തൊടുപുഴ റൂറൽ ബാങ്കിന്റെ ഇല പദ്ധതിക്ക് തുടക്കമായി:കൃഷിയിൽ ശാസ്ത്രീയ അറിവിനേക്കാൾ നാട്ടറിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് എം.എൽ.എ.
തൊടുപുഴ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് നടപ്പാക്കുന്ന ഇരുപതിൽപരം ഭക്ഷ്യയോഗ്യമായ ഇല ചെടികളുടെ കൃഷിക്ക് മുൻ മന്ത്രി പി.ജെ.ജോസഫ് എം.എൽ.എ തുടക്കം കുറിച്ചു. കുമാരമംഗലത്ത് കെ.കെ. ശ്രീകുമാറിന്റെ 5സെന്റ് കൃഷി സ്ഥലത്തു വിത്തു വിതച് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു .കൃഷിയിൽ ശാസ്ത്രീയ അറിവിനേക്കാൾ നാട്ടറിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് എംഎൽഎ പറഞ്ഞു. കൃഷിയിലും കീട നിയന്ത്രണത്തിലും പഴമക്കാർ തുടർന്നുവന്ന പലരീതികളും സ്മരിച്ചത് കാർഷികരംഗത്തിന് തിരിച്ചടിയായി. പച്ചകറി കൃഷിയോടൊപ്പം കന്നുകാലി പരിചരണവും ഓരോ വീടിന്റെയും ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമുക്കു ചുറ്റുമുള്ളതും വിദേശ ഇനങ്ങളുമായി ഇരുപതിൽപരം ഭക്ഷ്യയോഗ്യമായ ഇലച്ചെടികൾ കൃഷിചെയ്യുകയും സംഭരിക്കുകയും വിപണനം നടത്തുകയുമാണ് ഇല പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. തൊടുപുഴ താലൂക്കിലെ ഓരോ പഞ്ചായത്തിലും ഇതിനായി ബാങ്കിന്റെ നേതൃത്വത്തിൽ ക്ലസ്റ്ററുകൾ രൂപീകരിക്കും. അമ്പതിൽ താഴെ അംഗങ്ങളായുള്ള ഓരോ ക്ലസ്റ്ററുകൾക്കും ആവശ്യമായ സാമ്പത്തിക- കാർഷിക സഹായങ്ങൾ ബാങ്ക് നൽകും. ഈ രംഗത്ത് വിദഗ്ധരായ സജീവൻ കാവുങ്കര കെ.കെ. ശ്രീകുമാർ എന്നിവർ ഇവർക്കൊപ്പം ഉണ്ടാകും.
ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് ജലജ ശശി, എം.ജെ. ജേക്കബ്, ടി.ജി. ബിജു, സെക്രട്ടറി ടി.എ.ബിനീഷ് എന്നിവർ സംസാരിച്ചു.