ടൂറിസം പുനരുജ്ജീവനത്തിനും കരുത്താവുക സഹകരണ സംഘങ്ങള്‍

Deepthi Vipin lal

കോവിഡ് തകര്‍ത്ത വിനോദ സഞ്ചാരമേഖലയ്ക്ക് കരകയറാനുള്ള പ്രത്യേക പാക്കേജും നടപ്പാക്കുക സഹകരണമേഖലയുടെ പങ്കാളിത്തത്തോടെ. ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യം വച്ചാണ് പ്രധാനമായും പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. പ്രാഥമിക സഹകരണസംഘങ്ങള്‍, കുടുംബശ്രീ, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിനോദ സഞ്ചാരമേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും.

ടൂറിസം മേഖലയുടെ സംരംഭങ്ങളുടെ പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മാര്‍ക്കറ്റിങ്ങിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി ചെലവിടും. പ്രവര്‍ത്തന മൂലധനത്തിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.

മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് എന്നീ രണ്ട് സര്‍ക്യൂട്ടുകള്‍ നടപ്പാക്കുന്നതിന് 50 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരം, പൊന്നാനി, തൃത്താല തുടങ്ങിയ പ്രദേശങ്ങളാണ് ലിറ്റററി സര്‍ക്യൂട്ടില്‍ ഉള്ളത്. കൊല്ലം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്.

സര്‍ക്യൂട്ടിന്റെ ഭാഗമായി പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും ,താമസസൗകര്യം ഒരുക്കുന്നതിനുമെല്ലാം അതത് പ്രദേശങ്ങളിലെ സഹകരണസംഘങ്ങള്‍ക്ക് അവസരം ലഭിക്കും. സംഘങ്ങള്‍ക്ക് കീഴിലെ ചെറിയ സംരംഭ കൂട്ടായ്മകള്‍ക്കും പദ്ധതിയില്‍ ഇടം ലഭിക്കും. ഇതോടൊപ്പം ഭക്ഷണവിതരണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സാധിക്കും.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യം ഒരുക്കും. ആദ്യഘട്ടത്തില്‍ കൊല്ലം, കൊച്ചി , തലശ്ശേരി മേഖലകളിലെ പദ്ധതിക്ക് അഞ്ച് കോടി രൂപ അനുവദിച്ചു. നേരത്തെ മലബാര്‍ ക്ര്യൂയിസ് ടൂറിസം പദ്ധതി വിജയകരമാക്കുന്നതില്‍ സഹകരണബാങ്കുകള്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സഹകരണമേഖലയില്‍ നിന്നും കൂടുതല്‍ നിക്ഷേപവും പങ്കാളിത്തവും ടൂറിസം രംഗത്ത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Latest News