ചേരാനല്ലൂര്‍ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈന്‍ അന്തരിച്ചു
എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും പ്രമുഖ സഹകാരിയും സി.പി.എം. എറണാകുളം ഏരിയാകമ്മറ്റിയംഗവുമായ ചേരാനല്ലൂര്‍ കളരിക്കല്‍ വീട്ടില്‍ കെ.ജെ. ഡിവൈന്‍ (58) വെള്ളിയാഴ്ച അന്തരിച്ചു. 2017ല്‍ ബാങ്ക് പ്രസിഡന്റായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു ബാങ്ക് ശതാബ്ദി ആഘോഷിച്ചതും ശതാബ്ദിസ്മാരകമന്ദിരം ഉള്‍പ്പെടെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതും.
ശതാബ്ദിവര്‍ഷമായിരുന്ന 2018-19 ല്‍ വീടും സ്ഥലവും ഫ്‌ളാറ്റും വില്ലയുമൊക്കെ വാങ്ങാന്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി നടപ്പാക്കിയത് ഡിവൈന്‍ പ്രസിഡന്റായിരിക്കെയാണ്. വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്കുള്ള പലിശയിളവ് വര്‍ധിപ്പിച്ചു. ഇടയക്കുന്നത്തു സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. സേവനപെന്‍ഷന്‍ വിതരണത്തിനു രണ്ടരക്കോടി രൂപ കണ്‍സോര്‍ഷ്യത്തിനു നല്‍കി. മുറ്റത്തെമുല്ല പദ്ധതിയുടെ വായ്പാപരിധി ഉയര്‍ത്തി. ഓണത്തിനു കുറഞ്ഞ പലിശയ്ക്ക് ഇരുചക്രവാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ ഇന്‍വര്‍ട്ടര്‍, തയ്യല്‍മെഷീനുകള്‍ എന്നിവ വായ്പയായി നല്‍കി. കെയര്‍ഹോം പദ്ധതിയില്‍ രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കി. കോവിഡ് രൂക്ഷമായ 2019-20 കാലത്ത് വനിതാഅംഗങ്ങളുടെ സംയുക്തബാധ്യതാഗ്രൂപ്പുകള്‍ സ്ഥാപിച്ച് അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കിത്തുടങ്ങി. ലോക്ഡൗണില്‍ സാമ്പത്തികബുദ്ധിമുട്ടിലായവര്‍ക്കു 10,000 രൂപ വീതം പലിശരഹിതവായ്പ നല്‍കി. നാലു ശതമാനം പലിശനിരക്കില്‍ രണ്ടുലക്ഷം രൂപ വരെ സ്വര്‍ണപ്പലിശ വായ്പ അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ നാലു ശതമാനം പലിശയ്ക്കു 30,000 രൂപ വരെ വായ്പ അനുവദിച്ചു.
വടുതലശാഖയ്ക്കുവേണ്ടി വടുതലവളവില്‍ വാങ്ങിയ കെട്ടിടം 2020 ജൂണ്‍ 29ന് ഉദ്ഘാടനം ചെയ്തു. 2020 നവംബര്‍ അഞ്ചിനു തെക്കന്‍ ചിറ്റൂര്‍ ശാഖയോടുചേര്‍ന്ന് സഹകരണമെഡിക്കല്‍ സ്‌റ്റോറും ചേരാനല്ലൂരില്‍ ഇ-സേവനകേന്ദ്രവും ആരംഭിച്ചു. 2021 ഫെബ്രുവരി 18ന് ഇടയക്കുന്നം ശാഖാമന്ദിരത്തില്‍ രോഗികള്‍ക്കു സൗജന്യമായി ഫിസിയോ തെറാപ്പി നല്‍കാന്‍ കനിവ് ഫിസിയോതെറാപ്പി സെന്റര്‍ തുടങ്ങി. ബാങ്ക് ശതാബ്ദിയോടനുബന്ധിച്ച് ശതാബ്ദിഭവനപദ്ധതി, വയോജനങ്ങള്‍ക്കായി പകല്‍വീട് എന്നിവ ആരംഭിച്ചു. ചേരാനല്ലൂര്‍ കച്ചേരിപ്പടിക്കുസമീപം പുതിയ ആസ്ഥാനമന്ദിരം 2022 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 40സെന്റില്‍ 21,000 ചതുരശ്രഅടിവിസ്തീര്‍ണമുള്ള ഈ കെട്ടിടമാണു ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യമുള്ള ആദ്യകെട്ടിടം. തുടര്‍ന്നും നിരവധി ക്ഷേമവികസനപരിപാടികള്‍ ഡിവൈനിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുണ്ട്.
പരേതരായ ജേക്കബിന്റെയും ലില്ലിയുടെയും മകനാണു ഡിവൈന്‍. ഭാര്യ: മിനി. മക്കള്‍: ആരിറ്റ (ഷാര്‍ജ), ജേക്കബ് ഗ്ലെന്‍. മരുമകന്‍: വിമല്‍ (ഷാര്‍ജ്). യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ഡിവൈന്‍ ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, എറണാകുളം ബ്ലോക്ക് സെക്രട്ടറി, സി.പി.എം. ചേരാനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.