ജോര്‍ട്ടി എം.ചാക്കോ കേരളാബാങ്ക് പുതിയ സി.ഇ.ഒ.; ലേബര്‍ഫെഡിലും ഹൗസ് ഫെഡിലും സര്‍ക്കാര്‍ നോമിനികള്‍ 

moonamvazhi

കേരള ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയമനം. ഐ.ഡി.ബി.ഐ. ബാങ്കിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പദവിയില്‍നിന്ന് വിരമിച്ചയാളാണ് ജോര്‍ട്ടി എം. ചാക്കോ. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പുതിയ നിയമനം.

നിലവിലെ സി.ഇ.ഒ. പി.എസ്. രാജന്റെ കാലാവധി മൂന്നുതവണ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. പുതിയ സി.ഇ.ഒ.യുടെ നിയമനത്തിന് പ്രത്യേകം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ സെലക്ഷന്‍ നടപടികള്‍ വൈകിയതിനാലാണ് പി.എസ്.രാജന്റെ കാലാവധി നീട്ടിനല്‍കികൊണ്ടിരുന്നത്. രണ്ടുമാസം കൂടി അദ്ദേഹത്തിന്റെ ദീര്‍ഘിപ്പിച്ച കാലാവധി ബാക്കിയുണ്ട്. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം അവധിയിലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം സി.ഇ.ഒ. നിയമനം സര്‍ക്കാര്‍ വേഗത്തിലാക്കിയത്.

കേരള സംസ്ഥാന ലേബര്‍ കോഓപ്പറേറ്റീവ് ഫെഡറേഷന്റെ ഭരണസമിതിയിലേക്കും സര്‍ക്കാര്‍ പ്രതിനിധികളായി രണ്ടുപേരെ നാമനിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്. കല്‍പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി അംഗം യു. വേണുഗോപാലന്‍, കോഴിക്കോട് കായണ്ണ ബസാര്‍ കൈരളി ലേബര്‍ കോണ്‍ട്രാക്ടേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ പി.പി. സജീവന്‍ എന്നിവരാണ് ലേബര്‍ ഫെഡിലേക്കുള്ള സര്‍ക്കാര്‍ നോമിനികള്‍. സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷനിലേക്ക് സര്‍ക്കാര്‍ നോമിനികളെയും നിശ്ചയിച്ചു. വടകര മടപ്പള്ളി സ്വദേശി ടി.പി.ബിനീഷ്, മൂവാറ്റുപുഴ കോട്ടക്കുടിയില്‍ കെ.എ.നവാസ് എന്നിവരെയാണ് ഹൗസ് ഫെഡില്‍ ഉള്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News