തെലങ്കാനയില്‍ സഹകരണ സംഘം ചെയര്‍മാന്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നു
തെലങ്കാനയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ( PACS ) ചെയര്‍മാന്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്നു സംസ്ഥാന സഹകരണ മന്ത്രി എസ്. നിരഞ്ജന്‍ റെഡ്ഡി അറിയിച്ചു. സംഘങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലായിരിക്കും ഓണറേറിയം നിശ്ചയിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.
സഹകരണ മേഖലയ്ക്കായി പുതിയ നയം ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 2019 ല്‍ സഹകരണ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഏഴംഗക്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി ഈയിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ചെയര്‍മാന്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. സഹകരണ സംഘങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ബാധകമായ ഏകീകൃത ചട്ടങ്ങളും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.