നിക്ഷേപത്തിനുള്ള പലിശനിരക്ക് വര്‍ധിപ്പിച്ച് സഹകരണ ബാങ്കുകളെ രക്ഷിക്കണം- സി.എന്‍. വിജയകൃഷ്ണന്‍
കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കു നിക്ഷേപം സ്വീകരിക്കാനുള്ള പലിശനിരക്ക് അടിയന്തിരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം പൂര്‍ണമായും പൊതുമേഖലാ ബാങ്കുകളിലേക്കു പോകുമെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു.
പലിശനിരക്കു കുറവായതുകാരണം ഓരോ ദിവസവും കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും സഹകരണ ബാങ്കുകളില്‍ നിന്നു മറ്റുള്ള ബാങ്കുകളിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനു തടയിടാന്‍ വൈകുന്നതു സഹകരണ മേഖലക്കു വലിയ നഷ്ടമാണുണ്ടാക്കുക. പൊതുമേഖലാ ബാങ്കുകളൊക്കെ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള പലിശനിരക്ക് ഏഴര ശതമാനംവരെ പുതുക്കിയപ്പോള്‍ സഹകരണമേഖല ഇപ്പോഴും ഏഴു ശതമാനത്തില്‍ നില്‍ക്കുകയാണ്. സഹകരണ വകുപ്പും ഗവണ്മെന്റും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം. പലിശ വര്‍ധിപ്പിക്കാത്തതുമൂലം സഹകരണ മേഖലക്കു വരുന്ന നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സഹകരണ വകുപ്പിനും സര്‍ക്കാരിനുമാണ്. സഹകരണ മന്ത്രി ഈ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് ഇടപെട്ടു സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം- വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.