്നു സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്കു റിവേര്‍ട്ട് ചെയ്യുകയും ആ കാലയളവിലെ Due drawn സ്‌റ്റേറ്റ്‌മെന്റ് ഏഴു ദിവസത്തിനകം തയാറാക്കുകയും വേണമെന്നു കണ്‍കറന്റ് ഓഡിറ്റര്‍ ബാങ്ക് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അഞ്ചു ദിവസത്തിനകം ഓഡിറ്റര്‍ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കണം – കണ്‍കറന്റ് ഓഡിറ്റര്‍ നിര്‍ദേശിച്ചു.

2018 മാര്‍ച്ച് ഒന്നിനാണു തനിക്കു ബ്രാഞ്ച് മാനേജരായി പ്രമോഷന്‍ കിട്ടിയതെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. കാഡര്‍ മാറ്റം കാരണം 2019 ആഗസ്റ്റ് ഒന്നു മുതല്‍ റിക്കവറി ഓഫീസറായാണു പ്രവര്‍ത്തിക്കുന്നത്. കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 186 ( 1 ) പ്രകാരം അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണു ബ്രാഞ്ച് മാനേജരുടെ യോഗ്യത – അദ്ദേഹം ബാധിപ്പിച്ചു.

കണ്‍കറന്റ് ഓഡിറ്ററുടെ റിപ്പോര്‍ട്ട് റദ്ദാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരന്‍ മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നു ആര്‍ട്്‌സില്‍ ബിരുദം നേടിയ വ്യക്തിയാണെന്നു നിരീക്ഷിച്ചു. കോ-ഓപ്പറേഷനില്‍ ജൂനിയര്‍ ഡിപ്ലോമയും അദ്ദേഹം പാസായിട്ടുണ്ട്. Equivalency സര്‍ട്ടിഫിക്കറ്റ് ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ല എന്ന ഒറ്റ എതിര്‍പ്പാണു കണ്‍കറന്റ് ഓഡിറ്റര്‍ ഉയര്‍ത്തിയതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ബ്രാഞ്ച് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന വ്യക്തിക്കു ചട്ടം 186 ( 1 A ) ലെ Note ല്‍ പറയുന്ന കാര്യങ്ങള്‍ ബാധകമല്ല. ഒന്നാം എതിര്‍കക്ഷിയായ സംഘത്തില്‍ ബ്രാഞ്ച് മാനേജരായി നിയമനം കിട്ടാന്‍ ഇതൊരു മുന്‍ ഉപാധിയുമല്ല – ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News