പ്രതിസന്ധികള്‍ മറികടക്കാന്‍കേരള ബാങ്കിന്റെ ഈടില്ലാ വായ്പ

Deepthi Vipin lal

കോവിഡും കാലവര്‍ഷക്കെടുതിയും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈടില്ലാ വായ്പ. ‘കെബി സുവിധ പ്ലസ്’ വായ്പാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഈട് ഇല്ലാതെ അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി.

കോവിഡ് 19, കാലവര്‍ഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉല്‍പ്പാദന, സേവന, വിപണന മേഖലയിലെ സൂക്ഷ്മ -ചെറുകിട – ഇടത്തരം സംരംഭകര്‍ക്കും ബസ്സുടമകള്‍ക്കും വായ്പ ലഭിക്കും. ഒപ്പം, ഇരുചക്രമുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കുംഈ വായ്പ ലഭ്യമാകും.

വ്യാപാരികളുടെയും സംരംഭകരുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് സുവിധ പ്ലസ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഒമ്പത് ശതമാനം പലിശക്ക് 60 മാസ കാലയളവിലേക്കാണ് വായ്പ നല്‍കുക. പലിശയില്‍ നാല് ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. തത്വത്തില്‍ അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടി വരുന്നുള്ളൂ. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത്. ആറ് പേര്‍ക്കായി 13,20,000 രൂപ വായ്പയായി ഉദ്ഘാടനച്ചടങ്ങില്‍ വിതരണം ചെയ്തു.


ജനസേവനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് കേരള ബാങ്ക് നടത്തുന്നത്. നടപ്പു വര്‍ഷത്തില്‍ 61.99 കോടി രൂപ ലാഭമുണ്ടാക്കാന്‍ കേരള ബാങ്കിനു സാധിച്ചുവെന്നു മന്ത്രി വാസവന്‍ പറഞ്ഞു. ചടങ്ങില്‍ കേരളാ ബാങ്ക് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണിയും പ്രാദേശിക സഹകരണ സംഘങ്ങള്‍ക്കുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം റജിസ്ട്രാര്‍ പി.ബി. നൂഹും നിര്‍വഹിച്ചു. കേരള ബാങ്ക് റീജണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാര്‍ പങ്കെടുത്തു. കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേഷ് ബാബു സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. വായ്പാ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കോഴിക്കോട്, വയനാട് ജില്ലകളിലെ ശാഖകള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News