നെല്ല് സംഭരണത്തിനായി സഹകരണസംഘവും കണ്‍സോര്‍ഷ്യവും
നെല്ല് സംഭരണം, സംസ്‌കരണം, വിതരണം എന്നിവയ്ക്കായി സഹകരണ സംഘവും അതിന് കീഴില്‍ കണ്‍സോര്‍ഷ്യവും രൂപീകരിച്ചുള്ള പ്രവര്‍ത്തനം ഈ വര്‍ഷം നടപ്പാകും. പാലക്കാട് ജില്ലയിലാണ് നെല്ല് സംഭരണത്തിനും സസ്‌കരണത്തിനും സഹകരണ സംഘമെന്ന ആദ്യപരീക്ഷണം നടത്തുന്നത്. ഇതിനായി ‘പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് , പ്രോസസിങ്, ആന്‍ഡ് മാര്‍ക്കറ്റിങ് സഹകരണ സംഘം’ എന്നപേരില്‍ സംഘം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ജില്ല പ്രവര്‍ത്തനപരിധിയായാണ് സംഘം രൂപീകരിച്ചിട്ടുള്ളത്. ഈ സഹകരണ സംഘത്തിന്റെ നിയമാവലിയില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 30 സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് തീരുമാനം. ഈ സംഘങ്ങളില്‍നിന്ന് പണം കണ്‍സോര്‍ഷ്യം സ്വരൂപിക്കും. ഈ പണം ഉപയോഗിച്ച് സംഘം നെല്ല് സംഭരണ-സംസ്‌കരണ-വിപണ സംവിധാനങ്ങള്‍ ഒരുക്കും. ഇതാണ് പദ്ധതി. സംഘത്തിന് കീഴില്‍ ഒരു ആധുനിക റൈസ് മില്ലും, സംഭരണ ഗോഡൗണും സ്ഥാപിക്കുന്നതിനും തീരുമാനമായി.
കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കി നെല്ല് സംഭരിക്കാനാകുന്നില്ലെന്നായിരുന്നു പരാതി. സംഭരിച്ച നെല്ലിന്റെ വിലതന്നെ കര്‍ഷകര്‍ക്ക് കൃത്യമായി നല്‍കാനുമായില്ല. വര്‍ഷങ്ങളായി നില്‍ക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇത്തവണ സഹകരണ ബാങ്കുകളിലൂടെ പണം നല്‍കാന്‍ തീരുമാനിച്ചു. പാലക്കാട് ജില്ലയിലായിരുന്നു സഹകരണ ബാങ്കുകളെ പങ്കാളിയാക്കിയുള്ള പരീക്ഷണം. സംഭരിക്കുന്ന നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നല്‍കുമെന്നതായിരുന്നു ധാരണ. ഇതോടെ ഒരുപരിധിവരെ പ്രശ്നത്തിന് പരിഹാരമായിട്ടുണ്ട്. എന്നാലും, നെല്ല് സംഭരണത്തിന് ഒരു സ്ഥിരം സംവിധാനമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ടാണ് അതിനുവേണ്ടിമാത്രമായി ഒരു സഹകരണ സംഘം രൂപീകരിച്ചത്. ഈ വര്‍ഷം 77,103 ഹെക്ടറിലാണ് പാലക്കാട് ജില്ലയില്‍ നെല്‍കൃഷി ചെയ്തത്. ഇതില്‍നിന്ന് 2.47 ലക്ഷം ടെണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്.
സപ്ലൈകോ മുഖേനയാണ് കേരളത്തില്‍ പ്രധാനമായും നെല്ല് സംഭരിക്കുന്നത്. കിലോയ്ക്ക് 25.30 രൂപനിരക്കിലാണ് നെല്ലിന് കര്‍ഷകന് നല്‍കുന്ന വില. ഈ സീസണില്‍ 1.70 ലക്ഷം കര്‍ഷകര്‍ നെല്ല് നല്‍കിയിട്ടുണ്ട്. അതില്‍ 1.55 ലക്ഷം കര്‍ഷകര്‍ക്കാണ് പണം നല്‍കിയത്. 68.93 ലക്ഷം മെട്രിക് ടെണ്‍ നെല്ല് സംഭരിക്കുന്നതിന് 1743.9 കോടി രൂപയാണ് സപ്ലൈകോ നല്‍കേണ്ടിയിരുന്നത്. ഇതില്‍ 1625.03 കോടി രൂപ നല്‍കി. 118.87 കോടി രൂപ ഇനി നല്‍കാന്‍ ബാക്കിയുണ്ട്.
നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കാര്യക്ഷമമായ ഇടപെടലാണ് കൃഷിവകുപ്പ് നടത്തുന്നത്. ഇതനുസരിച്ച് ഉല്‍പാദനം കൂടിയിട്ടുമുണ്ട്. സംസ്ഥാനത്ത് 35,000 ഹെക്ടര്‍ നെല്‍കൃഷിയാണ് പ്രളയത്തില്‍ നശിച്ചുപോയത്. ഇതില്‍ 2,02,985 ഹെക്ടര്‍ സ്ഥലത്ത് വീണ്ടും വിതയിറക്കാനായി. 2019-19 വര്‍ഷത്തില്‍ സംസ്ഥാനത്ത് 8.64ലക്ഷം മെട്രിക് ടെണ്‍ നല്ലാണ് ഉല്‍പാദിപ്പിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. പ്രളയത്തെ അതിജീവിച്ച് നെല്ലുല്‍പാദനം ഇത്തവണ കൂട്ടാനായത് കൃഷിവകുപ്പിന്റെ ഇടപെടല്‍ കൊണ്ടാണ്. അത് കര്‍ഷകര്‍ക്ക് ഉപയോഗപ്പെടാന്‍ പാകത്തില്‍ വിപണിയുറപ്പാക്കുകയാണ് നെല്ല് സംഭരണ-സംസ്‌കരണ സഹകരണ സംഘത്തിലൂടെ ലക്ഷ്യമിടുന്നത്.