നേട്ടങ്ങളുടെ തിളക്കത്തിൽ എറണാകുളം പീപ്പിൾസ് അർബൻ സഹകരണ ബാങ്ക്..
ഒട്ടേറെ നേട്ടങ്ങളുടെ തിളക്കവുമായി പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് സംസ്ഥാനത്തെ അർബൻ ബാങ്കുകളിൽ ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുകയാണ്. ഏറ്റവും മികച്ച അർബൻ ബാങ്കുകൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്കാരത്തിൽ 2016-17, 2017-18 എന്നീ വർഷങ്ങളിൽ ബാങ്ക് തുടർച്ചയായി ഒന്നാം സ്ഥാനം നേടുകയുണ്ടായി.നൂറു വർഷം പൂർത്തിയാക്കിയ ബാങ്കിന്റെ പ്രവർത്തനത്തിൽ അഭിമാനിക്കുന്നവർ, ബാങ്കിന് ജന്മം നൽകിയ തൃപ്പൂണിത്തുറക്കാർ മാത്രമല്ല, ബാങ്കിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ കൊച്ചി എന്ന മെട്രോ നഗരത്തിൽ ഉള്ളവർ കൂടിയാണ്. 21 ബ്രാഞ്ചുകൾ വഴി ബാങ്ക് ഇതിനോടകം വടവൃക്ഷമായി പടർന്നു പന്തലിച്ചു കഴിഞ്ഞു. 85,000 സഹകാരികൾ, 21 ബ്രാഞ്ചുകൾ, 120 ഓളം ജീവനക്കാർ, 800 കോടിയുടെ പ്രവർത്തന മൂലധനം, 1200 കോടിയുടെ ബിസിനസ്, അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന മുൻനിര സഹകരണ ബാങ്കുകളിൽ മുൻപന്തിയിൽ.. വിശേഷണങ്ങൾ ഏറെയുണ്ട് പീപ്പിൾസ് അർബൻ ബാങ്കിന്. ശതാബ്ദി വർഷം പിന്നിടുമ്പോൾ കൂടുതൽ കരുത്തോടെ ജൈത്രയാത്ര തുടരുകയാണെന്ന് ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ പറയുന്നു.
നൂറ് വർഷം മുമ്പ് ഈ പ്രസ്ഥാനം ആരംഭിക്കുമ്പോൾ പൊതുസമൂഹത്തിൽ ഭൂരിപക്ഷംപേരും മുഴുപ്പട്ടിണിയിലായിരുന്നു. ഉടുതുണിക്കു മറുതുണിയില്ലാത്തവർ, അർദ്ധ പട്ടിണിക്കാർ, കിടപ്പാടം ഇല്ലാത്തവർ, ജാതി സ്പർദ്ധയും, അവർണ്ണ-സവർണ്ണ ബോധം ഗ്രസിച്ച തലമുറ… അക്കാലത്താണ് ചില സുമനസ്സുകൾക്ക് “പരസ്പര സഹായം” എന്ന ആശയം രൂപംകൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ സാമൂഹിക വ്യവസ്ഥയിൽ നിന്ന് ഉടലെടുത്ത ആശയം സഹകരണം എന്ന പ്രസ്ഥാനത്തിന് തൃപ്പൂണിത്തുറയിലും വിത്തുപാകി. തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ ആദ്യത്തെ പണമിടപാട് സ്ഥാപനം പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ആണെന്ന് പൂർവികരും രേഖകളും പറയുന്നു. കേരളത്തിൽ അനേകം ബ്രാഞ്ചുകളോടെ പ്രവർത്തിച്ചിരുന്ന നാഷണൽ കൊയിലോൺ ബാങ്ക് തൃപ്പൂണിത്തുറ ശാഖയിലെ മിച്ചസംഖ്യ സൂക്ഷിച്ചിരുന്നത് പീപ്പിൾസ് ബാങ്കിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്ന സമയത്തും തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് ബാങ്കിന് സ്വന്തമായി കെട്ടിടം കണ്ടെത്താനുള്ള പൂർവികരുടെ ശ്രമം ഓർക്കുമ്പോൾ പഴയകാല സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസവും കെട്ടുറപ്പുമാണ് നമ്മൾ കാണേണ്ടത്. 1933ൽ സെന്റിന് 22 രൂപ പ്രകാരം 1700 രൂപയ്ക്ക് നഗരഹൃദയത്തിൽ 50 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി കെട്ടിടം പണിയാൻ ബാങ്കിനായി. 1960ൽ സർവീസ് സഹകരണ ബാങ്ക് ആയും 1975ൽ അർബൻ ബാങ്കുമായ പീപ്പിൾസ് ബാങ്കിന്1983 ൽ റിസർവ് ബാങ്ക് ലൈസൻസും കിട്ടി.
നിക്ഷേപ സമാഹരണത്തിന് പലതവണ ബാങ്കിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നൂറു വർഷം പൂർത്തിയാക്കുമ്പോൾ കൈവരിച്ച നേട്ടങ്ങൾ ഏറെയുണ്ടെന്ന് ചെയർമാൻ പറയുന്നു. ഭരണസമിതിയും ജീവനക്കാരും സഹകാരികളും നൽകുന്ന ഉറച്ച പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് പുറകിൽ.
തൃപ്പൂണിത്തുറയിലെ ബാങ്കിന്റെ ആസ്ഥാനത്ത് നിലവിലുള്ള കെട്ടിടത്തിനു സമീപം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ശതാബ്ദി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു. പൂർണമായും ശീതീകരിച്ച മന്ദിരത്തിൽ കോൺഫറൻസ് ഹാൾ,ട്രെയിനിങ് ഹാൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.
സൗരോർജ്ജം വഴിയാണ് വൈദ്യുതോല്പാദനം. ഇതിനായി 50 കെ.വി സൗരോർജ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇത് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ടതും മറ്റു ബാങ്കുകൾക്ക് മാതൃകയാക്കാവുന്നതുമാണ്.
ബാങ്കിന്റെ തുടക്കംമുതലേ ഇടപാടുകാരുടെ സൗകര്യാർത്ഥം സർവീസ് മേഖലയിലും ആധുനികവൽക്കരണത്തിനും പ്രത്യേക ശ്രദ്ധചെലുത്താൻ ഭരണസമിതിക്ക് സാധിച്ചു. കമ്പ്യൂട്ടർവൽക്കരണം, എൻ.ആർ.ഐ അക്കൗണ്ട് , എ.ടി.എം, എസ്.എം.എസ് സൗകര്യം, ആർ.ടി.ജി.എസ്, എൻ.ഇ. എഫ്.ടി സംവിധാനം, സി.ടി- എസ് ക്ലിയറിങ്, കോയിൻ വെൻഡിങ് മെഷീൻ, ഐ.എം.പി.എസ്, മൊബൈൽ ബാങ്കിംഗ് എന്നിവ വളരെ മുന്നേ നടപ്പാക്കാൻ പീപ്പിൾസ് അർബൻ ബാങ്കിന് സാധിച്ചു. ഇപ്പോൾ ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം(BBPS) നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ അർബൻ ബാങ്ക് എന്ന ബഹുമതിയും നേടുകയായി. ആയതിന്റെ ഉദ്ഘാടനം 06/07/2019 തീയതി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇതിനുപുറമേ ഈസി ട്രാൻസ് എന്ന മൊബൈൽ ആപ്പും ബാങ്ക് ഇടപാടുകാർക്കായി ആരംഭിച്ചു. കണയന്നൂർ താലൂക്കിനു പുറമേ കുന്നത്തുനാട് താലൂക്കിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലും കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ,ഞാറക്കൽ, നായരമ്പലം,എടവനക്കാട്, കുഴുപ്പിള്ളി,പള്ളിപ്പുറം പഞ്ചായത്തുകളിലേക്കും ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
ഒട്ടേറെ സാമൂഹ്യസേവന പദ്ധതികളും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്.വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടി ആരക്കുന്നത്തെ എ.പി. വർക്കി മിഷൻ ആശുപത്രിക്ക് ബാങ്ക് സംഭാവനയായി ഡയാലിസിസ് യൂണിറ്റ് നൽകുകയുണ്ടായി. ബ്ലേഡ് മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും വനിതകളെ രക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുള്ള “മുറ്റത്തെ മുല്ല “എന്ന വായ്പാ പദ്ധതിയുടെ ചുവടു പിടിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് വളരെക്കുറഞ്ഞ പലിശ നിരക്കിൽ “സ്ത്രീശക്തി വായ്പ “, വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി 4 % പലിശ നിരക്കിൽ “വിദ്യാ ഗോൾഡ്” എന്ന സ്വർണ്ണ പണയ വായ്പാ പദ്ധതി തുടങ്ങിയവ സമൂഹത്തിനോടുള്ള ബാങ്കിന്റെ ഉത്തരവാദിത്വത്തിന് ഉത്തമോദാഹരണമാണ്.
പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെന്ന് കേട്ടാൽ ഞെട്ടണ്ട. ശതാബ്ദി മന്ദിരത്തിലെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 50 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിൽ ആദ്യമായാണ് ഓൺഗ്രിഡ് സംവിധാനത്തിലുള്ള സൗരോർജ്ജ പദ്ധതി. അനർട്ടിനെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. സോളാർ പാനലിൽ കൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ലൈൻ വഴി മറ്റ് ഉപയോക്താക്കൾക്കും ലഭിക്കും. ഈ സംവിധാനത്തിന് ബാറ്ററി ആവശ്യമില്ല. പ്രത്യേക സോളാർ മീറ്റർ ഈ ഗ്രിഡ് ബന്ധിത സംവിധാനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ബാങ്ക് പ്രവർത്തിക്കാത്ത ദിവസങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും കെഎസ്ഇബി സ്വീകരിക്കും. അധികമായി KSEB ക്ക് നൽകുന്ന വൈദ്യുതിക്ക് ബാങ്കിന് പണവും ലഭിക്കും. ബാറ്ററികൾ ആവശ്യമില്ലാത്തതിനാൽ ഈ സിസ്റ്റം മറ്റു ചിലവുകളില്ലാതെ വർഷങ്ങളോളം പ്രവർത്തിക്കും. കെഎസ്ഇബി ലൈനിൽ വൈദ്യുതി ഇല്ലാത്ത സമയത്ത് സോളാർ വൈദ്യുതി പവർഗ്രിഡിൽ പ്രവേശിക്കാത്ത വിധമാണ് സോളാർ സംവിധാനം പ്രവർത്തിക്കുക എന്ന് ജനറൽ മാനേജർ കെ ജയപ്രസാദ് പറഞ്ഞു.
കൊച്ചിയുടെ സാമ്പത്തിക സാമൂഹിക മേഖലയിൽ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് വിജയക്കൊടി പാറിച്ച് മുന്നേറുമ്പോൾ ഇവിടുത്തെ ഓരോ സഹകാരിക്കും അഭിമാനിക്കാൻ ഏറെയുണ്ട്…
[mbzshare]