ദേശീയ സഹകരണനയം ഉടനെ പ്രഖ്യാപിക്കും

moonamvazhi
സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടാനായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിക്കുന്ന പുതിയ ദേശീയ സഹകരണനയത്തിന്റെ കരട് തയാറായി. അക്രമസംഭവങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി മണിപ്പൂരിലേക്കു പോയിട്ടുള്ള കേന്ദ്ര ആഭ്യന്തര – സഹകരണമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ കരടിന് അന്തിമാനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.

ദേശീയ സഹകരണനയ രൂപവത്കരണസമിതി ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പ്രഭുവും സമിതിയംഗങ്ങളും തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ നിയമിച്ച സമിതിയില്‍ 47 അംഗങ്ങളാണുള്ളത്. സഹകരണമേഖലയിലെ വിദഗ്ധര്‍ക്കു പുറമേ ദേശീയ-സംസ്ഥാന-ജില്ലാതല സഹകരണസംഘങ്ങളിലെ പ്രതിനിധികളും അംഗങ്ങളില്‍പ്പെടുന്നു. ഏറ്റവും അടിത്തട്ടില്‍വരെ സഹകരണാശയം എത്തിക്കാനും സഹകരണാധിഷ്ഠിത സാമ്പത്തികവികസനം സാധ്യമാക്കാനും ലക്ഷ്യമിടുന്ന പുതിയ ദേശീയനയം അടുത്ത കാല്‍ നൂറ്റാണ്ടുകാലത്തെ സഹകരണവളര്‍ച്ചയാണു വിഭാവനം ചെയ്യുന്നത്.

ദേശീയ സഹകരണനയരൂപവത്കരണസമിതിയുമായുള്ള മന്ത്രി അമിത് ഷായുടെ കൂടിക്കാഴ്ച ഉടനെത്തന്നെ നടക്കുമെന്നു സഹകരണമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. സഹകരണമന്ത്രാലയത്തിലെ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരുമായി സുരേഷ് പ്രഭു തിങ്കളാഴ്ച ചര്‍ച്ചകള്‍ നടത്തി. 2024 നും 2030 നുമിടയില്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളുള്‍പ്പെടെ 50,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാന്‍ പുതിയ കരടുരേഖയില്‍ നിര്‍ദേശമുണ്ടെന്നാണറിയുന്നത്. നബാര്‍ഡിനു തുല്യമായി ദേശീയ സഹകരണ ബാങ്ക് സ്ഥാപിക്കാനും കരടില്‍ നിര്‍ദേശമുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെയായിരിക്കും ഈ ബാങ്ക് സ്ഥാപിക്കുക. 63,000 പ്രാഥമിക കാര്‍ഷികവായ്പാ  സഹകരണസംഘങ്ങള്‍ക്കു ഫണ്ട് വിതരണം ചെയ്യുക ദേശീയ സഹകരണബാങ്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News