ഛത്തീസ്ഗഢില്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലുസംഭരണം സര്‍വകാല റെക്കോഡില്‍
ഛത്തീസ്ഗഢില്‍ ഇത്തവണത്തെ ഖാരിഫ് മാര്‍ക്കറ്റിങ് സീസണില്‍ താങ്ങുവിലയ്ക്കു സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലു സംഭരണം റെക്കോഡ് സൃഷ്ടിച്ചു. സംസ്ഥാനത്തെ 2739 കേന്ദ്രങ്ങളിലായി 144.92 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഇത്തവണ സംഭരിച്ചത്. 130 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. സംഘങ്ങള്‍വഴി ജനുവരി 31 നവസാനിക്കേണ്ടിയിരുന്ന നെല്ലുസംഭരണം നാലു ദിവസത്തേക്കുകൂടി നീട്ടിയിരുന്നു.
ഛത്തീസ്ഗഢില്‍ രജിസ്റ്റര്‍ ചെയ്ത നെല്‍ക്കര്‍ഷകരുടെ എണ്ണം ഇപ്പോള്‍ 26.85 ലക്ഷമാണ്. ഇതില്‍ ഇക്കൊല്ലം പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ 2.65 ലക്ഷമാണ്. 2000 നവംബറില്‍ രൂപം കൊണ്ട പുതിയ സംസ്ഥാനമായ ഛത്തീസ്ഗഢില്‍ 2001 ല്‍ വെറും 4.63 ലക്ഷം മെട്രിക് ടണ്‍ നെല്ലേ സംഭരിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. പിന്നീട് ഓരോ വര്‍ഷവും നെല്‍ക്കര്‍ഷകരുടെ എണ്ണവും നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയും കൂടിക്കൂടിവരികയായിരുന്നു. ഇപ്പോള്‍ 33.48 ലക്ഷം ഹെക്ടറിലാണു നെല്‍ക്കൃഷി ചെയ്യുന്നത്. നെല്‍ക്കര്‍ഷര്‍ക്ക് ഇക്കൊല്ലം നെല്ലു സംഭരിച്ച വകയില്‍ ഇതുവരെ 27,504 കോടി രൂപ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ സഹകരണസംഘങ്ങള്‍ 1333 ല്‍നിന്നു 2058 ലെത്തിയിരിക്കുകയാണ്.