പാലക്കാട്ടും കുട്ടനാട്ടിലും സഹകരണ അരിമില്ലുകള്‍ തുടങ്ങും – മന്ത്രി വാസവന്‍
പാലക്കാട്ടും കുട്ടനാട്ടിലുമുള്ള നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹകരണ മേഖലയില്‍ മൂന്നു അരിമില്ലുകള്‍ തുടങ്ങുമെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
നെല്ല്് ന്യായവിലയ്ക്കു സംഭരിച്ച് മില്ലില്‍ നിന്നു കുത്തരിയാക്കി വിപണിയിലിറക്കാനാണ് പരിപാടി. പാലക്കാട്ടെ അരിമില്ലിന്റെ പണി തുടങ്ങിക്കഴിഞ്ഞു. 28 സഹകരണ ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്ടില്‍ രണ്ടു മില്ലുകളാണ് വരാന്‍ പോകുന്നത്. ഇവിടെയും സഹകരണ മേഖലയായിരിക്കും നെല്ലിന്റെ സംഭരണവും വിതരണവും ഏറ്റെടുക്കുക – മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ശനിയാഴ്ച അന്താരാഷ്ട്ര സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വാസവന്‍. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി 2020 ലെ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എം.എല്‍.എ, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് , അഡീഷണല്‍ രജിസ്ട്രാര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
യുവാക്കളുടെ സഹകരണ സംരംഭങ്ങള്‍
18 – 45 പ്രായപരിധിയില്‍പ്പെട്ട യുവാക്കള്‍ക്കളുടെ 25 സഹകരണ സംഘങ്ങള്‍ രണ്ടു മാസത്തിനകം തുടങ്ങുമെന്നു മന്ത്രി വാസവന്‍ അറിയിച്ചു. പുതിയ തൊഴില്‍ സംരംഭങ്ങളായിട്ടായിരിക്കും ഇവ തുടങ്ങുക. എല്ലാ രംഗത്തും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനായി സംസ്ഥാനാടിസ്ഥാനത്തില്‍ സഹകരണ സംഘം തുടങ്ങും. ഇതിന്റെ ബൈലോ തയാറായിക്കഴിഞ്ഞു. രണ്ടു മാസത്തിനകം സംഘം രജിസ്റ്റര്‍ ചെയ്യും. സംസ്ഥാനത്ത് നിര്‍ജീവമായിക്കിടക്കുന്ന എസ്. സി / എസ്.ടി. സഹകരണ സംഘങ്ങളും വനിതാ സംഘങ്ങളും പുനരുജ്ജീവിപ്പിക്കും. കൃഷി വകുപ്പുമായി ചേര്‍ന്നു കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണനം നടത്തും. ഇതിനായി ഗോഡൗണുകള്‍ സ്ഥാപിക്കും. ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാന്‍ ശീതീകരിച്ച വാഹനങ്ങള്‍ തയാറാക്കും.
സഹകരണം ബൃഹത്തായ പ്രസ്ഥാനം
ഒരുപക്ഷേ, ലോകത്ത് ഇത്രയധികം ജനങ്ങള്‍ ഒരുമിച്ചു ഏറ്റെടുക്കുന്ന മറ്റൊരു ദിനമുണ്ടോ എന്ന കാര്യം സംശയമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. മുപ്പതു ലക്ഷം സഹകരണ സംഘങ്ങളും നൂറു കോടി സഹകാരികളും ലോകത്തുണ്ട് എന്നാണു കണക്ക്. ഈ സഹകാരികളെല്ലാം ചേര്‍ന്നു ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് ചരിത്രപരമായ വലിയൊരു ദൗത്യം ഏറ്റെടുത്തു മുന്നോട്ടു വരുമ്പോള്‍ ലോകത്തിന്റെ മുന്നില്‍ വലിയൊരു സന്ദേശം ഉയരുകയാണ്. സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണത്. ചൂഷണാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയുടെ സ്ഥാനത്ത് വര്‍ഗ, വര്‍ണരഹിതവും ചൂഷണമുക്തവുമായ സാമ്പത്തിക, സാമൂഹിക നീതി ഉറപ്പാക്കുക എന്ന സന്ദേശമാണത്. നവംബര്‍ 14 നു സഹകരണ വാരാഘോഷത്തിനു തുടക്കം കുറിക്കുമ്പോള്‍ മഹാനായ നെഹ്‌റുവിന്റെ സഹകരണ കാഴ്ചപ്പാടും ഈ രംഗത്തെ സംഭാവനയും അദ്ദേഹം തുടക്കമിട്ട പ്രവര്‍ത്തന ശൈലിയുമാണ് നമ്മള്‍ ഓര്‍ത്തെടുക്കുന്നത്.
കേരളത്തില്‍ ജനജീവിതത്തിന്റെ സമസ്ത മേഖലയിലും ഇടപെടുന്ന പ്രസ്ഥാനമായി സഹകരണ മേഖല വളര്‍ന്നുകഴിഞ്ഞു. ജനങ്ങള്‍ക്ക് എപ്പോഴും സഹായഹസ്തവുമായി സഹകരണ മേഖല ഓടിയെത്തുന്നു. കേരളീയ സമൂഹം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ പ്രസ്ഥാനം. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപം 2.75 ലക്ഷം കോടി രൂപയാണ്. അതിനിയും ഉയരും.
കേരള ബാങ്ക് കേരളീയന്റെ ബാങ്ക്
കേരള ബാങ്ക് വന്നതോടെ കേരളത്തിനു പ്രത്യേക ഉണര്‍വുണ്ടായിട്ടുണ്ട്. കേരള ബാങ്ക് കേരളത്തിന്റേതാണ്. കേരളീയന്റേതാണ്. ദേശസാല്‍ക്കൃത ബാങ്കുകളും കമേഴ്‌സ്യല്‍ ബാങ്കുകളും നമ്മുടെ നിക്ഷേപം സ്വീകരിച്ച് അതില്‍ നല്ലൊരു ഭാഗം വടക്കേയിന്ത്യയിലെ കുത്തകക്കാര്‍ക്ക് വായ്പയായും ഓവര്‍ ഡ്രാഫ്റ്റായും കൊടുക്കുകയാണ്. എന്നാല്‍, കേരള ബാങ്കിലെ മുഴുവന്‍ നിക്ഷേപവും കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഉയര്‍ച്ചക്കുവേണ്ടി വിനിയോഗിക്കുകയാണ് ചെയ്യുന്നത്. കേരള ബാങ്ക് കേരളത്തിന്റേത് എന്ന മുദ്രാവാക്യമുയര്‍ത്തി ബാങ്കിങ് മേഖലയില്‍ ഇന്നു ബാങ്ക്‌ദേശസാല്‍ക്കൃത കാലത്തെ ഓര്‍മിപ്പിക്കുന്ന സേവനമാണ് കേരള ബാങ്ക് നല്‍കുന്നത്.
സഹകരണ മേഖലയെ തകര്‍ക്കാന്‍ ആഗോള ഭീമന്മാര്‍ ഇന്നു നമ്മുടെ രാജ്യത്തിനു മുകളില്‍ കഴുകനെപ്പോലെ വട്ടമിട്ടു പറക്കുകയാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നമ്മള്‍ കൂട്ടായി നേരിടണം – അദ്ദേഹം ആവശ്യപ്പെട്ടു.