നബാര്‍ഡിന്റെ 1500 കോടി വായ്പ പദ്ധതി- മലപ്പുറത്തിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസും മുസ്ലിംലീഗും രംഗത്ത്.

adminmoonam

നബാർഡ് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് വഴി നൽകുന്ന 1500 കോടി രൂപയുടെ വായ്പയിൽ മലപ്പുറം ജില്ലയെ ഒഴിവാക്കിയത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് കോൺഗ്രസും മുസ്ലിം ലീഗും ആരോപിച്ചു. മലപ്പുറം ജില്ലയിലെ ഒഴിവാക്കിയത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ പകപോക്കലിന്റെ മറ്റൊരുഭാഗമാണെന്ന് സഹകരണ സെല്‍ ചെയര്‍മാന്‍ ഇസ്മയില്‍ പി മൂത്തേടം പ്രസ്താവിച്ചു. കേരള ബാങ്കില്‍ ലയിച്ചില്ല എന്ന ഒറ്റക്കാരണം പറഞ്ഞാണ് മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കിന് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കിയത്. മലപ്പുറം ജില്ലയോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിന് ഏറ്റവും വലിയ തെളിവാണിത്. കേരളത്തിലെ ഏഴിലൊന്ന് ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ രാഷ്ട്രീയ പ്രേരിതമായി അകറ്റി നിര്‍ത്തുന്നതിലൂടെ കോവിഡ് കാലത്തും സര്‍ക്കാര്‍ കാണിക്കുന്നത് പകപോക്കലിന്റെ രാഷ്ട്രീയമാമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറം ജില്ലയിലെ സഹകാരികളോട് സർക്കാർ വൈരാഗ്യ ബുദ്ധിയോടെ ആണ് പെരുമാറുന്നതെന്ന് കോൺഗ്രസ് നേതാവും സഹകരണ ജനാധിപത്യ വേദി ചെയർമാനുമായ കരകുളം കൃഷ്ണപിള്ള ആരോപിച്ചു. അതിന്റെ അവസാനത്തെ ഏറ്റവും വലിയ തെളിവാണ് ഇത്. കേരള ബാങ്ക് വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് സർക്കാർ തുടർച്ചയായി നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ വകുപ്പുദ്യോഗസ്ഥർ നിരന്തരമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്തെ കേരളത്തിലെ കാര്‍ഷികരംഗം സമ്പുഷ്ടമാക്കുന്നതിനു വേണ്ടി നബാര്‍ഡ് നല്‍കിയ 1500 കോടി രൂപയില്‍ നിന്ന് മലപ്പുറത്തെ മാറ്റി നിര്‍ത്തുന്നത് അപലപനീയമാമെന്നും
ഇപ്പോഴത്തെ പ്രത്യേക സാഹചര്യംമൂലം ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള മൂലധന വായ്പയായി അനുവദിക്കുന്നതിനുള്ള തുക അടക്കമുള്ള നബാര്‍ഡിന്റെ ഈ വായ്പ തടയുന്നതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് അടക്കമുള്ളവര്‍ പ്രഖ്യാപിച്ച വായ്പാ വിതരണത്തിന്റെയും മറ്റു ആനുകൂല്യങ്ങളുമാണ് രാഷ്ട്രീയം പറഞ്ഞ് ഇടതുപക്ഷം മുടക്കുന്നതെന്നും റിസര്‍വ് ബാങ്കടക്കമുള്ള എല്ലാ ലൈസന്‍സുകളോടുംകൂടി കാലങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ തകര്‍ക്കുക എന്ന ഉദ്ദേശമാണ്ഇതിന് പിന്നിലെന്നും ഇരുവരും പ്രസ്താവനയിലൂടെ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News