പങ്കജ് കുമാര്‍ ബന്‍സാല്‍ ദേശീയ കയറ്റുമതി സഹകരണസംഘം ചെയര്‍മാന്‍
ദേശീയതലത്തില്‍ പുതുതായി രൂപവത്കരിച്ചിട്ടുള്ള മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സഹകരണസംഘം ചെയര്‍മാനായി ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) മാനേജിങ് ഡയറക്ടറായ പങ്കജ് കുമാര്‍ ബന്‍സാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന സഹകരണസംഘത്തിന്റെ ആദ്യത്തെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ഇഫ്‌കോ, ജി.സി.എം.എം.എഫ്, ക്രിഭ്‌കോ, നാഫെഡ്, എന്‍.സി.ഡി.സി. എന്നീ സഹകരണസ്ഥാപനങ്ങള്‍ ഈ പ്രോജക്ടിന്റെ ഭാഗമാണ്. ഇഫ്‌കോയുടെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ രാകേഷ് കപൂര്‍, ജി.സി.എം.എം.എഫ് ചെയര്‍മാന്‍ ഷാമല്‍ഭായ് പട്ടേല്‍, ക്രിഭ്‌കോ ചെയര്‍മാന്‍ ചന്ദ്രപാല്‍ സിങ് യാദവ്, നാഫെഡ് ചെയര്‍മാന്‍ ബിജേന്ദ്ര സിങ്, എന്‍.സി.ഡി.സി. മാനേജിങ് ഡയറക്ടര്‍ പങ്കജ് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ കയറ്റുമതി സംഘത്തിന്റെ ബോര്‍ഡംഗങ്ങളാണ്. ഇഫ്‌കോ, ക്രിഭ്‌കോ, നാഫെഡ്, ജി.സി.എം.എം.എഫ്, എന്‍.സി.ഡി.സി. എന്നിവ 100 കോടി രൂപ വീതം സംഘത്തിനു നല്‍കും. സംഘത്തിന്റെ അംഗീകൃത ഓഹരി മൂലധനം 2000 കോടി രൂപയാണ്.
കയറ്റുമതി സഹകരണസംഘത്തിന്റെ തുടക്കത്തിലെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം 500 കോടി രൂപയാണ്. പ്രമോട്ടര്‍മാര്‍ക്കു പുറമേ പ്രാഥമികതലം തൊട്ട് ദേശീയതലംവരെയുള്ള സംഘങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളായിരിക്കും. പ്രവര്‍ത്തനമൂലധനം വര്‍ധിപ്പിക്കാനും ലോജിസ്റ്റിക്‌സ്, സാങ്കേതികജ്ഞാനം പങ്കിടല്‍, പരിശീലനം എന്നിവ മെച്ചപ്പെടുത്താനും സഹകരണ കയറ്റുമതിസംഘം സഹായിക്കും. അന്താരാഷ്ട്ര വിപണികളിലെ ചലനങ്ങള്‍ നിരീക്ഷിച്ച് സഹകരണഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിസാധ്യത സംഘം വിലയിരുത്തും. ഇതുവഴി സഹകരണസംഘങ്ങള്‍ക്കു നേരിട്ട് രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ പങ്കാളിയാകാനാവും. ഉല്‍പ്പന്നങ്ങളുടെ സംഭരണം, സൂക്ഷിക്കല്‍, സംസ്‌കരണം, വിപണനം, ബ്രാന്റിങ്, ലേബലിങ്, പാക്കേജിങ്, സര്‍ട്ടിഫിക്കേഷന്‍, ഗവേഷണം, വികസനം എന്നീ കാര്യങ്ങളിലും ഉല്‍പ്പന്ന-സേവന വ്യാപാരത്തിലും സഹകരണസംഘങ്ങള്‍ക്കു കയറ്റുമതിസംഘത്തിന്റെ പിന്തുണയുണ്ടാകും. സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ഇതോടെ വന്‍വര്‍ധനവുണ്ടാകുമെന്നാണു സഹകരണമന്ത്രാലയത്തിന്റെ പ്രതീക്ഷ.
[mbzshare]