ചരിത്രപ്പെരുമയും സേവനമികവുമായി ചേരാനല്ലൂര്‍ ബാങ്ക്
– വി.എന്‍. പ്രസന്നന്‍
103 വര്‍ഷം മുമ്പു രൂപംകൊണ്ട ചേരാനല്ലൂര്‍ സഹകരണ ബാങ്കിന്റെ
തുടക്കത്തില്‍ ഉണ്ടായിരുന്നത് 67 അംഗങ്ങള്‍. ഇപ്പോള്‍ 36,000 ത്തില്‍പ്പരം
അംഗങ്ങള്‍. നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ
ബാങ്ക് വീടില്ലാത്ത 13 പേര്‍ക്കു വീടുവെച്ചു കൊടുത്തു.ബ്ലേഡുകാരില്‍ നിന്നു
ജനങ്ങളെ മോചിപ്പിക്കാന്‍ വനിതകളുടെ സംയുക്ത ബാധ്യതാ
ഗ്രൂപ്പുകള്‍ വഴി കുറഞ്ഞ പലിശക്ക് എട്ടു കോടി രൂപ ബാങ്ക് വായ്പ നല്‍കി.
ചേരാനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് 100 വയസ്സ് പിന്നിട്ടിട്ടു മൂന്നു വര്‍ഷമാവുന്നു. പ്രളയകാലത്തായിരുന്നു ശതാബ്ദിവര്‍ഷത്തിന്റെ തുടക്കം. ഒരു വര്‍ഷം കഴിഞ്ഞു കോവിഡും പിടിമുറുക്കി. എങ്കിലും, നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശതാബ്ദിനിറവില്‍ ബാങ്ക് നിര്‍വഹിച്ചു. വായ്പകളുടെ പലിശ കുറച്ചും പുതിയ വായ്പകള്‍ ഏര്‍പ്പെടുത്തിയും ആധുനികീകരണം നടപ്പാക്കിയുമാണു ബാങ്ക് പ്രതിസന്ധിക്കാലത്തെ നേരിട്ടത്. സഹകരണ മെഡിക്കല്‍ സ്റ്റോര്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രം, ഇ-സേവനകേന്ദ്രം, വടുതല ശാഖയ്ക്കു പുതിയ കെട്ടിടം എന്നിവ സ്ഥാപിച്ചതും വീടില്ലാതിരുന്ന 13 പേര്‍ക്കു വീടുണ്ടാക്കിക്കൊടുത്തതും ആധുനിക സൗകര്യങ്ങളോടെ ആസ്ഥാനമന്ദിരം പണിതീര്‍ത്തതുമൊക്കെ ഇക്കാലത്തുതന്നെ. 10 പേര്‍ക്കു ശതാബ്ദി ഭവനപദ്ധതിയിലും മൂന്നു പേര്‍ക്കു കെയര്‍ഹോം പദ്ധതിയിലുമാണു വീടു കൊടുത്തത്.
തുടക്കത്തില്‍
67 അംഗങ്ങള്‍
1918 ഡിസംബര്‍ 29ന് ( 1094 ധനു 14 ) ഐക്യനാണയ സംഘമായി രജിസ്റ്റര്‍ ചെയ്ത് 1919 ജൂലായ് മൂന്നിന് (1094 മിഥുനം 19 ) പ്രവര്‍ത്തനം ആരംഭിച്ച സഹകരണ സംഘമാണിത്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ബാങ്കിന്റെ ആദ്യകാല റിപ്പോര്‍ട്ടുകളുമൊക്കെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. മടപ്പാട്ടില്‍ ചെറിയ നീലകണ്ഠന്‍ കര്‍ത്താവ് ആയിരുന്നു ആദ്യ പ്രസിഡന്റ്. കൂത്തുപറമ്പ് മഠത്തില്‍ കൃഷ്ണയ്യര്‍ സെക്രട്ടറിയും. 67 പേരായിരുന്നു അംഗങ്ങള്‍. ഇതില്‍ 17 പേര്‍ ആദ്യയോഗത്തില്‍ പങ്കെടുത്തു. ചേരാനല്ലൂര്‍ സ്ഥാനം വക കച്ചേരിയിലായിരുന്നു യോഗം. 50 രൂപയായിരുന്നു പരമാവധി അനുവദിക്കാവുന്ന വായ്പ. വായ്പയ്ക്കു രണ്ടുപേര്‍ ജാമ്യം നില്‍ക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഹര്‍ജി കൊടുക്കാനും കേസ് നടത്തി തുക വസൂലാക്കാനും മറ്റുമുള്ള ചെലവിനു സെന്‍ട്രല്‍ ബാങ്കില്‍നിന്നു ധനസഹായത്തിന് അപേക്ഷിച്ചതിന്റെ രേഖകള്‍ ബാങ്കിലുണ്ട്. കടം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ ജപ്തിയും അംഗത്വം റദ്ദാക്കലും ഈടുവസ്തു പിടിച്ചെടുക്കലും നടന്നിരുന്നു.
നൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ 99 ലെ വെള്ളപ്പൊക്കമെന്നു പ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍ (1925) ഉണ്ടായ കെടുതികള്‍ പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്നു സഹായം തേടിയതിന്റെ രേഖകളും കൂട്ടത്തിലുണ്ട്. വീടു വയ്ക്കാനും നന്നാക്കാനും 1800 രൂപയും കൃഷിക്ക് 2000 രൂപയും കുഴികള്‍ നികത്താന്‍ 3200 രൂപയും അടക്കം 7000 രൂപയുടെ കണക്കാണ് അന്നത്തെ രേഖയിലുള്ളത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു ക്ഷാമമുണ്ടായതിനാല്‍ വായ്പ, പലിശ, പിഴ എന്നിവ അടയ്ക്കാന്‍ കഴിയാതെ വന്നതിനാല്‍ വായ്പ പുതുക്കിക്കൊടുത്ത കാര്യവും രേഖയില്‍ കാണാം.
1106-ാമാണ്ട് ജുലായ് 16 നു 12 രൂപ ചെലവില്‍ ‘സഹകരണ സുദിനം’ ഇവിടെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ആദ്യകാലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നതു ചേരാനല്ലൂര്‍ സ്ഥാനം കച്ചേരിയിലായിരുന്നെങ്കിലും പിന്നീടു മലയാളം സര്‍ക്കാര്‍ സ്‌കൂളിലായി. അതിനുശേഷം അല്‍ഫറൂഖ്യ സ്‌കൂളിലും യോഗങ്ങള്‍ നടന്നു. കെട്ടുതെങ്ങു വായ്പ പഴയ കാലത്തുണ്ടായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന അക്കാലങ്ങളില്‍ വിളക്കുകത്തിക്കാന്‍ മണ്ണെണ്ണ വാങ്ങാനും മുറുക്കാന്‍ മേടിക്കാനും മുക്കി എഴുതാനുള്ള മഷി വാങ്ങാനുമൊക്കെയുള്ള ചെലവ് മൂന്നു രൂപയില്‍ കൂടരുത് എന്ന നിര്‍ദേശം കാണാം. അന്നും നിക്ഷേപസമാഹരണം നടന്നതിന്റെ രേഖകളുമുണ്ട്. 1121 ലെ വാര്‍ഷിക ബജറ്റ് 200 രൂപ മാത്രമാണ്.
സ്ത്രീകള്‍ക്ക്
അംഗത്വം
1950 കളില്‍ സംഘം റേഷന്‍കട നടത്തിയിരുന്നു. റേഷന്‍ അളവിലും തൂക്കത്തിലും കുറവു വരുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തു. 1958 ലാണു സ്ത്രീകള്‍ക്ക് ബാങ്കില്‍ അംഗത്വം നല്‍കിത്തുടങ്ങിയത്. വാര്യത്ത് ആന്റണി ഭാര്യ മേരി, തോട്ടകത്ത് റാഫേല്‍ ഭാര്യ കര്‍മ്മലി, തൈപ്പറമ്പില്‍ മാത്യു ഭാര്യ മേരി എന്നിവരാണ് ആദ്യ വനിതാഅംഗങ്ങള്‍. ഓരോ ഓഹരി വീതമാണ് ഇവര്‍ക്ക് അനുവദിക്കപ്പെട്ടത്. ഗിരിജാ ജയചന്ദ്രനാണു ബാങ്കിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണസമിതിയംഗം. നീലകണ്ഠന്‍ കര്‍ത്താവിനുശേഷം കൃഷ്ണന്‍ കര്‍ത്താവ്, നാരായണന്‍ ഇളയത് വി.ആര്‍, എം.എസ്. അജീത് മൗലവി, കെ. ഗോവിന്ദമേനോന്‍, എം.കെ. സെയ്തുമുഹമ്മദ്, പി.കെ. അമ്മുണ്ണി മേനോന്‍, എന്‍. ചന്ദ്രശേഖര മേനോന്‍, കോളരിക്കല്‍ ജോര്‍ജ് ഐപ്പ്, ജോര്‍ജ് വളാന്തറ, കെ.എം. സീതി, ടി.എന്‍. കുഞ്ഞുമരക്കാര്‍, റാഫേല്‍ വളാന്തറ, പി.പി. നാരായണപ്പിഷാരടി, കെ. രാമന്‍ മേനോന്‍, സി. ദിവാകരന്‍ കര്‍ത്താവ്, ടി.എന്‍. ബാലകൃഷ്ണ മേനോന്‍, എം.എ. അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍, ഡോ. വി.എ. അരവിന്ദാക്ഷന്‍, ഡോ. എം.ഡി. ആലിസ്, കെ.ജെ. ഡിവൈന്‍ എന്നിവര്‍ പ്രസിഡന്റുമാരായി. ഇടയ്ക്ക് ഒരിക്കല്‍ രണ്ടു വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവുമുണ്ടായി. ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് എം.എ. അബ്ദുള്‍ഖാദര്‍ മാസ്റ്ററാണ്. തുടര്‍ച്ചയായി 27 വര്‍ഷം.
1971 നവംബര്‍ 19 നാണ് ഇതൊരു സര്‍വീസ് സഹകരണ സംഘമായത്. 1980 മെയ് 15 ന് ചിറ്റൂരില്‍ ശാഖ തുടങ്ങി. 1980 ഡിസംബര്‍ 31 നു സര്‍വീസ് സഹകരണ ബാങ്കായി. 1990 ഒക്ടോബര്‍ 23 നു വടുതലയില്‍ ശാഖ തുടങ്ങി. 1996 ഒക്ടോബര്‍ ഒന്നിനു സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായി. ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ പ്രകാരം എ ക്ലാസ് ബാങ്കാണിത്. 2007 മാര്‍ച്ച് 10ന് ഇടയക്കുന്നത്ത് ശാഖ തുടങ്ങി. ഈ ശാഖയ്ക്കു സ്വന്തം കെട്ടിടം നിര്‍മിക്കാനായി 2009 മെയ് 14 നു തറക്കല്ലിട്ടു. ആറു മാസംകൊണ്ടു പണി പൂര്‍ത്തിയാക്കി ഡിസംബര്‍ 10 ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ ശാഖയുടെ മുകളില്‍ ഒരു സഹകരണഹാള്‍ പണികഴിപ്പിച്ചിട്ടുണ്ട്. അതു മിതമായ നിരക്കില്‍ വാടകയ്ക്കു നല്‍കുന്നുണ്ട്.
ശതാബ്ദിവര്‍ഷമായിരുന്ന 2018-19 കാലത്തു വിവിധ കാര്യങ്ങള്‍ നടപ്പാക്കി. വീടും സ്ഥലവും ഫ്‌ളാറ്റും വില്ലയുമൊക്കെ വാങ്ങാന്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി നടപ്പാക്കി. വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്കുള്ള പലിശയിളവ് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചു. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ.് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇടയക്കുന്നത്തു 2000 ചതുരശ്രഅടി സ്ഥലത്തു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. ( ഇടയക്കുന്നം ശാഖയുടെ മൂന്നുനില മന്ദിരത്തിന്റെ താഴത്തെ നിലയിലാണിത് ). സേവന പെന്‍ഷന്‍ വിതരണത്തിനു രണ്ടരക്കോടിരൂപ കണ്‍സോര്‍ഷ്യത്തിനു നല്‍കി. മുറ്റത്തെമുല്ല പദ്ധതിയുടെ വായ്പാപരിധി 20 ലക്ഷമായി ഉയര്‍ത്തി. ഓണത്തിനു കുറഞ്ഞ പലിശയ്ക്ക് ഇരുചക്ര വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ ഇന്‍വര്‍ട്ടര്‍, തയ്യല്‍മെഷീനുകള്‍ എന്നിവ വായ്പയായി നല്‍കി. കെയര്‍ഹോം പദ്ധതിയില്‍ രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കി.
സംയുക്ത ബാധ്യതാ
ഗ്രൂപ്പിന് 8 കോടി വായ്പ
കോവിഡ് രൂക്ഷമായ 2019-20 കാലത്തു വനിതാഅംഗങ്ങളുടെ സംയുക്ത ബാധ്യതാഗ്രൂപ്പുകള്‍ സ്ഥാപിച്ച് അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കിത്തുടങ്ങി. 30 ശതമാനം വരെയൊക്കെ പലിശ ഈടാക്കിയിരുന്ന സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്നതില്‍നിന്ന് ഏറെപ്പേരെ മോചിപ്പിക്കാന്‍ ഇതുമൂലം കഴിഞ്ഞു. എട്ടു കോടിയോളം രൂപ ഇവര്‍ക്കു വായ്പയായി നല്‍കിക്കഴിഞ്ഞു. 11 ശതമാനമാണു പലിശ. ജീവനക്കാര്‍ പോയി ഗഡുതുകകള്‍ ശേഖരിക്കുകയാണു ചെയ്യുന്നത്. ലോക്ഡൗണില്‍ സാമ്പത്തിക ബുദ്ധിമുട്ടിലായവര്‍ക്കു 10,000 രൂപ വീതം പലിശരഹിത വായ്പ നല്‍കി. നാലു ശതമാനം പലിശനിരക്കില്‍ രണ്ടു ലക്ഷം രൂപ വരെ സ്വര്‍ണപ്പലിശ വായ്പ അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ നാലു ശതമാനം പലിശയ്ക്കു 30,000 രൂപ വരെ വായ്പ അനുവദിച്ചു.
വടുതല ശാഖയ്ക്കുവേണ്ടി വടുതല വളവില്‍ വാങ്ങിയ കെട്ടിടം 2020 ജൂണ്‍ 29 ന് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 2020 നവംബര്‍ അഞ്ചിനു തെക്കന്‍ ചിറ്റൂര്‍ ശാഖയോടുചേര്‍ന്ന് ഒരു സഹകരണ മെഡിക്കല്‍ സ്‌റ്റോര്‍ ആരംഭിച്ചു. അന്നുതന്നെ ചേരാനല്ലൂരില്‍ ഇ-സേവനകേന്ദ്രവും ആരംഭിച്ചു. മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നുകള്‍ക്കു 40 ശതമാനം വരെ വിലക്കുറവുണ്ട്. ദിവസം 30,000-40,000 രൂപയുടെ കച്ചവടം ഇവിടെ നടക്കുന്നു. 2021 ഫെബ്രുവരി 18ന് ഇടയക്കുന്നം ശാഖാമന്ദിരത്തില്‍ രോഗികള്‍ക്കു സൗജന്യമായി ഫിസിയോ തെറാപ്പി നല്‍കാന്‍ കനിവ് ഫിസിയോതെറാപ്പി സെന്റര്‍ തുടങ്ങി. കനിവ് പാലിയേറ്റീവ് ചെയര്‍മാന്‍ സി.എന്‍. മോഹനനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും ഇവിടെയുണ്ട്. ബാങ്കുപരിധിക്കു പുറത്തുള്ളവര്‍ക്കും സേവനം സൗജന്യമാണ്.
ശതാബ്ദി ഭവനപദ്ധതി, വയോജനങ്ങള്‍ക്കായി പകല്‍വീട് എന്നിവയും ശതാബ്ദിയോടനുബന്ധിച്ച് ആരംഭിച്ചു. ശതാബ്ദി ഭവനപദ്ധതിയില്‍ ഒമ്പതു വീടിന്റെയും താക്കോല്‍ കൈമാറിക്കഴിഞ്ഞു. പത്താമത്തെതിന്റെയും പണി പൂര്‍ത്തിയായിട്ടുണ്ട്. ചേരാനല്ലൂര്‍ കച്ചേരിപ്പടിക്കുസമീപം പുതിയ ആസ്ഥാനമന്ദിരം 2022 ജനുവരിയില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 40 സെന്റില്‍ 21,000 ചതുരശ്ര അടിവിസ്തീര്‍ണമുള്ള കെട്ടിടമാണു പണികഴിപ്പിച്ചിട്ടുള്ളത്. 25 കാറിനുവരെ പാര്‍ക്കു ചെയ്യാവുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യം ഇതിന്റെ പ്രത്യേകതയാണ്. ചേരാനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യമുള്ള ആദ്യകെട്ടിടമാണിത്. മൂന്നുനിലക്കെട്ടിടത്തില്‍ ആസ്ഥാന ഓഫീസിനും മെയിന്‍ ശാഖയ്ക്കും പുറമെ പൊതുജനങ്ങള്‍ക്കുപയോഗിക്കാവുന്ന മൂന്നു ഹാള്‍ ഉണ്ട്. ശതാബ്ദിയോടനുബന്ധിച്ച് ഒരു സുവനീറും പ്രസിദ്ധീകരിച്ചു. ‘പാദമുദ്ര’ എന്ന സുവനീര്‍ കെ.ജെ. ഡിവൈന്‍, ഡോ. എം.ഡി. ആലീസ്, ഐഷാബി ടീച്ചര്‍, സതീദേവി ടീച്ചര്‍, എന്‍.വി. സച്ചിദാനന്ദന്‍, സി.പി. അനില്‍, ടി.ജി. സഞ്ജിത്, ജോബി ജോണ്‍, ഒ.എസ്. സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ കമ്മറ്റിയാണു തയാറാക്കിയത്. ഇതില്‍ ബാങ്കിന്റെ ഹ്രസ്വചരിത്രത്തോടൊപ്പം, ചേരാനല്ലൂരിന്റെ ചരിത്രപാരമ്പര്യവും ഇപ്പോഴത്തെ സാംസ്‌കാരിക പാരമ്പര്യവും ഇതള്‍വിരിയുന്നുണ്ട്. പുരാതനകാലത്തു കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്‍മാരായിരുന്ന അഞ്ചിക്കൈമള്‍മാരില്‍പ്പെട്ട ചേരാനല്ലൂര്‍ കര്‍ത്താവു കൊച്ചി രാജ്യത്തിന്റെ സൈനികത്തലവനും ദേശവാഴിയുമായിരുന്നു. കോകസന്ദേശത്തില്‍ ചേരാനല്ലൂര്‍ ഭഗവതിക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഐതിഹ്യമാലയില്‍ വര്‍ണിക്കപ്പെടുന്ന മാന്ത്രികന്‍ ചേരാനല്ലൂര്‍ കുഞ്ചുക്കര്‍ത്താവും കവിതിലകന്‍ പണ്ഡിറ്റ് കെ.പി. കറുപ്പനും സ്ഥലനാമചരിത്രകാരന്‍ വി.വി.കെ. വാലത്തും കേരളടൈംസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ് വെളീപ്പറമ്പിലും മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ പരിഷ്‌കാരവിജയത്തിന്റെ കര്‍ത്താവ് വാര്യത്ത് ചോറി പീറ്ററും ലോകപ്രശസ്ത കഥകളിനടന്‍ നെല്ലിയോട് വാസുദേവന്‍നമ്പൂതിരിയുമൊക്കെ ഇവിടത്തുകാരാണ്. ചേരാനല്ലൂര്‍ കര്‍ത്താക്കന്‍മാരുടെ അകത്തൂട്ട് മഠത്തിന്റെയും മറ്റും ഫോട്ടോകളും സുവനീറിനെ അലങ്കരിക്കുന്നു.
ചേരാനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 17 വാര്‍ഡും കൊച്ചി നഗരസഭയുടെ 31, 32, 74 ഡിവിഷനുകളും 73-ാം ഡിവിഷന്റെ ഏതാനും ഭാഗവുമാണു ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനപരിധി. ചേരാനല്ലൂര്‍ കച്ചേരിപ്പടിയിലാണ് ആസ്ഥാനം. ചേരാനല്ലൂര്‍, ചിറ്റൂര്‍, വടുതല, ഇടയക്കുന്നം എന്നിവിടങ്ങളില്‍ ശാഖയുണ്ട്. എല്ലാ ശാഖയിലും ലോക്കറുണ്ട്. 2017 മുതല്‍ കെ.ജെ. ഡിവൈന്‍ ആണു പ്രസിഡന്റ്. സി.പി.എം എറണാകുളം ഏരിയാക്കമ്മറ്റിയംഗമാണ് അദ്ദേഹം. 35 വര്‍ഷമായി സഹകരണ സംരക്ഷണ മുന്നണി എന്ന കൂട്ടായ്മ ഭരിക്കുന്ന ബാങ്കില്‍ 2022 മെയ് എട്ടിനു നടന്ന തിരഞ്ഞെടുപ്പിലും ആ മുന്നണിയുടെ പാനലിലെ എല്ലാവരും ജയിച്ചു. വി.എ. അനൂപ്, എം.എം. ജിനീഷ്, എം.ഡി. ടാഷ്‌മോന്‍, കെ.ജെ. ഡിവൈന്‍, പി.എസ്. മുരളീധരന്‍, വി.കെ. ശാന്തകുമാര്‍, എസ്.ജെ. സാന്റി, സുല്‍ഫി, ഡാനിയ ലോപ്പസ്, മേരി ജെയിംസ്, കെ.ജി. സ്മിത, സത്യന്‍, ടി.ആര്‍. ഭരതന്‍ എന്നിവരാണു പുതിയ ഭരണസമിതിയംഗങ്ങള്‍. കെ.ജെ. ഡിവൈന്‍ തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി. ജയശ്രീയാണു സെക്രട്ടറി. 30 സ്ഥിരം ജീവനക്കാരാണുള്ളത്. പതിനഞ്ചോളം താല്‍ക്കാലിക ജീവനക്കാരും. 36,000 ത്തില്‍ പരം അംഗങ്ങളുണ്ട്. 2020-21 ല്‍ 318,87,69,646 രൂപയുടെ നിക്ഷേപം ബാങ്കിനുണ്ട്.
പരസ്പരജാമ്യത്തില്‍
40,000 രൂപവരെ വായ്പ
അംഗങ്ങള്‍ക്കു പരസ്പരജാമ്യത്തില്‍ 40,000 രൂപ വരെ സാധാരണ വായ്പ നല്‍കും. ഭൂമി ഈടില്‍ 50 ലക്ഷം രൂപവരെ കൊടുക്കും. ഭവനനിര്‍മാണവായ്പ 40 ലക്ഷം രൂപ വരെയുണ്ട്. ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ഈടില്‍ ഒരു ലക്ഷം രൂപ വരെയും സ്വര്‍ണപ്പണയ വായ്പയായി അഞ്ചു ലക്ഷം രൂപ വരെയും വാഹന വായ്പയായി 20 ലക്ഷം രൂപ വരെയും വ്യാപാരികള്‍ക്കും പൊതുഗതാഗത വാഹനങ്ങളുടെ ഉടമകള്‍ക്കും മൂന്നു ലക്ഷം രൂപ വരെയും വീടും ഭൂമിയും ഫ്‌ളാറ്റുമൊക്കെ വാങ്ങാന്‍ 50 ലക്ഷം രൂപ വരെയും കുടുംബശ്രീ യൂണിറ്റുകള്‍ക്കു ലിങ്കേജ് വായ്പയായി 10 ലക്ഷം രൂപ വരെയും മുറ്റത്തെമുല്ല പദ്ധതി വായ്പയായി 20 ലക്ഷം രൂപവരെയും സംയുക്ത ബാധ്യതാഗ്രൂപ്പുകള്‍ (ജെ.എല്‍.ജി) രൂപവല്‍ക്കരിച്ചു നടത്തുന്ന പദ്ധതികള്‍ക്കു അഞ്ചു ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നുണ്ട്. വായ്പ തവണക്കുടിശ്ശികയില്ലാതെ അടയ്ക്കുന്നവര്‍ക്ക് അടച്ച പലിശയുടെ അഞ്ചു ശതമാനം മടക്കിനല്‍കുന്നുണ്ട്. 2020-21 ല്‍ മൊത്തത്തില്‍ 122,34,44,976 രൂപ വായ്പയായി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. മുപ്പതോളം പ്രതിമാസ നിക്ഷേപപദ്ധതികള്‍ ബാങ്കിലുണ്ട്. കുടിശ്ശികനിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാറുണ്ട്. 2020-21ല്‍ ഈയിനത്തില്‍ 44,92,169 രൂപയുടെ ഇളവുകള്‍ നല്‍കി.
മരണാനന്തര
സഹായനിധി
1250 രൂപ അടച്ചു ചേരാവുന്ന മരണാനന്തര സഹായനിധിയുണ്ട് ബാങ്കിന്. ഇതില്‍ ചേര്‍ന്ന അംഗം മരിച്ചാല്‍ അവകാശികള്‍ക്ക് 25,000 രൂപ നല്‍കും. അംഗത്വമെടുത്തു 30 വര്‍ഷവും 70 വയസ്സും പൂര്‍ത്തിയായവര്‍ക്കു 1200 രൂപ പ്രതിവര്‍ഷ പെന്‍ഷനുണ്ട്. നിര്‍ധനരായ അംഗങ്ങള്‍ക്ക് 5000 രൂപ വരെ ചികില്‍സാസഹായം നല്‍കും. നിര്‍ധനവിധവകളുടെ പെണ്‍മക്കള്‍ക്കു വിവാഹത്തിനു 50,000 രൂപ വരെ സഹായം നല്‍കും. റിസ്‌ക് ഫണ്ട് പദ്ധതിയില്‍ ബാങ്ക് അംഗമാണ്. അതിനാല്‍ വായ്പയെടുത്തവര്‍ക്കു ഗുരുതര രോഗമുണ്ടായാല്‍ ഒരു ലക്ഷം രൂപ വരെ വായ്പയില്‍ ഇളവു നല്‍കും. വായ്പയെടുത്തയാള്‍ മരിച്ചാല്‍ രണ്ടു ലക്ഷം രൂപ വരെയും. കോര്‍ബാങ്കിങ്, എസ്.എം.എസ് സൗകര്യം, ആര്‍.ടി.ജി.എസ്-എന്‍.ഇ.എഫ്.റ്റി. സൗകര്യങ്ങള്‍, ബാങ്കില്‍ വരാതെതന്നെ ഇടപാടുകള്‍ നടത്താവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍, ഡോര്‍സ്‌റ്റെപ് ബാങ്കിങ് തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്.
ചേരാനല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു സൗജന്യപഠനോപകരണങ്ങള്‍ നല്‍കിവരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ കുറഞ്ഞവിലയ്ക്കു നല്‍കാന്‍ അധ്യയനവര്‍ഷാരംഭം സ്‌കൂള്‍മാര്‍ക്കറ്റ് നടത്താറുണ്ട്. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഹയര്‍സെക്കണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദം എന്നിവയില്‍ ഉന്നതവിജയം കൈവരിക്കുന്നവര്‍ക്കു കാഷ് അവാര്‍ഡും മെമന്റോയും നല്‍കാറുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥിക്കു ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഡോ. വി.എ. അരവിന്ദാക്ഷന്റെ സ്മരണയ്ക്കായി കാഷ് അവാര്‍ഡും മെമന്റോയുമുണ്ട്. ബാങ്ക് ഒരു നിര്‍ധനവിദ്യാര്‍ഥിയുടെ എം.ബി.ബി.എസ്. പഠനത്തിന്റെ ചെലവു വഹിക്കുന്നുമുണ്ട്.
ജൈവക്കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ രണ്ടേക്കര്‍ ഏറ്റെടുത്തു വാഴ, പച്ചക്കറികള്‍, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.
സാമൂഹികക്ഷേമ
പെന്‍ഷനു സഹായം
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ 10 കോടി രൂപയും സാമൂഹികക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഏഴരക്കോടി രൂപയും ഇതിനായുള്ള കണ്‍സോര്‍ഷ്യത്തിലേക്കു ബാങ്ക് നല്‍കിയിട്ടുണ്ട്. 2018 ലെ പ്രളയകാലത്തു ചേരാനല്ലൂര്‍, വടുതല ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച 16 ക്യാമ്പിലും ബാങ്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും എത്തിച്ചു. പ്രളയബാധിതരായ ക്ഷീരകര്‍ഷകര്‍ക്കു 10,000 രൂപ വരെ പലിശരഹിത വായ്പ നല്‍കി. കന്നുകാലികള്‍ക്കു സൗജന്യമായി വൈക്കോലും എത്തിച്ചു. പ്രളയബാധിതരായ അംഗങ്ങള്‍ക്കു കിടക്കവിതരണവും നടത്തി. പ്രളയശേഷം കുടുംബശ്രീ അംഗങ്ങള്‍ക്കു ധനസഹായം നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 10 ലക്ഷം രൂപയും സഹകരണ വകുപ്പിന്റെ കെയര്‍ കേരള പദ്ധതിയിലേക്കു രണ്ടു ലക്ഷം രൂപയും നല്‍കി. അംഗങ്ങളുടെ ലാഭവിഹിതത്തില്‍നിന്നു 54,97,547 രൂപ കെയര്‍ഹോം പദ്ധതിയിലേക്കു കൊടുത്തു. കെയര്‍ഹോം പദ്ധതി പ്രകാരം മൂന്നുപേര്‍ക്കു വീടുണ്ടാക്കിക്കൊടുത്തു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അംഗങ്ങള്‍ക്കു 5,000 രൂപ വീതം പലിശരഹിത വായ്പ നല്‍കി. നാലു ശതമാനം പലിശയ്ക്കു സ്വര്‍ണപ്പണയ വായ്പയും വിദ്യാഭ്യാസ വായ്പയും നല്‍കി. അംഗങ്ങളുടെ കുടുംബങ്ങളില്‍ സൗജന്യ ഭക്ഷ്യക്കിറ്റും കൊടുത്തു. ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യവകുപ്പു ജീവനക്കാര്‍ക്കും സൗജന്യമായി മാസ്‌ക്കുകളും സാനിറ്റൈസറും കുടിവെള്ളവും നല്‍കി. ചേരാനല്ലൂരില്‍ തുടങ്ങിയ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു വാഷിങ് മെഷീന്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 25 ലക്ഷം രൂപയും നല്‍കി. രണ്ടാം ലോക്ഡൗണ്‍കാലത്ത് അംഗങ്ങള്‍ക്കു 10,000 രൂപ പലിശരഹിത വായ്പ നല്‍കി. ഒപ്പം നാലു ശതമാനം പലിശയ്ക്കു സ്വര്‍ണപ്പണയ വായ്പയും വിദ്യാഭ്യാസ വായ്പയും. അഞ്ച് അംഗങ്ങള്‍ക്കു പലിശരഹിത വിദ്യാതരംഗിണി വായ്പയും നല്‍കി.
മികച്ച സഹകരണ ബാങ്കിനുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ പുരസ്‌കാരം ഒരിക്കല്‍ ഈ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. 2021 ല്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ സംഘത്തിനുള്ള പെര്‍ഫോമന്‍സ് അവാര്‍ഡിനു കണയന്നൂര്‍ താലൂക്കു സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഈ ബാങ്കിനെയാണു തിരഞ്ഞെടുത്തത്. മികച്ച പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തിനുള്ള എഫ്.എ.സി.ടി. കൊച്ചിന്‍ ഡിവിഷന്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്ദുചൂഡന്‍ അവാര്‍ഡും 2004 ല്‍ ഈ ബാങ്കിനു ലഭിച്ചു.
ഓരോ വര്‍ഷവും
ഒരു വീട് നല്‍കും
ബാങ്കിന്റെ പഴയമന്ദിരം മെച്ചപ്പെടുത്തി മെഡിക്കല്‍ ലാബ്, ക്ലിനിക്ക് എന്നിവ ഏര്‍പ്പെടുത്തുമെന്നു ബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈന്‍ പറഞ്ഞു. ഒരു ആംബുലന്‍സ് സര്‍വീസും ആരംഭിക്കും. യുവാക്കള്‍ക്കായി ഒരു കളിസ്ഥലം വാടകയ്‌ക്കെടുത്തു ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയ സൗകര്യങ്ങളോടുകൂടിയ സെവന്‍സ് ഫ്ുട്ബാള്‍ കോര്‍ട്ട് ഉണ്ടാക്കും. ഓരോ വര്‍ഷവും ഒരു നിര്‍ധന കുടംബത്തിനുവീതം വീടുവച്ചുകൊടുക്കണമെന്നും ആഗ്രഹമുണ്ട്. സൗജന്യ യോഗാകേന്ദ്രവും ആലോചനയിലുണ്ട്. രണ്ടിടത്ത് പാല്‍, പച്ചക്കറി, മുട്ട, ഇറച്ചി സംഭരണ, വിതരണകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നുമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ മേഖലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ടൂറിസം വകുപ്പുമായി ആലോചിച്ച് ഒരു പദ്ധതി കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്. കൂട്ടായ്മയുണ്ടാക്കി പ്രോജക്ടുമായി സമീപിക്കുന്ന ഏതു ഗ്രൂപ്പിനും 10 ലക്ഷം രൂപവരെ വായ്പ നല്‍കുമെന്നു അദ്ദേഹം പറഞ്ഞു.