ഗ്രാമീണ വികസനത്തിനും വേണ്ടത് സഹകരണ സംഘങ്ങള്‍

Deepthi Vipin lal
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

 

സഹകരണ മേഖലയുടെ പരിഷ്‌കരണം ലക്ഷ്യമിട്ട് ഒമ്പതു പതിറ്റാണ്ടു മുമ്പ് നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നിയമിക്കപ്പെട്ട സഹകരണ അന്വേഷണസമിതി എല്ലാ മേഖലകളിലും സഹകരണ സംഘങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ഗ്രാമീണ വികസനം ഊര്‍ജിതമാക്കാന്‍ കാര്‍ഷിക രംഗത്ത് സഹകരണ പ്രസ്ഥാനം വേരൂന്നണമെന്ന് 1934 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതി ശുപാര്‍ശ ചെയ്യുകയുണ്ടായി.

ഒന്നാം ലോകയുദ്ധത്തിനു ശേഷം തകര്‍ന്നു തരിപ്പണമായ ഇന്ത്യന്‍ സാമ്പത്തിക രംഗം നേരെയാക്കാന്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചെങ്കിലും അവയൊന്നും വേണ്ടത്ര ഫലപ്രദമായില്ല. വര്‍ഷങ്ങള്‍ക്കുശേഷം സഹകരണ രംഗത്താണ് കാര്യമായ മാറ്റങ്ങള്‍ കണ്ടത്. ബ്രീട്ടീഷ് ഇന്ത്യന്‍ പ്രദേശങ്ങളിലും നാട്ടുരാജ്യങ്ങളിലും സഹകരണ രംഗത്ത് ആരംഭിച്ച പദ്ധതികള്‍ പലതും ലക്ഷ്യം പ്രാപിച്ചു. 1934 ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂറിലെ സഹകരണ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അക്കാലത്ത് സഹകരണ നിയമങ്ങള്‍ പല പ്രദേശങ്ങളിലും വ്യത്യസ്തമായിരുരുന്നു. ബ്രിട്ടനു കീഴിലുള്ള പ്രദേശങ്ങളിലും നാട്ടുരാജ്യങ്ങളിലും പലപ്പോഴും നിയമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഇതുകാരണം ഒരു പ്രദേശത്ത് നടത്തി വിജയിച്ച പദ്ധതികള്‍ അതേപടി മറ്റൊരിടത്ത് നടപ്പാക്കാനും വിജയിപ്പിക്കാനും പ്രയാസമായിരുന്നു.

തിരുവിതാംകൂറില്‍ ഗ്രാമീണവികസനം ലക്ഷ്യമാക്കി നടത്തിവന്നിരുന്ന പദ്ധതികളെപ്പറ്റി സഹകരണ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സഹകരണ വകുപ്പുമായി കൈകോര്‍ത്താണ് പല പദ്ധതികളും നടപ്പാക്കിയിരുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ ( തിരുവനന്തപുരം ജില്ല ) തൊഴിക്കല്‍ എന്ന സ്ഥലത്ത്  വികസനം ലക്ഷ്യമാക്കി ബഹുമുഖ പരിപാടികളാണ് സഹകരണ വകുപ്പ്  ആവിഷ്‌കരിച്ചത്്. കാര്‍ഷികവികസനം, വ്യവസായവല്‍ക്കരണം, പൊതുജനാരോഗ്യം എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് അവിടെ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും.

തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങളില്‍ താഴെത്തട്ടു തൊട്ടുള്ള ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കിവേണം പദ്ധതികള്‍ നടപ്പാക്കാനെന്ന് സഹകരണ അന്വേഷണ സമിതി ശുപാര്‍ശ ചെയ്തു. ഇതിനായി സഹകരണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും സമിതി ശുപാര്‍ശചെയ്തു. ഓരോ ഗ്രാമത്തിലും ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് സഹകരണ സംഘങ്ങള്‍ അനിവാര്യമാണെന്നായിരുന്നു സമിതിയുടെ അഭിപ്രായം. ഈ സംഘങ്ങളിലൂടെ ജനങ്ങളെ സഹായിക്കാനുള്ള വായ്്്പകള്‍ നല്‍കണമെന്ന് ശ്രീ ചിത്തിരത്തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതി ശുപാര്‍ശ ചെയ്യുകയുണ്ടായി.

 

മാതൃകാ ഗ്രാമങ്ങള്‍

സമഗ്രവികസനം ലക്ഷ്യമിട്ട് സഹകരണ വകുപ്പിനു കീഴില്‍ ആദ്യം ചില ഗ്രാമങ്ങളെ കണ്ടെത്തണമെന്ന് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. അങ്ങനെ ആറു ഗ്രാമങ്ങള്‍ തിരഞ്ഞെടുക്കണം. ഈ ഗ്രാമങ്ങളില്‍ വിശദമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ശ്രദ്ധയോടെ ആ പദ്ധതികള്‍ നടപ്പാക്കി വിജയിപ്പിച്ചാല്‍ അവിടത്തെ മാതൃക പിന്നീട് മറ്റു പ്രദേശത്തുള്ളവര്‍ക്കും മാര്‍ഗദര്‍ശനമാകുമെന്നാണ് കമ്മിററി അഭിപ്രായപ്പെട്ടത്്.

നാട്ടിലെ സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ സഹകരണ കോളനികള്‍ സ്ഥാപിക്കണമെന്ന ശുപാര്‍ശയും സമിതി മുന്നോട്ടുവെച്ചു. ഇത്തരത്തില്‍ രൂപം കൊള്ളുന്ന കോളനികളില്‍ കൂട്ടുകൃഷി സമ്പ്രദായം പരീക്ഷിക്കാവുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. തരിശായി കിടക്കുന്ന ഭൂമി ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് താല്‍പര്യമുള്ളവരെയെല്ലാം സഹകരിപ്പിക്കണം. എന്നിട്ട് അവരെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്നാണ് സമിതിയുടെ പ്രധാന നിര്‍ദേശം. ഇത് കൂട്ടുകൃഷി നടത്തുന്ന കോളനിയായി മാറുന്നതോടെ മറ്റുള്ള പ്രദേശങ്ങള്‍ക്കും അത് മാതൃകയായി മാറുമെന്നാണ് സമിതിയുടെ പ്രതീക്ഷ.

വസുമതി കാര്‍ഷിക സംഘം

കടയ്ക്കലിലെ ( കൊല്ലം ജില്ല ) വസുമതി കാര്‍ഷിക സഹകരണ സംഘത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള കൂട്ടുകൃഷി സംഘങ്ങള്‍ രൂപം കൊള്ളേണ്ടതിന്റെ ആവശ്യകത സമിതി എടുത്തു പറഞ്ഞത്. കടയ്ക്കലിലെ സംഘത്തിന്റെ മുഖ്യലക്ഷ്യം കൂട്ടുകൃഷിയായിരുന്നു. വനംവകുപ്പിലെ കുളത്തൂപ്പുഴ റിസര്‍വ് വനത്തിനുള്ളിലെ നാല്‍പത് ഏക്കര്‍ ഭുമിയിലാണ് സംഘം കൂട്ടുകൃഷി ചെയ്തിരുന്നത്. ഓരോ വര്‍ഷവും ഇങ്ങനെ കൃഷി ചെയ്യാന്‍ സൊസൈറ്റി സര്‍ക്കാരിന് ചെറിയ പാട്ടത്തുക അടയ്ക്കണം. അഞ്ചു വര്‍ഷം ലാഭകരമായി കൃഷി നടത്തിയ ശേഷം സൊസൈറ്റിക്ക് ആ സ്ഥലം പതിച്ചുകിട്ടി.

ഗ്രാമങ്ങളിലെ പഴയ കൃഷി രീതി

നെല്‍ക്കൃഷിയാണ് സംഘം പ്രധാനമായി നടത്തിയിരുന്നത്. കൃഷി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ഇവിടെ സൊസൈറ്റിക്ക് വേണ്ടിയിരുന്നു. ഈയാവശ്യം ഉന്നയിച്ചപ്പോള്‍ വനംവകുപ്പ് അത് അംഗീകരിച്ചു. കാടിനോട് ചേര്‍ന്ന കുറെ സ്ഥലം വിട്ടുകൊടുക്കാന്‍ വകുപ്പ് സമ്മതിച്ചു. എന്നാല്‍, ഇവിടെ ധാരാളം മരങ്ങളുണ്ടായിരുന്നു. ഇവയൊക്കെ മുറിച്ചു മാറ്റി കൃഷിഭൂമിയാക്കാന്‍ ഏതാണ്ട് അയ്യായിരം രുപ വേണ്ടിവരുമെന്ന് സംഘം പ്രവര്‍ത്തകര്‍ കണക്കുകൂട്ടി. ഇതിലേക്ക് സെന്‍ട്രല്‍ ബാങ്കില്‍ നിന്നു രണ്ടായിരം രുപ കടമെടുത്തു. ചിതറാലിലെ കോളനികൂടി ഇതില്‍ ഉള്‍പ്പെടുത്താനും ഡെയറി, നെയ്ത്ത്, ആയൂര്‍വേദ ഫാര്‍മസി , ചായംമുക്കല്‍ തുടങ്ങിയ വിവിധോദ്ദേശ്യ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.

അതേസമയം, കാര്‍ഷിക-വ്യവസായിക ഉല്‍പ്പന്നങ്ങള്‍ സൊസൈറ്റി വഴി ശേഖരിച്ച് വില്‍ക്കാനുള്ള തീരുമാനം അംഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അന്വഷം സമിതി അഭിപ്രായപ്പെട്ടു. ഇതുകൂടാതെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെക്കൂടി സംഘത്തില്‍ അംഗങ്ങളാക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമായി റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതികള്‍ക്കെല്ലാം കൂടുതല്‍ ഫണ്ട് ആവശ്യമാണ്. അതില്ലെങ്കില്‍ പദ്ധതികള്‍ പരാജയപ്പെടുമോ എന്നു സമിതി സംശയം പ്രകടിപ്പിച്ചു.

കടയ്ക്കലിലെ സഹകരണ സംഘം ഗ്രാമീണ വികസനത്തിന്റെ ഉദാത്തമായ പ്രതീകമാണെന്ന് അന്വേഷണ സമിതി വിശേഷിപ്പിച്ചു. ഇതേപോലുള്ള സംഘങ്ങളാണ് നാടിന്റെ എല്ലാ ഭാഗത്തും ഉണ്ടാകേണ്ടത്. സഹകരണ വകുപ്പും സര്‍ക്കാരും ഇത്തരം സൊസൈറ്റികള്‍ക്ക് കാര്യമായി സഹായം നല്‍കേണ്ടതാണെന്നും സമിതി ശൂപാര്‍ശ ചെയ്തു.

Leave a Reply

Your email address will not be published.