ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എങ്ങനെ ശക്തമാക്കാം ?
സമൂഹത്തില്‍ വരുമാനം വിതരണം ചെയ്യപ്പെടുകയും വരുമാനകാര്യത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്താലേ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ അര്‍ഥപൂര്‍ണമാവൂ. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമായി നടപ്പാക്കി വിജയിപ്പിച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളം. എന്നിട്ടും, ദൈനംദിന ബാങ്കിങ് ഇടപാടില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമാകണമെങ്കില്‍ സഹകരണ ബാങ്കുകള്‍ കുറെക്കൂടി ശക്തമായി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതായിട്ടുണ്ട.
സാമ്പത്തികമേഖലയില്‍ നമ്മുടെ രാജ്യത്ത് ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദവും കഴിയുമ്പോള്‍ ബാങ്കിങ്്‌മേഖലയിലും സാമ്പത്തികരംഗത്തും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്ന ഒരു കാലഘട്ടം കൂടിയാണിത.് ഇതോടൊപ്പം, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളും ബാങ്ക് പലിശനിരക്കിലെ വ്യതിയാനങ്ങളുംകൂടി വരുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ അതു വന്‍തോതില്‍ ബാധിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 ഒക്‌ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മുന്‍ മാസങ്ങളെക്കാള്‍ കുറഞ്ഞ തോതിലാണു ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ വളര്‍ച്ചയുണ്ടായിട്ടുള്ളത് എന്നു റിസര്‍വ് ബാങ്കിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 17.2 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍ മൂന്നാം പാദത്തില്‍ 16.8 ശതമാനം വളര്‍ച്ച മാത്രമാണു നേടാനായത്. ഇതില്‍ത്തന്നെ ഷെഡ്യൂള്‍ഡ് -കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സ്വകാര്യ ബാങ്കുകളുടെതിനെക്കാള്‍ പുറകിലാണെന്നു കണ്ടെത്താന്‍ കഴിയും. സ്വകാര്യ ബാങ്കുകള്‍ 19.1 ശതമാനമാണു മൂന്നാം പാദത്തില്‍ വളര്‍ച്ച നേടിയിട്ടുള്ളത്. എന്നാല്‍, നിക്ഷേപത്തിന്റെ കാര്യത്തില്‍ 10.3 ശതമാനമാണു വളര്‍ച്ച. 2021 ല്‍ ഇതു 9.6 ശതമാനമാണ്. ഇതിനര്‍ഥം ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം ലഭിക്കുന്നുണ്ടെങ്കിലും അതു വായ്പയായി സാധാരണക്കാരില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്കു കഴിയേണ്ടതുണ്ട് എന്നാണ്.
നിക്ഷേപ- വായ്പ
അനുപാതം
ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാത്രമാണു നിക്ഷേപ -വായ്പാ അനുപാതം 100 ശതമാനത്തില്‍ കൂടിയിട്ടുള്ളത്. ഇന്ത്യയില്‍ അതു 75 ശതമാനത്തിനടുത്തു മാത്രമാണ്. കേരളത്തില്‍ 65 ശതമാനത്തിനടുത്താണ്. ഇതു സൂചിപ്പിക്കുന്നതു ബാങ്കിങ് പ്രവര്‍ത്തനം ഫലപ്രദമായി ജനങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടില്ല എന്നുതന്നെയാണ്. ഇതിന്റെയെല്ലാം ഫലമായി, സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നമ്മുടെ മൊത്തം ആഭ്യന്തരോല്‍പ്പാദന ( ജി.ഡി.പി ) വളര്‍ച്ച കേവലം 4.4 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. പത്തു ശതമാനം പലിശയ്ക്കു വായ്പ വാങ്ങി ആരംഭിക്കുന്ന ഒരു സംരംഭം 4.4 ശതമാനം മാത്രം വളര്‍ച്ച നേടുന്നുവെങ്കില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തുമെന്ന് ഉറപ്പാണ്. അതിനാല്‍, കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ബാങ്കുകള്‍ക്കു കഴിയണം. ഇത്തരത്തില്‍ ആലോചിക്കുമ്പോഴാണ് ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താതെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ അസാധ്യമാണെന്നു മനസ്സിലാവുന്നത്. അതോടൊപ്പംതന്നെ, ആധുനിക കാലഘട്ടത്തില്‍ ജനങ്ങളിലേയ്ക്ക് എന്തെങ്കിലും വിവരങ്ങള്‍ എത്തിക്കണമെങ്കില്‍ പരമ്പരാഗത മാധ്യമസങ്കേതങ്ങള്‍ പരാജയപ്പെടുന്നതായും സാമൂഹിക മാധ്യമങ്ങളുടെ പങ്ക് വര്‍ധിക്കുന്നതായും കാണാനാവും. ഈ അര്‍ഥത്തിലാണ് ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിലെ മൊത്തം ജനവിഭാഗങ്ങള്‍ക്കും ബാങ്കിങ് സേവനം എത്തിക്കുകയും മൊത്തം ജനവിഭാഗങ്ങളും സമ്പാദ്യം നിക്ഷേപിക്കാനും വായ്പ എടുക്കാനുമായി ബാങ്കുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമാണു പ്രാദേശിക സാമ്പത്തികവികസനം ത്വരിതപ്പെടുന്നത്.
ബാങ്ക്
ദേശസാല്‍ക്കരണം
1947 ല്‍ സ്വാതന്ത്ര്യം നേടിയ നമ്മുടെ രാജ്യത്ത് ഇപ്പോഴും വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിച്ചേരാത്ത ഒട്ടനവധി പേര്‍ അധിവസിക്കുന്നുണ്ട്. അവരില്‍ 40 ശതമാനത്തോളം നിരക്ഷരരായും അടിസ്ഥാന വിദ്യാഭ്യാസംപോലും നേടാന്‍ കഴിയാത്തവരായുമുണ്ട് എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. തലചായ്ക്കാന്‍ ഉറപ്പുള്ളൊരു മേല്‍ക്കൂര ഇന്നും പലര്‍ക്കും അപ്രാപ്യമാണ്. ശുചിമുറികളുടെയും വൃത്തിയുടെയും കാര്യത്തിലും ആരോഗ്യമേഖലയിലും ഇത്തരത്തില്‍ വികസനം എത്തിച്ചേരാത്ത ഒട്ടനവധി പേര്‍ നമ്മുടെ രാജ്യത്തുണ്ട് എന്നതു നമ്മെ ലജ്ജിപ്പിക്കേണ്ട വസ്തുതയാണ്. ഒരു ഭാഗത്തു സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുമ്പോള്‍ മറുഭാഗത്തു ദരിദ്രര്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ പ്രാന്തവത്ക്കരിക്കപ്പെടുന്ന സാഹചര്യം നമ്മുടെ രാജ്യത്തു വര്‍ധിക്കുന്നു എന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു. കോവിഡ് കാലഘട്ടത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലേയ്ക്കു മടങ്ങാനായി റെയില്‍പ്പാളത്തിലൂടെ നടന്നുനീങ്ങുന്നതും യാത്രാക്ഷീണത്താല്‍ തളര്‍ന്നുറങ്ങിപ്പോയ ഏതാനും പേരുടെ ശരീരത്തിലൂടെ തീവണ്ടി കടന്നുപോയതും നാം ഒരു ഞെട്ടലോടെയാണു കേട്ടത്. അതുകൊണ്ടുതന്നെ, വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു സാമ്പത്തിക ഉള്‍പ്പെടുത്തല്‍ അഥവാ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന പദ്ധതിക്കു രൂപം നല്‍കിയത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും അതില്‍ ബാങ്കുകളുടെ പങ്കും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണു അവര്‍ 1969 ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടപ്പാക്കിയത്.
നെഹ്‌റുവിയന്‍ കാലഘട്ടത്തിലെ വികസനസങ്കല്‍പ്പങ്ങളില്‍ നിന്നു ഏറെ പിന്നോട്ട് പോവുകയോ തിരിച്ചുനടക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് ഇന്നു രാജ്യത്തു കാണുന്നത്. സമൂഹത്തിലെ സമ്പന്നരുടെ കൈയില്‍ നിന്നു സ്വരൂപിക്കുന്ന നിക്ഷേപം ബാങ്കുകള്‍ സാധാരണക്കാര്‍ക്കു വായ്പയായി വിതരണം ചെയ്യണമെന്നാണു ബാങ്കിങ് പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ സമൂഹത്തില്‍ വരുമാനം വിതരണം ചെയ്യപ്പെടുകയും വരുമാനത്തിന്റെ കാര്യത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണു സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമായി നടപ്പാക്കി വിജയിപ്പിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നത് ഒരു പരിധിവരെ ഇവിടെ യാഥാര്‍ഥ്യമായിരിക്കുന്നു. എന്നാല്‍, അക്കൗണ്ട് തുടങ്ങുന്നതിനപ്പുറം ബാങ്കിങ് പ്രവര്‍ത്തനത്തിലേക്ക് ഇവരെ എത്തിക്കാന്‍ കഴിഞ്ഞുവോ എന്നതു വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഒട്ടനവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. ഇതില്‍നിന്നു വ്യക്തമാകുന്നതു കേരളത്തില്‍പ്പോലും വികസനം എത്തിച്ചേരാത്ത ഒറ്റപ്പെട്ട തുരുത്തുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ്. ആദിവാസിസമൂഹം, സ്ത്രീകള്‍, ഇടത്തരം വരുമാനക്കാരായ മുസ്ലീം സ്ത്രീകള്‍, അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്നിവരെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. എന്തുകൊണ്ട് സഹകരണ ബാങ്കുകള്‍ക്ക് ഇവരില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല?
സഹകാരിസമൂഹം
ഉണരണം
ബാങ്കുകളുടെ നിക്ഷേപ -വായ്പാ അനുപാതവും വായ്പ പ്രയോജനപ്പെടുത്തുന്ന ജനവിഭാഗങ്ങളെയും പരിശോധിച്ചാല്‍ വ്യക്തമാകുന്നതു പിരമിഡിന്റെ അടിയിലെ തട്ടില്‍ ഉള്ളവരിലേക്ക് ഇനിയും വികസനം എത്തിച്ചേരേണ്ടതുണ്ട് എന്നതാണ്. ഒരു പഞ്ചായത്തിലെ ജനസംഖ്യ ഒരുപക്ഷേ, മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനുമിടയില്‍ വന്നേക്കാം. ഇതില്‍ത്തന്നെ പകുതിയോളം പേര്‍ സഹകരണ ബാങ്കുകളില്‍ അംഗങ്ങളായിരിക്കും. എന്നാല്‍, ഇവരില്‍ എത്രപേര്‍ ദൈനംദിന ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ബാങ്കിന്റെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നു പരിശോധിച്ചാല്‍ മൊത്തം ജനസംഖ്യയുടെ അഞ്ചു മുതല്‍ എട്ടു ശതമാനം വരെ മാത്രമേ വരൂ എന്നു കണ്ടെത്താനാവും. ഇതുകൊണ്ടുതന്നെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമാകണമെങ്കില്‍ സഹകരണ ബാങ്കുകള്‍ കുറെക്കൂടി ശക്തമായി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതായിട്ടുണ്ട് എന്നു തിരിച്ചറിയാനാവും. ഒരുപക്ഷേ, കേരളത്തില്‍ ഇതു സാധ്യമായാല്‍ അടുത്ത ഇരുപതോ മുപ്പതോ വര്‍ഷത്തിനകം കേരളത്തിന്റെ ഈ മാതൃക രാജ്യമാകെ പിന്തുടര്‍ന്നേക്കാം. അതിനാല്‍ കേരളത്തിലെ സഹകാരിസമൂഹം ഒരു ആത്മപരിശോധനക്കു വിധേയരാകേണ്ടതുണ്ട്.
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തല്‍
ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നു ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ്. എന്നാല്‍, സാങ്കേതികവിദ്യാപ്രയോഗത്തില്‍ നമ്മുടെ ബാങ്കുകള്‍ എവിടെയാണു നില്‍ക്കുന്നത് എന്നു പരിശോധിച്ചിട്ടുണ്ടോ ? പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ഏകദേശം 25 ശതമാനവും ഇപ്പോഴും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. കമ്പ്യൂട്ടര്‍വല്‍ക്കരിച്ച പല ബാങ്കുകളിലും ഇപ്പോഴും കോര്‍ബാങ്കിങ് നടപ്പാക്കിയിട്ടില്ല. കോര്‍ബാങ്കിങ് നടപ്പാക്കിയ ബാങ്കുകളില്‍പ്പോലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ക്ലൗഡ് സാങ്കേതികവിദ്യ ഇപ്പോഴും പല ബാങ്കുകള്‍ക്കും അന്യമാണ്. ഡാറ്റയുടെ സുരക്ഷ എന്നതു വലിയ ചോദ്യചിഹ്‌നമാണ്. എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിങ്, ഐ.എം.പി.എസ്., ആധാര്‍ ഉപയോഗപ്പെടുത്തിയുള്ള ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കേവലം മോഹങ്ങളായി അവശേഷിക്കുന്നു. സഹകരണ ബാങ്കുകളെ പരസ്പരം ഏകോപിപ്പിക്കുന്നതിനോ അവയെ ഒരു ശൃംഖലയുടെ ഭാഗമാക്കുന്നതിനോ ഇനിയും കഴിഞ്ഞിട്ടില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേരള ബാങ്ക് രൂപീകൃതമായിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ഒരൊറ്റ കോര്‍ബാങ്കിങ് സംവിധാനത്തില്‍ പൂര്‍ണമായും എത്തിക്കഴിഞ്ഞിട്ടില്ല. അടുത്ത കാലത്തായി കേരള ബാങ്കില്‍ കൂട്ടിച്ചേര്‍ത്ത മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിന്റെ കമ്പ്യൂട്ടര്‍ശൃംഖലയില്‍ കൊണ്ടുവരാന്‍ ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക സഹകരണസംഘങ്ങള്‍ക്കുകൂടി സാങ്കേതികവിദ്യയുടെ പ്രയോജനം എത്തിച്ച് ആധുനിക ബാങ്കായി മാറുമെന്ന കേരള ബാങ്കിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകാന്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. റിസര്‍വ് ബാങ്ക്, കേരള ബാങ്കിന് അനുമതി നല്‍കുന്നവേളയില്‍ ഇത്തരത്തില്‍ കോര്‍ബാങ്കിങ് ശൃംഖല നടപ്പാക്കണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. എങ്കിലും, കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പ്രവര്‍ത്തനം പൂര്‍ണമായും നടപ്പാക്കാനാവാത്ത സ്ഥിതിവിശേഷമാണു നിലവിലുള്ളത്. സഹകാരികളുടെയും സഹകരണ ബാങ്ക് ജീവനക്കാരുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം പരിശോധിച്ചാല്‍ ഈ വിഷയം എന്തുകൊണ്ട് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നു ബോധ്യപ്പെടും. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പ്രവാസി മലയാളികള്‍ നാട്ടിലേയ്ക്കയക്കുന്ന സമ്പാദ്യമാണെന്നു തിരിച്ചറിയുമ്പോള്‍ ഇതു സഹകരണ മേഖലയിലേയ്ക്കും അതുവഴി സാധാരണ ജനങ്ങളിലേയ്ക്കും എത്തിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ രംഗത്ത് ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നു തിരിച്ചറിയാനാകും. വരുംദിവസങ്ങളിലെ പ്രവര്‍ത്തനം ഈ രംഗത്തു കേന്ദ്രീകരിക്കുന്നതു ഉചിതമായിരിക്കും.
സാമൂഹിക
മാധ്യമങ്ങള്‍
ഇതുമായി ചേര്‍ത്തു ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം സാമൂഹികമാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ്. മിക്ക സഹകരണസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റ് പരിശോധിച്ചാല്‍ സ്ഥാപനത്തെക്കുറിച്ച് കേവലമായ ചില വിവരങ്ങള്‍ക്കപ്പുറം മറ്റൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്നു പത്ര, ദൃശ്യ മാധ്യമങ്ങളെക്കാള്‍ കേരളത്തിലെ ജനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതു സാമൂഹികമാധ്യമങ്ങളെയാണ്. ഈ ആധുനിക കാലഘട്ടത്തില്‍ എല്ലാ വ്യാപാര -വ്യവസായ സ്ഥാപനങ്ങളും ബാങ്കുകളും വ്യക്തികളും സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്റെ വേഗം വര്‍ധിപ്പിക്കുകയും പുതിയ മാതൃകകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലും പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ സ്ഥാപനങ്ങളും സാമൂഹികമാധ്യമങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ അംഗങ്ങളുള്ള സഹകരണപ്രസ്ഥാനത്തിന് എന്തുകൊണ്ട് ഈ മേഖലയില്‍ കരുത്തു തെളിയിക്കാന്‍ കഴിയുന്നില്ല എന്നു പരിശോധിക്കേണ്ടതുണ്ട്. ഇത്തരം ഒരന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഈ മേഖലയുടെ മൊത്തം പിന്നോക്കാവസ്ഥയിലേക്കാണ്. ജീവനക്കാരുടെ അറിവും കാര്യശേഷിയും മറ്റു ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പുറകിലാണെന്നു കാണാം. അതുകൊണ്ടുതന്നെ ഇതു പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൃത്യമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
ഒരു വൈജ്ഞാനിക സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു നമ്മള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയപ്രസ്ഥാനങ്ങളും വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും സാമൂഹികമാധ്യമങ്ങളുടെ ഗുണഫലം പ്രയോജനപ്പെടുത്തുന്നതിന്റെ ഒട്ടനവധി മാതൃകകള്‍ നമ്മുടെ മുമ്പിലുണ്ട്. സഹകരണമേഖലയ്ക്കു നേതൃത്വം കൊടുക്കുന്ന സഹകരണ വകുപ്പുദ്യോഗസ്ഥര്‍, സഹകാരിസമൂഹം, സഹകരണ ജീവനക്കാര്‍ എന്നിവരെല്ലാം ഈ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട് എന്നുതന്നെയാണു വിശ്വസിക്കുന്നത്. നമ്മുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍, ഈ മാറ്റങ്ങള്‍ക്കൊപ്പം അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച്, കൃത്യമായ കര്‍മപരിപാടി തയാറാക്കി നടപ്പാക്കേണ്ടതുണ്ട്. ഒരു സഹകരണസ്ഥാപനത്തിലെ അംഗങ്ങളെ അവര്‍ താമസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയും അവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ദൈനംദിനം ബന്ധപ്പെടാന്‍ ഒരു ജീവനക്കാരനെ/ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും ചെയ്യേണ്ടതു അനിവാര്യമായിരിക്കുന്നു. അതോടൊപ്പം, വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന നേതൃത്വപരമായ കഴിവുകളുള്ള പുതിയ ജീവനക്കാരെ കണ്ടെത്തുകയും വേണം. ചുരുക്കത്തില്‍, കൃത്യമായ പരിപാടികളും ആവശ്യമായ ചുമതലക്കാരും അതു നടപ്പാക്കാന്‍ ആവശ്യമായ സംഘടനാസംവിധാനവും ഒന്നിപ്പിക്കുമ്പോള്‍ മാത്രമാണു നമ്മളുദ്ദേശിച്ച നിലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നത്. കേരളത്തിലെ ഏതാനും സംഘങ്ങള്‍ ഈ മേഖലയില്‍ ഇതിനകം ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ അതിനായുള്ള പരിശ്രമത്തിലാണ്. പക്ഷേ, ഇതുകൊണ്ട് നിര്‍ത്താതെ കൂടുതല്‍ ഫലപ്രദമായി ഈ മേഖലയില്‍ ഇടപെടാനും നേതൃത്വപരമായ പങ്ക് വഹിക്കാനും ഗുണപരമായ മാറ്റം വരുത്താനും കഴിയേണ്ടതുണ്ട്. ഇത്തരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ നമുക്കു കൂടുതല്‍ ചെറുപ്പക്കാരെ സഹകരണപ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയും. അതിനായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാം.