ദേവകിക്ക് മറക്കാനാവില്ല പുതുപ്പാടി ബാങ്കിന്റെ ഈ കൈത്താങ്ങ്

web desk

പുതുപ്പാടി സഹകരണ ബാങ്ക് അധികൃതരുടെ ഈ നല്ല മനസ്സില്ലായിരുന്നെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ- കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകിയുടെ വാക്കുകളാണിത്. ഒലിച്ചെത്തിയ മഴവെള്ളപ്പാച്ചില്‍ കൊണ്ടുപോയത് ദേവകിയുടെ വീട് കൂടിയായിരുന്നു. അതില്ലാതായപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയായിരുന്നു. ആ ആധിക്ക് അറുതിയുണ്ടാക്കിയത് പുതുപ്പാടി ബാങ്ക് നല്‍കിയ വീടാണ്. അതിന് ‘ കൃഷ്ണവിലാസം ‘ എന്നുപേരിട്ടു.

സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതിയില്‍പ്പെടുത്തിയാണ് പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് എലിക്കാട് ദേവകിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയായ വീട്ടില്‍ മെയ് നാലിനാണ് ഇവര്‍ താമസമാക്കിയത്. എലിക്കാട് ഭാഗത്ത്, മഴപെയ്താല്‍ വെള്ളം കയറുന്ന തരത്തില്‍ ചതുപ്പ് പ്രദേശത്തായിരുന്നു ദേവകിയുടെ വീട്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീട് പ്രളയകാലത്ത് വെള്ളം കയറി തകര്‍ന്നു വീണതോടെ എല്ലാവരെപ്പോലെ ദേവകിയും കുടുംബവും മണല്‍വയല്‍ സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഇനിയെങ്ങനെ ഒരു വീട് നിര്‍മിക്കുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ വീട് അനുവദിക്കുന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍, ഗുണഭോക്താവ്, സഹകരണ വകുപ്പ് പ്രതിനിധി, ബാങ്ക് ഡയരക്ടര്‍, സെക്രട്ടറി എന്നിവരടങ്ങിയ നിര്‍മാണക്കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഫെബ്രുവരിയില്‍ പണി തുടങ്ങിയപ്പോള്‍ താഴ്ന്ന പ്രദേശത്ത് വീട് നിര്‍മിക്കുക എന്നതാണ് പ്രയാസമായത്. തുടര്‍ന്ന് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിച്ച് ഉയര്‍ത്തിയാണ് ഇവിടെ നിര്‍മാണം നടത്തിയത്. മൂന്ന് മാസത്തിനകം തന്നെ പണി പൂര്‍ത്തിയാക്കി വീട് കൈമാറാന്‍ കഴിഞ്ഞത് വന്‍നേട്ടമായെന്ന് ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധന്‍ പറഞ്ഞു.

രണ്ട് കിടപ്പുമുറി, അടുക്കള, ശുചിമുറി, സിറ്റൗട്ട്, സെന്റര്‍ഹാള്‍ എന്നിവയടങ്ങിയ വീട് 620 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മിച്ചത്. ഏഴ് ലക്ഷം രൂപയാണ് ചെലവഴിച്ചത്. നിര്‍മാണം കരാര്‍ നല്‍കാതെ നേരിട്ട് നടത്തിയതിലൂടെ പരമാവധി ചെലവ് കുറക്കാന്‍ കഴിഞ്ഞു. ജനപ്രതിനിധികളും ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍ സഹകരണ സംഘം താമരശ്ശേരി താലൂക്ക് അസി. രജിസ്ട്രാര്‍ ബി. സുധയാണ് ദേവകിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News