തദ്ദേശസ്ഥാപനങ്ങളുടെ ബാങ്കായി കേരളബാങ്കിനെ മാറ്റുമെന്ന് സര്‍ക്കാര്‍; നയത്തില്‍ തിരുത്ത്

moonamvazhi

ആധുനിക ബാങ്കിങ് സംവിധാനം നിലവില്‍വന്നതോടെ കേരളബാങ്കിനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കായി മാറ്റുന്നതിനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നതെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ധനകാര്യ സ്ഥാപനമായി പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റുമെന്നാണ് സംസ്ഥാനത്തിന്റെ സഹകരണ നയത്തില്‍ പറയുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിലടക്കം പങ്കാളിയാകുന്ന വിധത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മാറ്റണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കരട് സഹകരണ നയത്തിലെയും നിര്‍ദ്ദേശം. ഇതിന് പകരമായാണ് ഇപ്പോള്‍ കേരളബാങ്കിനെ തദ്ദേശ സ്ഥാപനങ്ങളുടെ ബാങ്കായി മാറ്റാനാകുമെന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി വിശദീകരിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. സഹകരണ സംഘങ്ങളെ ബന്ധിപ്പിക്കുന്ന പൊതുസോഫ്റ്റ് വെയറില്‍ ട്രഷറി, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയ മറ്റ് ഏജന്‍സികളുമായി നേരിട്ട് ഇടപാടുനടത്തുന്നതിനുള്ള സംവിധാനമുണ്ടാകും. ഈ രീതിയിലാണ് ആര്‍.എഫ്.പി. തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി വിശദീകരിക്കുന്നു.

കേരളബാങ്കിന്റെ കോര്‍ബാങ്കിങ് സംവിധാനവുമായി പ്രാഥമിക സഹകരണ ബാങ്കുകളെ ബന്ധിപ്പിക്കുകയാണ് പൊതുസോഫ്റ്റ് വെയറിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതോടെ കേരളബാങ്കും-പ്രാഥമിക ബാങ്കുകളും തമ്മിലുള്ള ഇടപാടുകളെല്ലാം ഓണ്‍ലൈനായി നടത്താനാകും. നിലവില്‍ കേരളബാങ്കിലെ അംഗ സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ പ്രത്യേകം ആപ്പ് കേരളബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. കേരളബാങ്കിന്റെ ഏകീകൃത കോര്‍ബാങ്കിങ് സംവിധാനം 2022 ഡിസംബറില്‍ നിലവില്‍ വന്നിരുന്നു. ഇതിന് ശേഷമാണ് വ്യക്തികള്‍ക്കും അംഗസംഘങ്ങള്‍ക്കും ഉപയോഗിക്കാനായി പ്രത്യേകം മൊബൈല്‍ ആപ്പുകള്‍ കൊണ്ടുവന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനം നേരിട്ട് ഉപയോഗിക്കാനാകുമോയെന്നതാണ് ഏറ്റവും പ്രധാനം. കേരളബാങ്കിന്റെഡിജിറ്റല്‍ ബാങ്കിങ് സംവിധാനം പ്രാഥമിക ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ഉപയോഗിക്കാനാകണമെന്നതാണ് പ്രാഥമിക ബാങ്കുകളിലുള്ളവരുടെ ആവശ്യം. ഇതാണ് സഹകരണ വകുപ്പും വാഗ്ധാനം ചെയ്യുന്നത്. എന്നാല്‍, കേരളബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം പ്രാഥമിക ബാങ്കുകളിലേക്ക് എത്തുമ്പോള്‍ ഇടപാടുകാരെല്ലാം കേരളബാങ്കിന്റേതായി മാറാനുള്ള സാധ്യതയാണ് മന്ത്രിയുടെ ഇപ്പോഴത്തെ വിശദീകരണത്തിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ബാങ്കായി മാറണമെങ്കില്‍ കേരളബാങ്കിന്റെ ഒരു ശാഖ എന്ന നിലയില്‍ പ്രാഥമിക ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Latest News