പ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍ക്ക് ഗ്യാരന്റി ബോര്‍ഡുവഴി നാലുകോടിരൂപവരെ പലിശരഹിത വായ്പ
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു. ഇതിനുള്ള പദ്ധതിരേഖ തയ്യാറാക്കി കഴിഞ്ഞു. നാലുകോടിരൂപവരെ പലിശ രഹിത വായ്പ നല്‍കാനാണ് കരട് പദ്ധതി രേഖയിലെ നിര്‍ദ്ദേശം. തിങ്കളാഴ്ച മന്ത്രി വി.എന്‍.വാസവന്റെ സാനിധ്യത്തില്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഇതില്‍ പദ്ധതിക്ക് അംഗീകാരം നല്‍കും.
കരുവന്നൂര്‍ ബാങ്കിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തെ സഹകരണ മേഖലയെ ആകെ ബാധിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനാകാത്ത സ്ഥിതി ഈ മേഖലയുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തി. ഈ ഘട്ടത്തിലാണ് പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കാന്‍ പദ്ധതിയുണ്ടാകണമെന്ന ചിന്തയിലേക്ക് സഹകരണ വകുപ്പ് മാറുന്നത്. സഹകരണ സംരക്ഷണ നിധി രൂപീകരിക്കാനുള്ള തീരുമാനം അങ്ങനെയുണ്ടായതാണ്. പ്രാഥമിക സഹകരണ ബാങ്കുകളുടെ കരുതല്‍ ധനത്തിന്റെ ഒരുഭാഗം ഉപയോഗിച്ചാണ് സംരക്ഷണ നിധി രൂപീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇത് ഇതുവരെ നിലവില്‍ വന്നിട്ടില്ല.
നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി ഉറപ്പാക്കാനാണ് സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്. ഈ ബോര്‍ഡിന്റെ നേതൃത്വത്തില്‍തന്നെ സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കണമെന്നായിരുന്നു സഹകാരികള്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിക്ഷേപത്തിന്റെ തോതിന് അനുസരിച്ച് ഗ്യാരന്റി കമ്മീഷന്‍ ബോര്‍ഡിന് സംഘങ്ങള്‍ നല്‍കുന്നുണ്ട്. ഇങ്ങനെയുള്ള ഫണ്ടില്‍നിന്ന് നാലുകോടിരൂപവരെ പലിശ രഹിതമായി പ്രതിസന്ധിയിലാകുന്ന സംഘങ്ങള്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്.
സംഘങ്ങള്‍ തയ്യാറാക്കി നല്‍കുന്ന പുനരുദ്ധാരണ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും എത്രപണം നല്‍കണമെന്ന് തീരുമാനിക്കുക. ഈ പ്ലാന്‍ രണ്ടുതട്ടിലുള്ള പരിശോധനയ്ക്ക് വിധേയമാക്കും. ഗ്യാരന്റി ഫണ്ട് ബോര്‍ഡ് നിശ്ചയിക്കുന്ന ഒരു സമിതിയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ഈ സംഘത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇത് മൂന്നും കണക്കിലെടുത്താകും ഫണ്ട് അനുവദിക്കുക. എത്രകാലത്തേക്കുവരെ ഈ വായ്പ എന്നത് ബൈലോയില്‍ വ്യവസ്ഥ ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അത് ഓരോ സംഘത്തിന്റെയും സാഹചര്യം പരിശോധിച്ച് പരിധി നിശ്ചയിക്കാനാണ് ആലോചിക്കുന്നത്.