പുത്തന്‍ സംരംഭങ്ങള്‍ക്ക് പണം റെഡി
(2020 സെപ്റ്റംബര്‍ ലക്കം)
സ്റ്റാഫ് പ്രതിനിധി
സഹായ പദ്ധതികളുമായി നബാര്‍ഡും എന്‍.സി.ഡി.സി.യും
സഹകരണ മേഖല വഴി കാര്‍ഷിക വളര്‍ച്ച കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഒട്ടേറെ സഹായ പദ്ധതികളുമായി കേന്ദ്ര ഏജന്‍സികള്‍ രംഗത്തുണ്ട്. ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ സംഘങ്ങള്‍ തയാറാകണം
സഹകരണ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് ഉദാരമായ പദ്ധതികളും ഭാവനാത്മകമായ കാഴ്ചപ്പാടുകളുമാണ് കേന്ദ്ര ഏജന്‍സികളായ നബാര്‍ഡും നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനു ( എന്.സി.ഡി.സി ) മെല്ലാം മുന്നോട്ടുവെക്കുന്നത്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും അതിന്റേതായ പങ്കു വഹിക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സഹകരണ മേഖലയിലൂടെ കാര്‍ഷിക വളര്‍ച്ച നേടാനാകണമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതനുസരിച്ച് പദ്ധതി തയാറാക്കി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം ഉറപ്പാക്കാനാണ് നബാര്‍ഡും എന്‍.സി.ഡി.സി.യുമെല്ലാം ശ്രമിക്കുന്നത്.
സംഘങ്ങള്‍ക്ക് നേരിട്ട് സഹായം നല്‍കുന്നതാണ് പദ്ധതികളിലേറെയും. മാത്രവുമല്ല, പരമ്പരാഗത രീതിയില്‍നിന്ന് മാറി നൂതന സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. യുവാക്കളെ സഹകരണ മേഖലയിലേക്ക് കൊണ്ടുവരികയാണ് ഒരു പ്രധാന ലക്ഷ്യമായി സ്വീകരിക്കേണ്ടത് എന്നാണ് എന്‍.സി.ഡി.സി.യുടെ യൂട്യൂബ് ചാനലായ സഹകാര്‍ കോപ്ട്യൂബ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. സഹകരണസംഘങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം സുഗമമാക്കുക എന്നതാണ് ഇതിന്റെ വളര്‍ച്ചയ്ക്കായി സ്വീകരിക്കേണ്ട പ്രധാന തന്ത്രം. യുവാക്കള്‍ക്ക് പുതിയ ജീവിതവും അര്‍പ്പണബോധവും ഉണ്ടാക്കാനുള്ള ഉപാധിയാണ് സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിലൂടെ നടക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
സംഘങ്ങള്‍ മാറണം
സഹകരണ സംഘങ്ങളെ കാലോചിതമായി മാറ്റുകയാണ് കേന്ദ്ര കാഴ്ചപ്പാട് എന്നതാണ് മന്ത്രിയുടെ വാക്കുകളും കേന്ദ്ര പദ്ധതികളുടെ പൊതുസ്വഭാവവും വ്യക്തമാക്കുന്നത്. എട്ടര ലക്ഷം സഹകരണ സംഘങ്ങളാണ് ഇന്ത്യയിലാകെയുള്ളത്. ഇതില്‍ 29 കോടി അംഗങ്ങളുണ്ട്. ഇതിലേറെയും ഗ്രാമീണരും കര്‍ഷകരുമാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഏറ്റവും നല്ല ഏജന്‍സി സഹകരണ സംഘങ്ങളാണ് എന്നതാണ് കേന്ദ്ര കൃഷിമന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതാണ് സഹകരണ സംഘങ്ങള്‍ ധനസഹായം നല്‍കുന്ന കേന്ദ്ര ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുള്ളതും. അംഗങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതിലൂടെ ഗ്രാമീണാഭിവൃദ്ധി കൈവരിക്കാനാകും. ഇതിനുവേണ്ടി സഹകരണ സ്ഥാപനങ്ങളെക്കൂടി ശക്തിപ്പെടുത്തണം. കാര്‍ഷിക- അനുബന്ധ മേഖലയിലെയും ചൂഷണവും വിപണി കിട്ടാതെയുണ്ടാകുന്ന നഷ്ടങ്ങളും കുറയ്ക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയും. കര്‍ഷകന് പരിരക്ഷ നല്‍കുന്ന കവചമാണ് സഹകരണ സംഘങ്ങള്‍ എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
ആത്മ നിര്‍ഭര്‍ ഭാരതിനു കീഴിലായി കാര്‍ഷിക മേഖലയെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികളും പാക്കേജുകളും ജനങ്ങളിലെത്തിക്കാനാവണം. ഇന്ത്യയ്ക്ക് വേണ്ടതെല്ലാം ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ‘ ഒരു രാജ്യം ഒരു കമ്പോളം ‘ എന്ന രീതിയിലേക്ക് മാറുകയും വേണം. ഇതിന് സഹകരണ സംഘങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനാവും. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ അനുബന്ധ മേഖലകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ശക്തിപ്പെടുത്തണം, കാര്‍ഷികമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍, ലഘു ഭക്ഷണ സംരംഭങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പാദന ശൃംഖലകള്‍ എന്നിവയുടെ വികസനവും ഉറപ്പുവരുത്തണം. മീന്‍പിടിത്തം, മൃഗസംരക്ഷണം, തേനീച്ചവളര്‍ത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനും സൂക്ഷിക്കാനുമുള്ള സൗകര്യങ്ങള്‍ നല്‍കാനാകണം. ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമാണ് കേന്ദ്ര കൃഷി മന്ത്രാലയം കേന്ദ്ര ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പദ്ധതിയുണ്ടോ പണം നല്‍കാം
നല്ല പദ്ധതികള്‍ക്ക് പരിധിയില്ലാതെ പണം അനുവദിക്കാനാണ് നബാര്‍ഡിന്റെ തീരുമാനം. ഇതിനനുസരിച്ചുള്ള പദ്ധതികള്‍ നബാര്‍ഡ് പ്രഖ്യാപിച്ചു. ഓരോ റീജിയണല്‍ മാനേജര്‍മാര്‍ക്കുമാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. പദ്ധതി നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖയും നബാര്‍ഡ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇത് പാലിച്ചുകൊണ്ടുള്ള ഏതു പദ്ധതി സഹകരണ സംഘങ്ങള്‍ സമര്‍പ്പിച്ചാലും നബാര്‍ഡിന്റെ ധനസഹായം കിട്ടും. സംസ്ഥാനത്തെ കാര്‍ഷിക-ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് സഹായമാകുന്ന പദ്ധതികളാവണം സമര്‍പ്പിക്കേണ്ടത്. കോവിഡ് രോഗ വ്യാപനവും ലോക്ഡൗണും ഗ്രാമീണ മേഖലയിലുണ്ടാക്കിയ സാമ്പത്തികാഘാതം പരിഹരിക്കാന്‍ കേരളത്തിന് 2500 കോടി രൂപ നേരത്തെ നബാര്‍ഡ് അനുവദിച്ചിരുന്നു. ഇത് കര്‍ഷകര്‍ക്ക് നേരിട്ട് വായ്പയായി നല്‍കാനുള്ളതാണ്. കേരള ബാങ്ക് വഴിയാണ് ഇത് വിതരണം ചെയ്തത്. എന്നാല്‍, കര്‍ഷകര്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ തയാറാവുന്ന സഹകരണ സംഘങ്ങള്‍ക്കാണ് ഇപ്പോള്‍ പണം നല്‍കുന്നത്.
സംസ്ഥാനത്തെ 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ( പ്രാഥമിക സഹകരണ ബാങ്ക് ) ക്കാണ് ഈ പദ്ധതി ഉപയോഗിക്കാന്‍ കഴിയുക. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യവും പശ്ചാത്തല വികസനവും ഒരുക്കുന്നതിന് ഇതുപോലെ പരിധിയില്ലാതെ വായ്പ നല്‍കുന്ന പദ്ധതി ആദ്യമാണ്. കാര്‍ഷിക അനുബന്ധ പദ്ധതികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കുവേണ്ടി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയെല്ലാം തുടങ്ങുന്നതിനുപോലും നബാര്‍ഡ് സഹായം കിട്ടും. ഓരോ സഹകരണ സംഘവും നല്‍കുന്ന വിശദമായ പദ്ധതിരേഖയ്ക്ക് അനുസരിച്ച് കേരള ബാങ്ക് വഴിയാണ് പണം അനുവദിക്കുന്നത്. മൂന്നു ശതമാനം പലിശയ്ക്ക് കേരള ബാങ്കിനും നാലു ശതമാനം പലിശയ്ക്ക് സഹകരണ സംഘങ്ങള്‍ക്കും പണം ലഭിക്കും.
ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ സര്‍ക്കാര്‍ ‘സുഭിക്ഷ കേരളം’ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലെ പദ്ധതിപ്പണം ഉപയോഗിച്ചാണ് 3860 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയില്ലാതെതന്നെ നബാര്‍ഡിന്റെ പുതിയ സഹായ പദ്ധതി ഉപയോഗപ്പെടുത്തി ‘സുഭിക്ഷകേരളം’ നടപ്പാക്കാനാകും. എന്നാല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലൂടെ പ്രാദേശിക വികസനത്തിനായി നടപ്പാക്കുന്ന ഇത്രയും വലിയ പദ്ധതിക്ക് കേരള ബാങ്ക് പോലും പ്രാധാന്യം നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.
നബാര്‍ഡ് പദ്ധതി ഇങ്ങനെ
♦ സഹകരണ സംഘം അവരുടെ പ്രവര്‍ത്തന പരിധിയിലെ ജനങ്ങള്‍ക്ക് സഹായകമാകുന്ന പദ്ധതിയാണ് തയാറാക്കേണ്ടത്.
♦ ഓഫീസ് കെട്ടിട നിര്‍മാണം, ശാഖകളുടെ നവീകരണം എന്നിവയ്‌ക്കൊന്നും ഈ പണം ഉപയോഗിക്കാന്‍ പാടില്ല
♦കുറഞ്ഞത് 50 ലക്ഷം രൂപയുടെയും പരമാവധി എത്രയുമാകാവുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് സഹായം ലഭിക്കും. എന്നാല്‍, പദ്ധതിയുടെ പ്രാധാന്യമനുസരിച്ച് 50 ലക്ഷത്തില്‍ കുറഞ്ഞ പദ്ധതികളേ ആവശ്യമുള്ളുവെങ്കില്‍ പ്രത്യേക പരിഗണന നല്‍കി ഉള്‍പ്പെടുത്തും.
♦ ഏഴു വര്‍ഷമാണ് സംഘത്തിന് ലഭിക്കുന്ന തിരിച്ചടവ് കാലാവധി. ഇത് പരമാവധി രണ്ടു വര്‍ഷം വരെ നീട്ടി നല്‍കാം.
♦ സംഘം നടപ്പാക്കുന്ന പദ്ധതി എന്താണെന്നു വ്യക്തമാക്കുന്ന ഒരു ചെറു കുറിപ്പ് തയാറാക്കി നബാര്‍ഡ് ജില്ലാ മാനേജര്‍, കേരള ബാങ്ക് പ്രതിനി ധികള്‍ എന്നിവര്‍ക്ക് നല്‍കണം. ഇതിന് അംഗീകാരം കിട്ടിയാല്‍ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാം. വലിയ പദ്ധതികളാണെങ്കില്‍ അതു തയാറാക്കാന്‍ നബാര്‍ഡ് സഹായിക്കും.
♦ കര്‍ഷകരും സാധാരണക്കാരുമായ എത്ര പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നു, വിജയസാധ്യത, നടപ്പാക്കാനുള്ള
സഹകരണ സംഘത്തിന്റെ കഴിവ് എന്നിവ പരിശോധിച്ചായിരിക്കും അന്തിമാനുമതി.
എന്തൊക്കെ ഏറ്റെടുക്കാം
പൊതുജനങ്ങള്‍ക്കായി – സൂപ്പര്‍മാര്‍ക്കറ്റ്, നീതി സ്റ്റോര്‍, എല്‍.പി.ജി. ഏജന്‍സി, പെട്രോള്‍ പമ്പ്, മെഡിക്കല്‍ ലാബുകള്‍, ആരോഗ്യ കേന്ദ്രം എന്നിവ. കാര്‍ഷികസേവനത്തിനായി – കാര്‍ഷിക വിളകളുടെ സംഭരണ കേന്ദ്രം, ശീതീകരണ സംഭരണി, ഗതാഗത സൗകര്യം. പാല്‍ ശേഖരണവും പാല്‍ ശീതീകരണവും, പാക്കിങ് യൂണിറ്റുകള്‍, കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍ക്കുമുള്ള പരിശോധനാ യൂണിറ്റുകള്‍.
കാര്‍ഷിക സംസ്‌കരണത്തിനായി – സോര്‍ട്ടിങ് ആന്‍ഡ് ഗ്രേഡിങ് യൂണിറ്റ്, വാക്‌സിങ്-പോളീഷിങ് യൂണിറ്റ്, പാക്കേജ് യൂണിറ്റ്, പൗള്‍ട്രി ഡ്രസ്സിങ് യൂണിറ്റ്, മൂല്യവര്‍ധിത ഉല്‍പ്പാദന സംരംഭം, നാളികേര സംസ്‌കരണ യൂണിറ്റ്, അരി മില്‍, അഗ്രോ-പ്രൊസസിങ് യൂണിറ്റ്.
അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്ററിന് – മണ്ണ്-ജല പരിശോധന ലാബ്, പരിശീലന കേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കല്‍.
എന്‍.സി.ഡി.സി.യുടെ സഹകരണ സ്റ്റാര്‍ട്ടപ്
ഓരോ സംസ്ഥാനത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുള്ള പദ്ധതികളാണ് എന്‍.സി.ഡി.സി. തയാറാക്കിയിട്ടുള്ളത്. ഇതിനു പുറമെ, രാജ്യത്താകെ നടപ്പാക്കുന്ന പൊതു പദ്ധതികളുമുണ്ട്. ‘ മധുര വിപ്ലവം ‘ നടപ്പാക്കാന്‍ തേനീച്ചക്കൃഷിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് രാജ്യത്താകെയാണ്. കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജനം നല്‍കാനുള്ള പദ്ധതികളാണ് മാറ്റൊന്ന്. ഇതില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമവും എന്‍.സി.ഡി.സി. നടത്തുന്നുണ്ട്. യുവാക്കള്‍ക്ക് സഹകരണ മേഖലയില്‍ പങ്കാളിത്തവും ജോലി സാധ്യതയും ഉറപ്പാക്കണമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘സഹകരണ സ്റ്റാര്‍ട്ടപ്പ്’ പദ്ധതിയുമായി എന്‍.സി.ഡി.സി. മുന്നിട്ടിറങ്ങിയത്. നൂതന ആശയങ്ങളും വിപണി കീഴടക്കുന്ന കാഴ്ചപ്പാടുമുള്ള യുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാം. ഇതിനുള്ള ധനസഹായം എന്‍.സി.ഡി.സി. നല്‍കും. 35 ശതമാനം വരെ സബ്‌സിഡിയും നല്‍കുന്നുണ്ട്.
ഓരോ സംസ്ഥാനത്തെയും സഹകരണ നിയമമനുസരിച്ച് സഹകരണ സംഘങ്ങളായാണ് സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിന് പ്രയോഗിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്ന വിലയിരുത്തലും എന്‍.സി.ഡി.സി. നടത്തിയിട്ടുണ്ട്. വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ട 25 അംഗങ്ങളാണ് കേരളത്തില്‍ ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടത്. ഈ ഘടന പാലിച്ച് ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇത് പരിഹരിക്കാന്‍ ഏതെങ്കിലും സഹകരണ സംഘത്തിനു കീഴില്‍ സ്വാശ്രയ ഗ്രൂപ്പ് രൂപവത്കരിച്ച് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാമെന്നാണ് എന്‍.സി.ഡി.സി. നിര്‍ദേശിക്കുന്നത്.
സഹകാര്‍ മിത്ര, യുവ സഹകാര്‍
സഹകാര്‍ മിത്ര എന്ന പേരില്‍ പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കാന്‍ എന്‍.ഡി.ഡി.സി. പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനു പുറമെയാണ് യുവ സഹകാര്‍ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നത്. സഹകരണ സംഘങ്ങളുടെ മേല്‍നോട്ടത്തില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) രൂപവത്കരിച്ച് കര്‍ഷക കൂട്ടായ്മകളുണ്ടാക്കാനും എന്‍.സി.ഡി.സി. ധനസഹായം നല്‍കുന്നുണ്ട്. അഞ്ചു കൊല്ലംകൊണ്ട് പതിനായിരം എഫ്.പി.ഒ. കള്‍ രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യം. യുവാക്കളെ സഹകരണ മേലയിലെത്തിക്കുകയാണ് ഈ പദ്ധതികളിലെല്ലാം പൊതുവെ സ്വീകരിച്ചിട്ടുള്ള സമീപനം. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിന് അനുസരിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപവത്കരിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇതില്‍തന്നെ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇത് ജനങ്ങളിലെത്തിക്കാനാണ് ‘സഹകാര്‍ കോപ്ട്യൂബ്’ എന്ന പേരില്‍ എന്‍.സി.ഡി.സി. ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതടക്കമുള്ള വിഷയങ്ങള്‍ മലയാളം ഉള്‍പ്പടെ 18 പ്രദേശിക ഭാഷയില്‍ ഇതില്‍ അവതരിപ്പിക്കും.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 28,000 കോടി രൂപയാണ് എന്‍.സി.ഡി.സി. സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളിലാണ് എന്‍.സി.ഡി.സി.യുടെ വായ്പാ പദ്ധതി സഹകരണ മേഖലയ്ക്ക് ഇത്രയും സഹായകമാകുന്ന സ്ഥിതിയുണ്ടായത്. മൊത്തം ധനസഹായത്തിന്റെ 83 ശതമാനവും ഈ ആറു വര്‍ഷത്തിനുള്ളിലാണ് വിതരണം ചെയ്തത്. 1963 ല്‍ ആരംഭിച്ച എന്‍.സി.ഡി.സി. അക്കൊല്ലം 2.36 കോടി രൂപയാണ് അനുവദിച്ചത്. ഇതുവരെയായി 1,54,000 കോടി രൂപ എന്‍.സി.ഡി.സി. വിതരണം ചെയ്തുകഴിഞ്ഞു. ഒരു സഹകരണ സംഘത്തിന്റെ കീഴില്‍ ചെറു സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായവും എന്‍.സി.ഡി.സി. നല്‍കുന്നുണ്ട്. സഹകരണ വിദ്യാഭ്യാസവും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളുമാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. ലക്ഷ്മണ്‍ റാവു ഇനാംദാറിന്റെ പേരിലുള്ള സഹകരണ അക്കാദമിയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.