ജീവനക്കാര്‍ക്കെതിരായ സഹകരണ ചട്ടം ഭേദഗതി പിന്‍വലിക്കണം – യു. ബി. ഇ. ഒ
സഹകരണ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന തരത്തില്‍ സഹകരണ ചട്ടം 185(2) ല്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിന് തെളിവാണെന്ന് അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി ആഭിപ്രായപ്പെട്ടു.
സഹകരണ മേഖലയുടെ വളര്‍ച്ചക്കും പുരോഗതിക്കും മറ്റാരെക്കാളും പ്രവര്‍ത്തിക്കുന്നത് സഹകരണ ജീവനക്കാര്‍ തന്നെയാണെന്നും ചട്ടം 185 (10) ഭേദഗതി മൂലം പല സ്ഥാപനങ്ങളിലും സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക് പിരിയുന്നത് വരെ പ്രമോഷന്‍ ലഭിക്കാത്ത സാഹചര്യം വന്നിരിക്കുകയാണെന്നും
ഇപ്പോള്‍ ചട്ടം 185 (2) ഭേദഗതി വഴി പ്രാഥമിക സഹകരണ സംഘങ്ങളിലെയും അര്‍ബന്‍ ബാങ്കുകളിലെയും അസിസ്റ്റന്റ് സെക്രട്ടറി/ മാനേജര്‍ തസ്തിയിലേക്കുള്ള പ്രമോഷനും നിയമനവും നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗം ആക്കി തിരിച്ച് സംവരണം നടപ്പിലാക്കിയിരിക്കുകയാണെന്നും ഇതുവഴി 20 കോടി രൂപ വരെ നിക്ഷേപമുള്ള സംഘങ്ങളില്‍ അസിസ്റ്റന്റ് സെക്രട്ടറി/ മാനേജര്‍ തസ്തികയിലേക്ക് മൂന്നു പേരെ സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കുമ്പോള്‍ ഒരാളെ നേരിട്ട് നിയമിക്കണമെന്നും 20 കോടിക്കു മുകളില്‍ 100 കോടി വരെ നിക്ഷേപമുള്ള സംഘങ്ങളില്‍ 2:1 എന്ന് അനുപാതത്തിലും 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംഘങ്ങളില്‍ ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ഒരാളെ നേരിട്ട് നിയമിക്കണം എന്നുമുളള വ്യവസ്ഥ വന്നിരിക്കുകയാണെന്നു. ഈ ഉത്തരവ് യോഗ്യരായ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത പാടെ ഇല്ലാതാക്കുന്നുവെന്നും പ്രസ്തുത ഭേദഗതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് പി. ഉബൈദുള്ള എം.എല്‍.എ, വര്‍ക്കിംഗ് പ്രസിഡണ്ട് സി. എച്ച്. മുസ്തഫ, ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍, ട്രഷറര്‍ നൗഫല്‍ പാണ്ടികശാല എന്നിവര്‍ സംസാരിച്ചു.