പാലക്കാട് സങ്കടപ്പാലാഴിയായി

Deepthi Vipin lal

– അനില്‍ വള്ളിക്കാട്

കോവിഡിനെത്തുടര്‍ന്നുള്ള രണ്ടാം അടച്ചിടലില്‍ പാലക്കാട്ടെ ക്ഷീരമേഖല കണ്ണീരണിഞ്ഞു നില്‍ക്കുകയാണ്. മെയ് പകുതി പിന്നിട്ടപ്പോള്‍ മലബാര്‍ മേഖലയിലെ പാല്‍സംഭരണ കാര്യത്തില്‍ അറുപതു ശതമാനമെന്ന വെട്ടിക്കുറവ് വരുത്തിക്കൊണ്ട് മില്‍മ തീരുമാനമെടുത്തപ്പോള്‍ പിളര്‍ന്നുപോയത് കേരളത്തിലെ മികച്ച പാലുല്‍പ്പാദന ജില്ലയായ പാലക്കാട്ടെ ക്ഷീരകര്‍ഷകരുടെ നെഞ്ചകമാണ്. അടച്ചിടലിന്റെ ദുരിതത്തില്‍ പാലിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞപ്പോഴാണ് മില്‍മ സംഭരണം വെട്ടിക്കുറച്ചത്. ക്ഷീരസംഘങ്ങളുടെ പ്രാദേശിക വില്‍പ്പനയും കുറഞ്ഞു. അതോടെ പാല്‍ സംഭരണത്തില്‍ സംഘങ്ങളും നിയന്ത്രണം വരുത്തി. വൈകുന്നേരത്തെ പാലളവ് നിര്‍ത്തി. കര്‍ഷകര്‍ക്ക് പാല്‍ കറന്നെടുക്കാതെ വയ്യ. വില്‍ക്കാനാവാതെ വന്നത് ചിലര്‍ വെറുതെ കൊടുത്തു. ചിലര്‍ ഒഴുക്കിക്കളഞ്ഞു. മഹാമാരിയില്‍ ക്ഷീരകര്‍ഷകര്‍ ദുരിതത്തിന്റെ പാല്‍പ്പുഴയില്‍.

പാലക്കാട് ജില്ലയില്‍ 300 ക്ഷീരസംഘങ്ങളിലൂടെയാണ് കാല്‍ ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ പാല്‍ നല്‍കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ജില്ലയില്‍ പ്രതിദിനം 3.20 ലക്ഷം ലിറ്റര്‍ പാലാണ് പ്രാഥമിക സംഘങ്ങളില്‍ സംഭരിക്കുന്നത്. സംഘങ്ങളുടെ പ്രാദേശിക വില്‍പ്പന കഴിഞ്ഞുള്ള 2.71 ലിറ്റര്‍ പാല്‍ മില്‍മ മെയ് ആദ്യ പകുതിയില്‍ സംഭരിച്ചിരുന്നു. എന്നാല്‍, നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇതില്‍ 1.33 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിന സംഭരണത്തില്‍ കുറവ് വന്നു. ഇതാണ് കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇത് തുടരുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രതിദിന നഷ്ടം 65 ലക്ഷം രൂപയാണ്.

കഴിഞ്ഞ വര്‍ഷം സമ്പൂര്‍ണ അടച്ചിടലില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ കൂടുതല്‍ പേര്‍ ഈ മേഖലയില്‍ എത്തി. ഇത് ജില്ലയില്‍ ക്ഷീരകര്‍ഷകരുടെ എണ്ണം കൂട്ടി. ഏപ്രില്‍ പകുതിയില്‍ ജില്ലയിലെ പ്രതിദിന പാല്‍ സംഭരണം 2.23 ലിറ്ററായിരുന്നു. വേനല്‍ക്കാലത്ത് ലഭിച്ച അധിക മഴയില്‍ പച്ചപ്പുല്ല് കൂടുതല്‍ കിട്ടിയതോടെ പാലുല്‍പ്പാദനം 48,000 ലിറ്റര്‍ കൂടി. അതോടെ, സംഭരണ നിയന്ത്രണം കൂടുതല്‍ ആഘാതത്തിനുമിടയാക്കി.

മെയ് തുടക്കത്തില്‍ റംസാന്‍ വ്രതവുമായി ബന്ധപ്പെട്ടു സംഘങ്ങളുടെ പ്രാദേശിക വില്‍പ്പന കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ മില്‍മയിലേക്കുള്ള പാലളവിലും കുറവുണ്ടായി. ഈ ദിവസങ്ങളിലെ പാലളവ് മാനദണ്ഡമാക്കിയാണ് നിയന്ത്രണം കൊണ്ടുവന്നത്. കൂടുതല്‍ പാല്‍ സംഭരിക്കുന്നതും പ്രാദേശിക വില്‍പ്പന കൂടുതലുള്ളതുമായ സംഘങ്ങളാണ് പുതിയ പരിധിമൂലം കര്‍ഷകരുടെ പാല്‍ സംഭരിക്കാന്‍ കഴിയാതെ കൂടുതല്‍ പ്രയാസത്തിലായത്. അതോടെ വൈകുന്നേരത്തെ സംഭരണം അവര്‍ വേണ്ടെന്നുവെച്ചു.

 

മുഖ്യമന്ത്രി ഇടപെടുന്നു

സംഭവത്തിലെ അതിഗൗരവം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി അടുത്ത ദിവസംതന്നെ പാല്‍പ്രതിസന്ധിയില്‍ ഇടപെട്ടു. കോവിഡ് കരുതല്‍ ചികിത്സാകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വരുന്ന പാല്‍ സംഭരിച്ചു വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മില്‍മ അവരുടെ സംഭരണ പരിധിയില്‍ നേരിയ വര്‍ധന വരുത്തി 80 ശതമാനമായി ഉയര്‍ത്തി. എന്നിട്ടും പ്രതിസന്ധി തീരുന്നില്ല. വൈകുന്നേരത്തെ സംഭരണം സംഘങ്ങള്‍ക്ക് പുനഃസ്ഥാപിക്കാനാവുന്നില്ല.തദ്ദേശ സ്ഥാപനങ്ങള്‍ വഴി കോവിഡ് ചികിത്സാ രംഗത്തേക്ക് കൂടുതല്‍ പാല്‍ എത്തിച്ചുകൊണ്ട് പ്രശ്‌നം മറികടക്കാനുള്ള ശ്രമത്തിലാണ് ക്ഷീരവികസനവകുപ്പ്.

പോംവഴി പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പാദനം കൂടുമ്പോള്‍ പാലുല്‍പ്പന്നങ്ങള്‍ അധികമുണ്ടാക്കുക എന്നതുതന്നെയാണ് പ്രധാന പോംവഴി. മിച്ചമുള്ള പാല്‍ തമിഴ്‌നാട്, കര്‍ണാടക യൂണിയനുകളുടെ ഫാക്ടറികളിലെത്തിച്ച് പാല്‍പ്പൊടിയാക്കുകയാണ് മലബാര്‍ മേഖല ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയ്യുന്നത്. എന്നാല്‍, പാല്‍ പൊടിയാക്കി മാറ്റുമ്പോള്‍ യൂണിയന് നഷ്ടമുണ്ടാകുന്നുണ്ട്. ഒരു കിലോ ഗ്രാം പാല്‍ പൊടിയാക്കി മാറ്റുന്നതിന് 350 രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ പാല്‍പൊടിക്ക് വിപണിവില 180 രൂപയും. മില്‍മ മലപ്പുറത്ത് ആരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മാണശാല പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് സൂചന.

മഹാമാരി തുടര്‍ന്നുകൊണ്ടേയിരിക്കുന്നത് മില്‍മയുടെ പാലുല്‍പ്പന്നങ്ങളുടെ വിപണിയും ഇടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റില്‍ പാല്‍പ്പൊടിയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിഹാരമാര്‍ഗമായി ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.

പാല്‍ സംഭരണത്തിലും വിപണനത്തിലും ഒതുങ്ങാതെ സംഘങ്ങള്‍ പാലുല്‍പ്പന്ന നിര്‍മാണത്തിലേക്കും കടക്കണമെന്ന ആശയം ക്ഷീരവികസനവകുപ്പ് മുന്നോട്ടു വെച്ചിരുന്നു. വിദഗ്ധ പരിശീലനം നല്‍കി യുവജനങ്ങളെ പാലുല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ പര്യാപ്തമാക്കുന്നതിനു ആലോചനയുമുണ്ട്. ഈ പദ്ധതി വേഗത്തില്‍ നടപ്പാക്കി സംഘങ്ങള്‍ക്കുതന്നെ വിപണിയുടെ വേഗവും വ്യാപ്തിയും കണ്ടെത്താന്‍ കരുത്തുണ്ടാക്കുക എന്നതാണ് അടിയന്തരമാര്‍ഗം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ഷീര രംഗത്തുണ്ടായ വന്‍ കുതിച്ചുചാട്ടത്തിനൊപ്പം അതിന്റെ വിപണിസാധ്യത ഉയര്‍ത്താന്‍ കാര്യമായ ശ്രമങ്ങള്‍ നടത്താതിരുന്നതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണം.

‘തനിമ’ യുള്ള സന്തോഷം

പാലക്കാട് അകത്തേത്തറ ക്ഷീരവ്യവസായ സഹകരണ സംഘത്തിന് കീഴിലെ നാനൂറോളം ക്ഷീരകര്‍ഷകര്‍ രണ്ടാം അടച്ചിടല്‍കാലത്തും സന്തോഷത്തിലാണ്. 4600 ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിക്കുന്നതില്‍ സംഘം ഒരു കുറവും വരുത്തിയിട്ടില്ല. മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിലായാണ് സംഘത്തിന് കീഴിലെ ക്ഷീരകര്‍ഷകരുള്ളത്. സംഘത്തിന് സ്വന്തമായി ഡെയറി പ്ലാന്റുണ്ട്. ഇവിടെ നിന്നു കവറുകളിലാക്കി ‘തനിമ’ എന്ന പേരില്‍ പാല്‍ വിപണിയിലിറക്കുന്നു. തൈര്, നെയ്യ് എന്നിവയും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വീടുകളിലും സ്്കൂള്‍, ഹോസ്റ്റല്‍, ഹോട്ടല്‍ എന്നിവിടങ്ങളിലും നേരത്തെതന്നെ ‘തനിമ’ കയറിപ്പറ്റിയിരുന്നു. പ്രാദേശിക വിപണി നേരത്തെതന്നെ സംഘം ഉറപ്പാക്കിയത് അടച്ചിടല്‍ കാലത്ത് വലിയ രക്ഷയായി. ഇവിടെ ക്ഷീരകഷകര്‍ക്ക് കണ്ണീരില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News