ദേശീയ സഹകരണനയം: ഉപസമിതികളുടെ യോഗം ഇന്ന്
പുതിയ ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള 49 അംഗ സമിതിയുടെ കീഴിലുള്ള ഉപസമിതികള്‍ ഇന്നു ( നവംബര്‍ 7 ) ഡല്‍ഹിയില്‍ യോഗം ചേരും. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി. ) ആസ്ഥാനത്താണു യോഗം നടക്കുക.
ദേശീയ നയരൂപവത്കരണ സമിതി അധ്യക്ഷന്‍ സുരേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പുണെയില്‍ ചേര്‍ന്ന യോഗമാണു വിവിധ സഹകരണമേഖലകള്‍ക്കായി എട്ടു ഉപസമിതികള്‍ക്കു രൂപം നല്‍കിയത്. ഓരോ സമിതിയിലും രണ്ടംഗങ്ങള്‍ / കണ്‍വീനര്‍മാരാണുള്ളത്. NCUI പ്രസിഡന്റ് ദിലീപ്ഭായ് സംഘാനി, സഹകരണ പഞ്ചസാരഫാക്ടറികളുടെ നാഷണല്‍ ഫെഡറേഷന്‍ മാനേജിങ് ഡയരക്ടര്‍ പ്രകാഷ് നയിക്‌നാവരെ, റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയരക്ടര്‍ സതീഷ് മറാത്തെ, അമുല്‍ മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോഥി തുടങ്ങിയവര്‍ കണ്‍വീനര്‍മാരില്‍പ്പെടും.
മുന്‍ കേന്ദ്രമന്ത്രികൂടിയായ സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സഹകരണനയ രൂപവത്കരണസമിതിക്കു കരടു റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം മൂന്നു മാസത്തെ സമയമാണു അനുവദിച്ചിരിക്കുന്നത്. ‘ സഹകരണത്തിലൂടെ ‘ സമൃദ്ധി എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് സഹകരണമേഖലയില്‍ എല്ലാ തലത്തിലും വികസനം കൈവരിക്കുകയാണു പുതിയ സഹകരണനയം കൊണ്ടുദ്ദേശിക്കുന്നത്.