നികുതി ‘ പ്രേത ‘ത്തെ അടക്കാന്‍ സഹകാര്‍ ഭാരതി
– സ്റ്റാഫ് പ്രതിനിധി
(2020 നവംബര്‍ ലക്കം )
ഈയിടെ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ച സഹകാര്‍ ഭാരതി നേതാക്കള്‍ സഹകരണ മേഖലയിലെ നീറുന്ന പ്രശ്‌നങ്ങള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. തീര്‍ത്താല്‍ തീരാത്ത നികുതിപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്നതായിരുന്നു നേതാക്കളുടെ പ്രധാനാവശ്യം
സഹകരണ സംഘങ്ങളിലെ ആദായനികുതി പ്രശ്‌നം തീര്‍ത്താല്‍ തീരാത്ത ‘ പ്രേതബാധ ‘ യാണെന്ന നിലപാടുമായി സഹകാര്‍ ഭാരതിയുടെ ഇടപെടല്‍. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളെയും ഈ പ്രശ്‌നം അലട്ടുന്നുണ്ട്. ആദായനികുതി ഇളവ് നല്‍കുന്ന 80 ( പി ) വ്യവസ്ഥപോലും സഹകരണ സംഘങ്ങള്‍ക്ക് ബാധമാക്കാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് കാണിച്ച് സഹകാര്‍ ഭാരതി നേതാക്കള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കി. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിവേദനം കൈമാറിയത്. സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോന്നായി ധനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വമാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. ‘ 80 (പി) പ്രേതത്തെ ഒറ്റയടിക്ക് അടക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു ‘ – എന്നാണ് സഹകാര്‍ ഭാരതി ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി ഇതേക്കുറിച്ച് പ്രതികരിച്ചത്.
നിവേദനത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പ്രധാനമായും നാലുകാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ആദായ നികുതി സംബന്ധിച്ചുള്ള പ്രശ്‌നം. എല്ലാ സംസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച് സഹകരണ സംഘങ്ങള്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സഹകാരി നേതാക്കള്‍ ധനമന്ത്രിയെ അറിയിച്ചത്. പ്രതിസന്ധികളിലൂടെയാണ് സഹകരണ മേഖല പോയിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ കോടികള്‍ വ്യവഹാരത്തിനായി മാറ്റിവെക്കേണ്ടിവരുന്നത് പ്രതിസന്ധി രൂക്ഷമാക്കാനേ ഇടവരുത്തൂ. അതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ഇതില്‍ സര്‍ക്കാരിന് എതു ചെയ്യാനാകുമെന്ന് കാണിച്ച് വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും. ചെയ്യാനാവുന്നത് ഉടനടി ചെയ്യുകയും ചെയ്യും. നേതാക്കള്‍ ഉന്നയിച്ച മറ്റു വിഷയങ്ങളിലെല്ലാം പരിഹാരമുണ്ടാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന ഉറപ്പാണ് ധനമന്ത്രി നല്‍കിയത്. ഇതില്‍ ചിലത് രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ തീര്‍പ്പുണ്ടാക്കാനാകുന്നവയാണ്. എന്നാല്‍, മറ്റു ചിലത് പരിശോധിക്കാന്‍ രണ്ടു മാസമെങ്കിലും സമയം തരണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സഹകരണ മേഖലയ്ക്കുവേണ്ടി ക്രീയാത്മകമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
സഹകരണ ബിസിനസ് മോഡല്‍
സഹകരണ വായ്പാ ശൃംഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ബിസിനസ് മോഡല്‍ ആവിഷ്‌കരിക്കണമെന്നാണ് സഹകാര്‍ഭാരതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലൊന്ന്. പ്രത്യേകിച്ച്, ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉത്തേജനം സാധ്യമാക്കണമെങ്കില്‍ ഇത് അനിവാര്യമാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവയാണ് സഹകരണ വായ്പാ ശൃംഖലയുടെ ഭാഗമായിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ കാര്‍ഷിക വരുമാനം കുറഞ്ഞുവരുന്നതായി നീതി ആയോഗ് വ്യക്തമാക്കുന്നുണ്ട്. 35 ശതമാനം മാത്രമായി കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം ഇപ്പോള്‍ പരിമിതപ്പെട്ടിട്ടുണ്ട്. 65 ശതമാനവും ഇതര മേഖലകളില്‍നിന്നാണ്. ഗതാഗതം, വെയര്‍ ഹൗസിങ്, ചെറുകിട വ്യാപാരം എന്നിവയാണ് മറ്റു വരുമാന സ്രോതസ്സായി മാറുന്നത്. കാര്‍ഷിക മേഖലയിലെ വരുമാനശോഷണം വലിയ തിരച്ചടികള്‍ക്ക് വഴിവെക്കും. ഇതു മറികടക്കാന്‍ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കാവുന്ന വിവിധ പദ്ധതികള്‍ രൂപവത്കരിക്കണമെന്നാണ് സഹകാര്‍ ഭാരതി ആവശ്യപ്പെടുന്നത്.
കാര്‍ഷികോല്‍പ്പാദനത്തിനായി കൂടുതല്‍ വിപണി തുറക്കേണ്ടതുണ്ട്. ഇതിനായി, സംസ്ഥാന – ജില്ലാ ബാങ്കുകള്‍ക്കും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും പ്രസക്തവും ലാഭകരവുമായ പുതിയ ബിസിനസ് മാതൃക ആവിഷ്‌കരിക്കേണ്ടതുണ്ട്. മാത്രവുമല്ല, പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഒട്ടേറെ നിക്ഷേപം ഉപയോഗപ്പെടുത്താതെ കിടക്കുന്നുണ്ട്. ഈ നിക്ഷേപങ്ങള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യം ഗ്രാമീണ കാര്‍ഷിക വായ്പാ മേഖലയെക്കുറിച്ച് പഠിച്ച പ്രൊഫ. എ.എം. ഖുസ്രു അധ്യക്ഷനായ കമ്മിറ്റിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധ്യതകള്‍ പരിശോധിച്ച് സഹകരണ സംഘങ്ങളെ പുതിയ ചുമതലകള്‍ ഏല്‍പ്പിക്കണമെന്നാണ് ഖുസ്രു കമ്മിറ്റി നിര്‍ദേശിച്ചത്. ഇത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സഹകാരി നേതാക്കള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുകയെന്നതാണ് സഹകാര്‍ ഭാരതി നേതാക്കള്‍ മുന്നോട്ടുവെച്ച ഒരാവശ്യം. സംസ്ഥാന-പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളാണ് കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല വായ്പകള്‍ അനുവദിക്കുന്നത്. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക ഉത്തേജനം നടപ്പാക്കാന്‍ ഈ ബാങ്കുകളെ ശാക്തീകരിക്കുകയാണ് വേണ്ടത്. അതിനാണ് പുനരധിവാസ പാക്കേജ് എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. യോഗ്യതയുള്ള എല്ലാ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് പദവി അനുവദിക്കണമെന്നും ധനമന്ത്രിക്ക് മുമ്പില്‍ അവര്‍ നിര്‍ദേശം വെച്ചിട്ടുണ്ട്.
വായ്പാസംഘങ്ങള്‍ അര്‍ബന്‍ ബാങ്കിലേക്ക്
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കുശേഷം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മികച്ച നിക്ഷേപവും വായ്പാ വിതരണവുമുള്ള ക്രെഡിറ്റ് സംഘങ്ങള്‍ക്ക് ഭാവിയില്‍ നിലവിലെ രീതിയിലുള്ള പ്രവര്‍ത്തനം സാധ്യമാകാത്ത സ്ഥിതിയുണ്ട്. ഇവയ്ക്ക് അര്‍ബന്‍ ബാങ്കുകളായി പരിവര്‍ത്തനം ചെയ്യാനും ബാങ്കിങ് ലൈസന്‍സ് അനുവദിക്കാനും റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കണമെന്നതാണ് മറ്റൊരാവശ്യം. ഇത്തരം സംഘങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കുന്നതിനുള്ള ഇടപെടലും കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടാകേണ്ടതുണ്ട്. സംഘങ്ങളുടെ വിപുലീകരണം, ആധുനികവത്കരണം, വൈവിധ്യവത്കരണം എന്നിവയ്ക്കും അവയുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ വര്‍ധിപ്പിക്കുന്നതിനും മൂലധനം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ഫണ്ടുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മൂലധനം സമാഹരിക്കുന്നതിനുമുമ്പ് സെബി നിഷ്‌കര്‍ഷിച്ചേക്കാവുന്ന എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും സഹകരണ വായ്പാ സംഘങ്ങളും പാലിക്കാമെന്നാണ് നിര്‍ദ്ദേശം.
സഹകരണ വായ്പാ സംഘങ്ങള്‍ക്ക് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍.പി.സി.ഐ. ) വഴി പേമെന്റ് ഗേറ്റ്വേ സൗകര്യം ലഭ്യമാക്കണം. ഗ്രാമീണ മേഖലയിലും ഡിജിറ്റല്‍പ്പണത്തിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഈ നടപടി അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ‘ സാമ്പത്തിക ഉള്‍പ്പെടുത്ത ‘ ലിന്റെ ഭാഗമാക്കുന്നതിന് സഹകരണ സംഘങ്ങളെയും ഡിജിറ്റല്‍ ഇടപാടിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. വായ്പാ സഹകരണ സംഘങ്ങള്‍, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയെല്ലാം പേമെന്റ് ഗേറ്റ്വേ സംവിധാനത്തിന്റെ ഭാഗമാക്കുന്നതിന് മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തണമെന്ന് സഹകാര്‍ ഭാരതി ധനമന്ത്രിക്ക് മുമ്പില്‍ നിര്‍ദേശമായി അവതരിപ്പിച്ചിട്ടുണ്ട്.
വായ്‌പേതര സംഘങ്ങള്‍ക്ക് സഹായപദ്ധതികള്‍
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) , സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ കാര്‍ഷിക വരുമാനശോഷണം കണക്കിലെടുത്ത് കാര്‍ഷിക പ്രോസസിങ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. കര്‍ഷക കൂട്ടായ്മ ഉണ്ടാക്കുന്നതുപോലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നേരിട്ട് ഇത്തരം സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കേണ്ടത്.
ക്ഷീര സംഘങ്ങള്‍ക്ക് സഹായകമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നതാണ് മറ്റൊരാവശ്യം. പാലും പാല്‍പ്പൊടിയും ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഒരു ഘടകമാക്കി മാറ്റുകയെന്നതാണ് ഇതിനായി മുന്നോട്ടുവെച്ച നിര്‍ദേശം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട കന്നുകാലികളെ കിട്ടാനുള്ള പദ്ധതി തയാറാക്കണം. സബ്‌സിഡി നല്‍കിയും പുതുതായി കന്നുകാലികളെ വാങ്ങുന്നവര്‍ക്ക് അധിക സാമ്പത്തിക സഹായം അനുവദിച്ചും കര്‍ഷക പ്രോത്സാഹന പദ്ധതിക്ക് രൂപം നല്‍കണം. ഇതിനൊപ്പം, കാലിത്തീറ്റ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ക്ഷീര സംഘങ്ങളുടെ ഫെഡറേഷനുകള്‍ക്ക് നിര്‍ദേശം നല്‍കണം. ഇതിനുള്ള ബിസിനസ് മാതൃക സര്‍ക്കാര്‍ തയാറാക്കി നല്‍കുകയും വേണം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. വട്ടിപ്പലിശക്കാരുടെയും സ്വകാര്യ പണമിടപാടുകാരുടെയും പിടിയിലാണ് മിക്ക തീരമേഖലകളും. സ്ഥിരജോലിയും വരുമാനവും ഉറപ്പാക്കാനാവാത്തതാണ് പ്രശ്‌നം. ഇതിനെ നേരിടാന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആഭ്യന്തര, വിദേശ വിപണികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫിഷ് പ്രോസസിങ് യൂണിറ്റുകള്‍ സഹകരണാടിസ്ഥാനത്തില്‍ സ്ഥാപിക്കണം. ഇതിനൊപ്പം, മത്സ്യത്തൊഴിലാളികളുടെ വലകള്‍ക്കും വള്ളങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നതിനുള്ള പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണം.
കൈത്തറി സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്പിന്നിങ്ങ് മില്ലുകള്‍ക്കും നവീകരണത്തിനുള്ള സ്‌കീം പ്രഖ്യാപിക്കണം. ആധുനികീകരണവും വൈവിധ്യവത്കരണവും നടപ്പാക്കാതെ കൈത്തറി സംഘങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഓരോ സംസ്ഥാനത്തെയും കൈത്തറി സംഘങ്ങള്‍ക്ക് ഓരോ പ്രത്യേകതയുണ്ട്. അതത് പ്രദേശത്തിന്റെ പൈതൃകം ഉള്‍കൊള്ളുന്നതാണ് ഇത്തരം സംഘങ്ങളും കൈത്തറി ഉല്‍പ്പാദനവും. ഇതു നിലനിര്‍ത്തേണ്ടത് സംസ്‌കാരത്തിന്റെ കൂടി ആവശ്യമാണ്. അതിനാല്‍, നെയ്ത്തുകാരുടെ കൂപ്പുകളുടെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും നവീകരിക്കുന്നതിനായി ഉദാരമായ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കണം. സ്പിന്നിങ്, വീവിങ് സഹകരണ മില്ലുകള്‍ക്കായി മൂന്നു വര്‍ഷത്തേക്ക് ടാക്‌സ് ഹോളിഡേ ഉള്‍പ്പെടെയുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ധനമന്ത്രിയോട് സഹകാര്‍ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാനേജ്‌മെന്റ് ബോര്‍ഡിന് ശഠിക്കരുത്
സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. കേരളത്തില്‍ കേരള ബാങ്കില്‍ ഈ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ അര്‍ബന്‍ ബാങ്കുകള്‍ക്കും ഭരണ സമിതിക്ക് പുറമെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്നാണ് വ്യവസ്ഥ. 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ സഹകരണ-അര്‍ബന്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന് പൂര്‍ണ അധികാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ ഇനി ശഠിക്കേണ്ടതില്ലെന്നാണ് സഹകാര്‍ ഭാരതിയുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിനെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനാവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം.
പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പത്തു വര്‍ഷത്തോളമായി ലൈസന്‍സ് നല്‍കുന്നില്ല. ഇതൊഴിവാക്കണം. പുതിയ ബാങ്കുകള്‍ക്കും ശാഖകള്‍ തുറക്കുന്നതിനും അനുമതി വേഗത്തിലാക്കണം. എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നതിനും നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ എന്നിവ സഹകരണ ബാങ്കുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രത്യേക ഇടപെടല്‍ വേണ്ടതുണ്ട്. സുകന്യ ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, അഞ്ചുവര്‍ഷത്തെ ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയവ തുറക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സഹകരണ ബാങ്കുകള്‍ക്കെങ്കിലും അനുമതി നല്‍കണം.
ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുകള്‍ക്ക് കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകള്‍ക്കും പരിരക്ഷ ഉറപ്പാക്കാനുള്ള ഇടപെടല്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളുമാണ് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിന് കീഴിലുള്ളത്. മുദ്രാ വായ്പകള്‍ വിതരണം ചെയ്യുന്നതിനുള്ള ബാങ്കിങ് ഏജന്‍സിയായി അര്‍ബന്‍ ബാങ്കുകളെയും ഉള്‍പ്പെടുത്തണം. യോഗ്യതയുള്ള എല്ലാ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് സ്റ്റാറ്റസ് നല്‍കുന്നതിനുള്ള പ്രക്രിയ ആരംഭിക്കണം – ധനമന്ത്രിയോട് സഹകാര്‍ ഭാരതി ആവശ്യപ്പെട്ടു.
പലിശയ്ക്ക് നികുതി ചുമത്തരുത്
പലിശയ്ക്ക് നികുതി ചുമത്താന്‍ പാടില്ലെന്നതാണ് സഹകാര്‍ ഭാരതിയുടെ മറ്റൊരാവശ്യം. സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് ഫിനാന്‍സിങ് ബാങ്കില്‍നിന്നോ മറ്റ് ബാങ്കുകളില്‍നിന്നോ ലഭിക്കുന്ന പലിശ നികുതി വരുമാനമായി കണക്കാക്കാന്‍ പാടില്ല. ഇവയ്ക്ക് ആദായ നികുതി വകുപ്പിലെ 80 ( പി ) അനുസരിച്ചുള്ള നികുതി ഇളവ് നല്‍കണം. വ്യക്തികള്‍ക്ക് പണമിടപാടിന് നിശ്ചയിച്ചിട്ടുള്ള പരിധി സഹകരണ സംഘങ്ങള്‍ക്ക് ബാധകമാക്കരുത്. ഒരു കോടി രൂപയില്‍ക്കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ രണ്ടു ശതമാനം നികുതി നല്‍കണമെന്നതാണ് ഈ വ്യവസ്ഥ. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത സംഘങ്ങളാണെങ്കില്‍ നികുതി അഞ്ചു ശതമാനമാകും. ഇത് സഹകരണ സംഘങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാണ് സഹകാരി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയ ഘട്ടംമുതല്‍ കേരളം ആവശ്യപ്പെടുന്ന ഒന്നാണിത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.എസ്, 269 എസ്.ടി. എന്നിവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും സഹകാര്‍ ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്.
[mbzshare]