ജര്‍മന്‍ ബാങ്കില്‍ നിന്നു എന്‍.സി.ഡി.സി. 600 കോടി രൂപ വായ്പയെടുക്കുന്നു
ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്ച്ച് ബാങ്കില്‍ നിന്ന് എന്‍.സി.ഡി.സി.ക്ക് 68.87 ലക്ഷം യൂറോ (600 കോടി രൂപ) വായ്പ ലഭിച്ചു. രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ക്കു ധനസഹായം നല്‍കാനാണു ഈ തുക വിനിയോഗിക്കുക.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാറിന്റെ സാന്നിധ്യത്തിലാണു എന്‍.സി.ഡി.സി.യും ജര്‍മന്‍ ബാങ്കും വായ്പക്കരാര്‍ ഒപ്പിട്ടത്.
കമ്പോളങ്ങളുമായുള്ള കര്‍ഷകരുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സും എന്‍.സി.ഡി.സി.യും തമ്മില്‍ മറ്റൊരു കരാറും ഒപ്പിട്ടു. രാജ്യത്ത് ആരംഭിക്കുന്ന കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ക്കു ( എഫ്.പി.ഒ ) ഈ രണ്ടു കരാറുകളിലൂടെ എളുപ്പത്തില്‍ വായ്പയും വിപണിയും ലഭ്യമാകുമെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ യൂറോപ്യന്‍ ബാങ്കുകളിലൊന്ന് എന്‍.സി.ഡി.സി.ക്ക് വായ്പ നല്‍കുന്നത്. കോവിഡ് -19 സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു ലഭിക്കുന്ന ഇത്തരമൊരു വായ്പ ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ബാങ്കിനുള്ള വിശ്വാസമാണു പ്രകടമാക്കുന്നത്.
കാര്‍ഷിക മേഖലയില്‍ എന്‍.സി.ഡി.സി.യുമായി ശക്തമായ ബന്ധമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ബാങ്ക് സി.ഇ.ഒ.യും ഇന്ത്യയിലെ മേധാവിയുമായ കൗശിക് ഷാപാരിയ പറഞ്ഞു. ‘സഹകരണ സംഘങ്ങള്‍ക്കായുള്ള സംഘടന എന്ന നിലയില്‍ എന്‍.സി.ഡി.സി. സ്ഥാപിതമായതു മുതല്‍ (1963 മുതല്‍) സുസ്ഥിര ഉപജീവനമാര്‍ഗ്ഗം നേടുന്നതിനുള്ള യാത്രയില്‍ കര്‍ഷകരെ സഹായിക്കുന്നുണ്ട് – എന്‍.സി.ഡി.സി. മാനേജിങ് ഡയരക്ടര്‍ സന്ദീപ് നായക് പറഞ്ഞു.
1700 ലധികം ജര്‍മന്‍ കമ്പനികള്‍ ഇന്ത്യയില്‍ സജീവമാണ്. ഇവയെല്ലാം ചേര്‍ന്നു ഏകദേശം നാലു ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്നു. യൂറോപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ജര്‍മനിയാണ്. 1963 ല്‍ സ്ഥാപിതമായ എന്‍.സി.ഡി.സി. 2014 മുതല്‍ രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് 1600 കോടി യൂറോയുടെ വായ്പ നല്‍കിയിട്ടുണ്ട്.