പ്രളയ ബാധിതർക്ക് 5ലക്ഷം രൂപയുടെ സഹായങ്ങൾ ചെയ്ത് മക്കരപ്പറമ്പ് സഹകരണ ബാങ്ക് മാതൃകയായി.

adminmoonam

മലപ്പുറം മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക് പ്രളയബാധിതർക്ക് പരമാവധി സഹായങ്ങൾ ചെയ്തു മാതൃകയായി. 5 ലക്ഷം രൂപയുടെ സഹായങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അരിയും പലവ്യഞ്ജനങ്ങളും ക്ലീനിങ് സാമഗ്രികളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

മക്കരപ്പറമ്പ്, കുറുവ ഗ്രാമപഞ്ചായത്തുകളിലെ 350 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും, ക്യാമ്പിൽ കഴിയുന്ന 108 കുടുംബങ്ങൾക്ക് വസ്ത്രങ്ങളുടെ കിറ്റും ബാങ്ക് വിതരണം ചെയ്തു. ഒപ്പം അന്യസംസ്ഥാന തൊഴിലാളികൾക്കും സഹായ കിറ്റ് നൽകാൻ ബാങ്ക് മറന്നില്ല. ബാങ്ക് പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റർ പ്രളയബാധിതർക്കുള്ള സഹായങ്ങളുടെ വിതരണഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചേരി, വൈസ് പ്രസിഡണ്ട് പി .പി. ഉണ്ണീൻകുട്ടി, നസീം ചോലക്കൽ, ഷമീർ കോപ്പിലാൻ, രാജൻ.കെ.എൻ, മരയ്ക്കാർ അല്ലൂർ, മുഹമ്മദ് ഷെരീഫ് പരി, പി.അബ്ദുൾ അസീസ്, ഷൗക്കത്തലി.കെ, കൃഷ്ണൻ.എ, പ്രിയ.പി.പി, ബുഷ്റ.വി, ഉമ്മുസൽമ ടി.കെ, അസിസ്റ്റന്റ് സെക്രട്ടറി സി.എച്ച് മുഹമ്മദ് മുസ്തഫ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സഹായ കിറ്റുകൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.

5 ലക്ഷം രൂപ, പൊതു ഫണ്ടിൽനിന്നും വിനിയോഗിച്ചാണ് പ്രളയബാധിതരെ സഹായിച്ചത്. ഇതിനുപുറമെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീട്ടിൽ എത്തുന്നവർക്ക് ബാങ്ക് കുടിവെള്ളം വിതരണം ചെയ്തു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ ഘട്ടത്തിൽ പരമാവധി സഹായം ഇനിയും ചെയ്യുമെന്ന് ബാങ്ക് പ്രസിഡണ്ടും സെക്രട്ടറിയും പറഞ്ഞു.

Leave a Reply

Your email address will not be published.