പാപ്പിനിവട്ടം സഹകരണ ബാങ്കിനു ദേശീയ പുരസ്‌കാരം

Deepthi Vipin lal

തൃശ്ശൂര്‍ ജില്ലയിലെ പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കുള്‍പ്പെടെ 23 സഹകരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണു പുരസ്‌കാരങ്ങള്‍ നല്‍കിയത്. തൃശ്ശൂര്‍ മതിലകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാപ്പിനിവട്ടം സഹകരണ ബാങ്കില്‍ 35000 അംഗങ്ങളുണ്ട്.

സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ ബാങ്കുകള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ജില്ലാ ബാങ്കുകളില്‍ ഒരു ദശകത്തിലെ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡുകള്‍ നേടിയതു അഹമ്മദാബാദ്, കരീംനഗര്‍, സത്താറ, കൃഷ്ണ ജില്ലാ ബാങ്കുകളാണ്. വിവിധ വിഭാഗങ്ങളിലായി കൂടുതല്‍ അവാര്‍ഡുകള്‍ നേടിയതു ദക്ഷിണേന്ത്യയില്‍ നിന്നുള്ള സംഘങ്ങളാണ്. നൂറു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഏതാനും സഹകരണ സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു. തമിഴ്നാട്, ബിഹാര്‍, ഡല്‍ഹി, കര്‍ണാടക സംസ്ഥാന സഹകരണ ബാങ്കുകളും സേലം, അകോല-വാഷിം, തിരുച്ചിറപ്പള്ളി ജില്ലാ ബാങ്കുകളും വിജയപുര കെ.കെ. ബസാര്‍ പ്രാഥമിക സഹകരണ സംഘവും ഇവയില്‍പ്പെടും.

രാജ്യത്താകെ എട്ടര ലക്ഷം സഹകരണ സംഘങ്ങളാണുള്ളതെന്നു ചടങ്ങില്‍ സംസാരിക്കവേ മന്ത്രി അമിത് ഷാ അറിയിച്ചു. ഇവയില്‍ 1.78 ലക്ഷം വിവിധയിനം വായ്പാ സംഘങ്ങളാണ്. കാര്‍ഷിക വായ്പാരംഗത്തു 34 സംസ്ഥാന സഹകരണ ബാങ്കുകളുണ്ട്. ഇവയ്ക്കു രണ്ടായിരം ബ്രാഞ്ചുകളുണ്ട്. ജില്ലാ ബാങ്കുകള്‍ 351 ആണ്. ഇവയ്ക്കു 14,000 ശാഖകളുണ്ട്. 95,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും രാജ്യത്തുണ്ട്.

Leave a Reply

Your email address will not be published.