ചരിത്രമെഴുതി സീതാമൗണ്ട് ക്ഷീരോത്പാദക സഹകരണ സംഘം.
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിലെ 2 വാർഡുകളിൽ മാത്രം പ്രവർത്തന പരിധിയുള്ള സീതാമൗണ്ട് ക്ഷീരോൽപാദക സഹകരണ സംഘം കർഷക ക്ഷേമത്തിൽ ചരിത്രം രചിക്കുകയാണ്. 1990ലെ ആരംഭിച്ച സംഘത്തിൽ ഇപ്പോൾ 1360 മെമ്പർമാർ ആണുള്ളത്. കർഷകരുടെ ദൈനംദിന ആവശ്യങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ ഭരണസമിതിയുടേയും ജീവനക്കാരുടെയും സ്ഥിരോത്സാഹം ഒന്നുമാത്രമാണ് സംഘത്തെ ഇത്രയേറെ ജനകീയമാക്കിയത്. സംഘത്തിൻറെ പേരിൽ എസ്. കെ. എസ് .എസ് ബ്രാൻഡിൽ ചോളപ്പൊടി ഫാക്ടറി, ജനങ്ങൾക്കായി മലബാർ മീറ്റ് ഔട്ട്ലെറ്റ് ,കർഷകരുടെ പഴം-പച്ചക്കറികൾ ശേഖരിച്ച് കോഴിക്കോട് എം ആർ ഡി എഫിൽ എത്തിച് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കിയും, ആയിരംരൂപയുടെ കന്നുകാലികൾക്കുള്ള കാരുണ്യ ഫണ്ട്, പതിനായിരം രൂപയുടെ കർഷകർക്കുള്ള ചികിത്സാസഹായം, ബയോഗ്യാസ് പ്ലാന്റിന് ധനസഹായം, വിദ്യാഭ്യാസ ക്യാഷ് അവാർഡ് ഇതെല്ലാം പ്രവർത്തനങ്ങളിൽ ചിലതുമാത്രം എന്ന് പറയുമ്പോൾ, പ്രസിഡണ്ട് വർഗീസ് തെക്കുംപുറ ത്തിന്റെയും സെക്രട്ടറി എം.എം മത്തായിയുടെയും മനസ്സിൽ നടപ്പാക്കാനുള്ള സ്വപ്നപദ്ധതികളുടെ ചിറകുകൾ വിരിയുകയാണ്.
പ്രതിദിനം 2500 ലിറ്ററിലധികം പാൽ ശേഖരിക്കുന്ന സംഘം, കർഷക വീടുകളിൽ എത്തിയാണ് പാൽ കൊണ്ടുവന്ന് മിൽമയ്ക്ക് നൽകുന്നത്. കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയെല്ലാം സംഘം കർഷകരുടെ വീടുകളിൽ എത്തിച്ചു നൽകും. സ്വപ്നപദ്ധതിയായ വെറ്റിനറി മെഡിക്കൽ ഷോപ്പും പച്ചമരുന്ന് മാനുഫാക്ചറിംഗ് യൂണിറ്റും വൈകില്ലെന്ന് ഭരണസമിതി പറയുന്നു. കർഷകരുടെ ചിറകിലേറി പറക്കുന്ന ഈ ക്ഷീരസഹകരണ സംഘം മുള്ളൻകൊല്ലി പഞ്ചായത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ മാതൃകാ സഹകരണ സംഘമാണ്.