പഠനോപകരണങ്ങള്‍ വിലകുറച്ച് നല്‍കുന്ന പദ്ധതിയുമായി സഹകരണ വകുപ്പ്
അടുത്ത സ്‌കൂള്‍ അദ്ധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് വിലകുറച്ച് ലഭ്യമാക്കാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നല്‍കി. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ചര്‍ച്ച നടത്തി. കണ്‍സ്യൂമര്‍ഫെഡ്, സ്‌കൂള്‍ സഹകരണ സംഘങ്ങള്‍, പി.ടി.എ എന്നിവരിലൂടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് സഹകരണ മന്ത്രി പറഞ്ഞു.
വിജയകരമായി നടന്നുവരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ‘സ്‌കൂള്‍ വിപണി പദ്ധതി’ വിദ്യാലങ്ങളിലേക്ക് കൂടി എത്തിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഗുണമേന്മയുള്ള 700 ഇനം പഠനോപകരണങ്ങളാണ് ഇതിലൂടെ ലഭിക്കുക. കണ്‍സ്യൂമര്‍ഫെഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സ്‌കൂള്‍ മാര്‍ക്കറ്റ് വഴി ലഭിക്കും. സഹകരണ വകുപ്പിന്റെയും, പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.