പി.രാഘവന്റെ ജീവിതം സഹകരണ മേഖലയ്ക്ക് ഒരു പാഠമാണ്

Deepthi Vipin lal

സഹകരണ മേഖലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സഹകാരിക്ക്, അദ്ദേഹം സ്ഥാപിച്ച സംഘത്തില്‍നിന്നുതന്നെ ജപ്തിനോട്ടീസ് വരുന്ന ഒരു രംഗമോര്‍ത്തുനോക്കൂ. അതില്‍ രണ്ടുകാര്യങ്ങള്‍ ബോധ്യപ്പെടും. സഹകരണ സംഘമെന്നാല്‍ അത് സ്ഥാപിക്കാന്‍ ഓടിനടന്ന ആള്‍ക്ക് പോലും മേധാവിത്തവും സ്വാര്‍ത്ഥ താല്‍പര്യവും സ്ഥാപിക്കാന്‍ കഴിയാത്ത ജനകീയ സ്ഥാപനമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഒന്നാമത്തേത്. ഇത്തരം ജനകീയ സ്ഥാപനം രൂപപ്പെടുത്തിയെടുക്കാന്‍ പെടാപ്പാടുമായി ഓടിയ ഒരു സഹകാരിക്ക് അവസാനകാലം ബാക്കിവെക്കുന്നത് ഇത്തരം ദുര്യോഗമാണെന്ന പാഠമാണെന്ന രണ്ടാമത്തേത്. കാസര്‍ക്കോട്ടെ പി.രാഘവന്‍ എന്ന നിസ്വാര്‍ത്ഥനായ സഹകാരിയുടെ ജീവിതം നമ്മളെ ഓര്‍മ്മപ്പെടുത്തത്, ഈ രണ്ടാമത്തെ പാഠമാണ്.

നൂറിലേറെ സഹകരണ സ്ഥാപനങ്ങളുടെ പിറവിക്കും വളര്‍ച്ചയ്ക്കുവേണ്ടി ഓടിനടന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് പി.രാഘവന്‍. സി.പി.എം. കാസര്‍ക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എ.യുമായിരുന്നു. ബാങ്കുകള്‍, ഹോട്ടലുകള്‍, പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍, കോളേജ് എന്നിങ്ങനെ സഹകരണ മേഖലയില്‍ രാഘവന്‍ പണിതുര്‍ത്തിയ സ്ഥാപനങ്ങള്‍ ഇന്നും കാസര്‍ക്കോട് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കാസര്‍ക്കോട് മുന്നാട് പിപ്പിള്‍സ് കോളേജ്കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മികച്ച കോളേജായി വളര്‍ത്തിയത് പി.രാഘവനാണ്. ‘മുന്നാട് രാഘവേട്ടന്‍’ എന്ന വിളിപ്പേരിന് പോലും ഈ ശ്രമം കാരണമായിട്ടുണ്ട്. 1500 ലേറെ വിദ്യാര്‍ഥികള്‍ ഡിഗ്രി, പി.ജി. കോഴ്‌സുകളില്‍ പഠിക്കുന്നു. ചെങ്കള വിവേകാനന്ദ കോളേജ്, ബദിയഡുക്ക സഹകരണ കോളേജ് എന്നിവയും രാഘവന്‍ പ്രസിഡന്റായ എജ്യുക്കേഷന്‍ സൊസൈറ്റിയുടേതാണ്. മുന്നാട്ടെ സഹകരണ പരിശീലനകേന്ദ്രം (ജെ.ഡി.സി. കോഴ്‌സ്) സ്ഥാപിച്ചത് രാഘവന്‍ സംസ്ഥാന സഹകരണ യൂണിയന്‍ എക്‌സിക്യുട്ടീവ് അംഗമായിരിക്കെയാണ്.

 

ജുലായ് അഞ്ചിനാണ് അദ്ദേഹം നമ്മളില്‍നിന്ന് വിട്ടുപോകുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു നോട്ടീസ് ബന്ധുക്കളെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥാപിച്ച, അദ്ദേഹം ആദ്യ പ്രസിഡന്റായി വളര്‍ത്തിയ സഹകരണ ബാങ്കിന്റേതാണ്. എടുത്ത വായ്പയുടെ കുടിശ്ശിക തീര്‍ക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. പി.രാഘവന്‍ സഹകരണ മേഖലയ്ക്കുവേണ്ടി ചെയ്തത്, ഒരു സ്വകാര്യ കമ്പനിക്കുവേണ്ടിയായിരുന്നെങ്കില്‍ അദ്ദേഹം ലക്ഷങ്ങളുടെ ആസ്തിയുണ്ടാക്കിയേനേ. നാട്ടിലെ ഓരോ ആവശ്യങ്ങള്‍ക്കുമായി സഹകരണ സംഘങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഓടിനടക്കുന്ന ഒരു സഹകാരിക്ക് ഈ മേഖല തിരിച്ചുനല്‍കുന്നത് എന്താണെന്ന ചോദ്യം പ്രസക്തമാകുന്നത്, പി. രാഘവന്റെ ജീവിതാനുഭവം കൊണ്ട് കൂടിയാണ്.

പ്രസിഡന്റിനും വേണം ശമ്പളം

പ്രസിഡന്റ് എന്നത് തസ്തികയുടെ ഭാഗമാക്കണമെന്നത് ‘മൂന്നാംവഴി മാസിക’ മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ്. ആ തസ്തിക ശമ്പള ഘടനയുടെ ഭാഗമാക്കണം. പ്രസിഡന്റ് എന്നത് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്ന നിലയിലേക്ക് മാറ്റണം. ‘സഹകാരികള്‍ക്കും വേണം ശമ്പളഘടന’ എന്ന ലേഖനത്തിലൂടെ ് ഇത് കാലഘട്ടത്തിന് അനുസരിച്ച മാറ്റമാണ്. പി.രാഘവന്റെ ജീവിതാവസ്ഥ അത് സഹകാരികളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

എട്ടുവര്‍ഷം മുമ്പ് പുതുക്കിയതാണ് സഹകാരികള്‍ക്കുള്ള ഹോണറേറിയം. 2014 ആഗസ്റ്റിലാണ് ഒടുവില്‍ സഹകരണ സ്ഥാപനങ്ങളിലെ ഹോണറേറിയം പുതുക്കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ ദിനബത്ത, യാത്രബത്ത, സിറ്റിങ് ഫീസ് എന്നിവയാണ് പുതുക്കിയത്. ഇതനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകളായ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലെ പ്രസിഡന്റിന്റെ ഹോണറേറിയം കുറഞ്ഞത് 3000 രൂപയും കൂടിയത് 12,000 രൂപയുമാണ്. സൂപ്പര്‍ഗ്രേഡ് ബാങ്കുകള്‍ക്കാണ് ഉയര്‍ന്ന ഹോണറേറിയം ലഭിക്കുന്നത്. ദിനബത്ത 300-400 രൂപയാണ്. സിറ്റിങ് ഫീസ് 250- 600 രൂപയാണ്.

ഒരു സ്ഥാപനത്തിന് വേണ്ടി മുഴുവന്‍സമയവും ഓടുന്ന ഒരാളുടെ അധ്വാനത്തിന് നമ്മള്‍ നിശ്ചയിച്ചിരിക്കുന്ന വേതനമാണിത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് സഹകരണ മേഖലയിലെ പ്രവര്‍ത്തനവും എന്നതാണ് വാദം. 24 മണിക്കൂറും സഹകരണ സംഘത്തിന് വേണ്ടി ഓടുന്ന ഈ പൊതുപ്രവര്‍ത്തകന് കുടുംബം പുലര്‍ത്താന്‍ എന്താണ് വഴിയെന്ന് ഉത്തരമില്ല. എന്നിട്ട്, പുതുതലമുറയില്‍നിന്നാരും സഹകാരികളാകുന്നില്ലെന്ന് നമ്മള്‍ പരിഭവിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News