പെന്‍ഷന്‍ ഇന്‍സെന്റീവിന് ജി.എസ്.ടി.; സഹകരണ ബാങ്കുകള്‍ക്ക് അധികബാധ്യത
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതിന് പ്രാഥമിക സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവിന് ബാങ്കുകള്‍ ജി.എസ്.ടി. അടക്കണം. ഇതിനായി ഓരോ ബാങ്കുകള്‍ക്കും നോട്ടീസ് ലഭിച്ചുതുടങ്ങി. നിക്ഷേപ-വായ്പ പിരിവുകാരാണ് ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ച് നല്‍കുന്നത്. ഇവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഇന്‍സെന്റീവിനാണ് സംഘങ്ങള്‍ ജി.എസ്.ടി. അടക്കേണ്ടിവരുന്നത്. ഇത് സംഘങ്ങള്‍ക്ക് ബാധ്യതയുണ്ടാക്കുന്നതാണ്.
ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിന് 50 രൂപയാണ് സര്‍ക്കാര്‍ ഇന്‍സെന്റീവ് ആയി അനുവദിച്ചിരുന്നത്. ഇതില്‍ 40 രൂപ തുക വിതരണം ചെയ്യുന്ന നിക്ഷേപ-വായ്പ പിരിവുകാര്‍ക്കും, പത്തുരൂപ സഹകരണ സംഘത്തിനുള്ള കൈകാര്യ ചെലവുമാണ്. ഇന്‍സെന്റീവ് തുക 30 രൂപയായി ഇപ്പോള്‍ സര്‍ക്കാര്‍ കുറച്ചിട്ടുമുണ്ട്. ഇന്‍സെന്റീവ് തുകയുടെ 18 ശതമാനം ജി.എസ്.ടി. ആയി അടക്കണമെന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.
ഇന്‍സെന്റീവായി ലഭിക്കുന്ന 50 രൂപയ്ക്ക് മൊത്തത്തില്‍ സംഘത്തിന്റെ ജി.എസ്.ടി. കണക്കാക്കും. അപ്പോള്‍ 9 രൂപയാണ് ജി.എസ്.ടി. ലഭിക്കുന്നത്. ഇന്‍സെന്റീവ് വിഹിതത്തില്‍ സംഘത്തിന് ലഭിക്കുന്ന പത്തുരൂപയില്‍ നാലുരൂപ അത് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബാക്കി ആറുരൂപയാണ് സംഘത്തിന് ലഭിക്കുന്നത്. അതിന് 9 രൂപയാണ് ജി.എസ്.ടി. അടക്കേണ്ടിവരുന്നത്. നിക്ഷേപ-വായ്പ പിരിവുകാര്‍ക്ക് നല്‍കേണ്ട ഇന്‍സെന്റീവ് വിഹിതം സംഘത്തിന്റെ കണക്കില്‍ വരുന്നതിനാല്‍, അത് മുഴുവന്‍ സംഘത്തിന്റെ വരുമാനമായി കണക്കാക്കേണ്ടിവരുമെന്നാണ് ജി.എസ്.ടി. ചുമത്തുന്നതിന്റെ വിശദീകരണം.
ഇന്‍സെന്റീവ് 2021 നവംബര്‍ മുതലുള്ള തുക കുടിശ്ശികയാണ്. നിക്ഷേപ പിരവുകാര്‍ക്കും ഇത്രയും കാലമായി ഈ തുക കിട്ടിയിട്ടില്ല. കുടിശ്ശിക വിതരണം ചെയ്യാതതന്നെയാണ് തുക വെട്ടിക്കുറക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. 2023 ജനുവരിയിലാണ് ഇന്‍സെന്റീവ് 30 രൂപയാക്കി കുറച്ചത്. വിതരണം ചെയ്യാനുള്ള കുടിശ്ശികയ്ക്ക് മുഴുവന്‍ ഈ നിരക്ക് ബാധകമാക്കുകയും ചെയ്തു. കുറഞ്ഞനിരക്കിലുള്ള തുകയും വിതരണം ചെയ്തിട്ടില്ല. നിക്ഷേപ പിരവുകാര്‍ ഈ കുടിശ്ശികയ്ക്കായി പെടാപ്പാട് ഓടുന്ന ഘട്ടത്തിലാണ് സംഘങ്ങള്‍ ജി.എസ്.ടി. ബാധ്യത കൂടി വരുന്നത്. ലത്തില്‍ ക്ഷേമപെന്‍ഷന്‍ വിതരണം സംഘത്തിന് അധികബാധ്യതയാകുന്ന സ്ഥിതിയാണ്.