നിക്ഷേപത്തിന് അധികം പലിശ നല്‍കിയാല്‍ സംഘം സെക്രട്ടറിയില്‍ നിന്ന് തിരിച്ചുപിടിക്കും
സഹകരണ സംഘം രജിസ്ട്രാർ നിശ്ചയിച്ചുനൽകിയ പലിശനിരക്കിൽ അധികമായി നിക്ഷേപങ്ങൾക്ക് പലിശ നൽകിയാൽ സംഘം ചീഫ് എക്സിക്യുട്ടീവ് ആയ സെക്രട്ടറിയിൽനിന്ന് അത് തിരിച്ചുപിടിക്കും. അതേസമയം, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ ഇത്തരത്തിൽ ചെയ്താൽ നടപടിയുണ്ടാകാനുമിടയില്ല. കരുളായി സർവീസ് സഹകരണ ബാങ്ക് നൽകിയ റിവിഷൻ ഹരജിയിൽ സർക്കാരിന്റെ തീർപ്പ് സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും ബാധകമാകുന്ന ഒന്നാണ്.
ഒരേ സ്ഥലത്തുള്ള വിവിധ സഹകരണ ബാങ്കുകൾ വിവിധ നിരക്കിലുള്ള പലിശ ഈടാക്കിയാൽ എന്താണ് പരിഹാരം എന്നതാണ് ഈ കേസിലെ പ്രധാന ചോദ്യം. നിലമ്പൂർ അർബൻ സഹകരണ ബാങ്കും മലപ്പുറം ജില്ലാ സഹകരണ ബാങ്കും രജിസ്ട്രാർ നിശ്ചയിച്ചതിനേക്കാളും ഉയർന്ന നിരക്കിൽ നിക്ഷേപം സ്വീകരിക്കാൻ തുടങ്ങി. ഉയർന്ന പലിശ നിരക്ക് കാണിച്ച് പത്രത്തിൽ പരസ്യം നൽകുകയും ചെയ്തു. ഇതോടെ, കരുളായി സഹകരണ ബാങ്കിൽനിന്ന് കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ച് ഈ ബാങ്കിലേക്ക് ഇടപാടുകാർ മാറ്റി. പുതിയ നിക്ഷേപങ്ങൾ ലഭിക്കും. ഇതോടെ, അർബൻ ബാങ്കിന്റെയും ജില്ലാ ബാങ്കിന്റെയും അതേനിരക്കിൽ പലിശ കരുളായി ബാങ്കും തീരുമാനിച്ചു. ഇതാണ് കുറ്റമായി മാറിയത്.ബാങ്ക് നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ പരിശോധിക്കാൻ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണത്തിൽ അധിക പലിശ നൽകിയതിന്റെ ഭാഗമായി 10,05,428 രൂപ കരുളായി ബാങ്കിന് നഷ്ടമുണ്ടായതായും,ഇത് ചീഫ് എക്സിക്യൂട്ടീവിൽ നിന്ന് ഈടാക്കേണ്ടതാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് വാദികളായവരിൽനിന്ന് നിയമപരമായി ഈടാക്കുന്നതിന് സഹകരണ നിയമം വകുപ്പ് 65 പ്രകാരം നടപടി സ്വീകരിക്കാൻ ഉത്തര സഹകരണ വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട പണം 30 ദിവസത്തിനകം തിരിച്ചുപിടിച്ച് റിപ്പോർട്ട് നൽകണമെന്ന് കാണിച്ച് ബാങ്ക് സെക്രട്ടറിക്ക് ജോയിന്റ് രജിസ്ട്രേഷൻ കത്ത് നൽകി.
ഇതിനെതിരെയാണ് കരുളായി ബാങ്ക് സർക്കാരിൽ അപ്പീൽ നൽകിയത്. നഷ്ടമായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ തുക എഴുതിതള്ളാൻ ബാങ്ക് പൊതുയോഗം തീരുമാനിക്കുകയും ചെയ്തു. ബാങ്കിന്റെ അപ്പീലിന്റെ അടിസ്ഥാനത്തിൽ നടന്ന നേരിൽ കേൾക്കലിൽ പണം ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന നിലപാടാണ് സഹകരണ സംഘം രജിസ്ട്രാർ സ്വീകരിച്ചത്. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു.
സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിന് വിരുദ്ധമായി സഹകരണ ബാങ്ക് ഭരണസമിതി കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് സഹകരണ വകുപ്പ് സെക്രട്ടറി പി.കെ.അനിൽകുമാറിന്റെ തീർപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറ്റ് സഹകരണ സംഘങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതിന് ഇടയാക്കും. ഭാവിയിൽ ബാങ്കുകൾ ഇതിനെ കീഴ്‌വഴക്കമായി വ്യാഖ്യാനിച്ച് ഇത്തരം തെറ്റായ നടപടികളിലേക്ക് പോകുന്നതിനും ഇടയാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരുളായി ബാങ്കിന്റെ അപ്പീൽ തള്ളുകയും സംഘം സെക്രട്ടറിയിൽനിന്ന് തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. അതേസമയം, അർബൻ ബാങ്കും ജില്ലാസഹകരണ ബാങ്കും പലിശ കൂട്ടിനൽകിയതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നതിൽ ഈ ഉത്തരവിന് ശേഷവും വ്യക്തതയുണ്ടായിട്ടില്ല.