ഗ്യാരന്റി ബോര്‍ഡില്‍നിന്ന് സംഘങ്ങള്‍ക്കുള്ള വായ്പാനിര്‍ദ്ദേശം തള്ളി
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് അഞ്ചുകോടി രൂപവരെ പലിശ രഹിത വായ്പ നല്‍കുനുള്ള നിര്‍ദ്ദേശം സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ യോഗം തള്ളി. ബോര്‍ഡ് രൂപീകരിച്ച ഉപസമിതിയും സഹകരണ മന്ത്രിയുടെ ഓഫീസും പ്രത്യേകം റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങളും മന്ത്രിയുടെ സാനിധ്യത്തില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍, ഇത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ചര്‍ച്ചയിലുണ്ടായ അഭിപ്രായം. ഇതോടെ സഹകരണ സംഘങ്ങളെ സഹായിക്കണമെന്ന റിപ്പോര്‍ട്ടിലെ ആശയം മാത്രം അംഗീകരിച്ച് യോഗം പിരിഞ്ഞു.
നഷ്ടത്തിലാകുന്നതും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായ സഹകരണ സംഘങ്ങളെ നിശ്ചയിച്ച് അവര്‍ക്ക് തിരിച്ചടവ് ഉറപ്പാക്കുന്ന വിധം അഞ്ചുകോടിവരെ പലിശ രഹിത വായ്പ നല്‍കാനായിരുന്നു റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശം. 30 ശതമാനത്തില്‍ കൂടുതല്‍ നിഷ്‌ക്രിയ ആസ്തി വരുന്ന സംഘങ്ങളെ സഹായം നല്‍കാവുന്ന പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടുകളില്‍ നിര്‍ദ്ദേശിച്ച മാനദണ്ഡം അനുസരിച്ച് സംഘങ്ങളെ നിശ്ചയിച്ചാല്‍ സംസ്ഥാനത്തെ 1500 സംഘങ്ങള്‍ക്ക് സഹായം നല്‍കേണ്ട സ്ഥിതിയുണ്ടാകുമെന്നായിരുന്നു ഓഡിറ്റ് ഡയറക്ടര്‍ യോഗത്തില്‍ പറഞ്ഞത്. ഇതിന് പണം കണ്ടെത്താന്‍ നിക്ഷേപത്തിന്റെ ഗ്യാരന്റി വിഹിതം കൂട്ടേണ്ടിവരും. അത് സംഘങ്ങളെ ബാധിക്കുന്നതാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാനുള്ള പ്രാഥമിക ദൗത്യത്തിന് വീഴ്ച സംഭവിക്കുന്ന വിധത്തില്‍ ബോര്‍ഡിന് സാമ്പത്തിക ബാധ്യത വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന് വകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്ക് സുരക്ഷ നല്‍കുകയെന്നതാണ്. സംഘങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്നുള്ളതല്ല. അതിനാല്‍, പുതിയ നിര്‍ദ്ദേശം കൂടുതല്‍ പഠിച്ച് നടപ്പാക്കേണ്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിക്ഷേപത്തിനുള്ള ഗ്യാരന്റി വിഹിതം കൂട്ടുന്നത് സംഘങ്ങളെ ബാധിക്കുമെന്ന അഭിപ്രായം ബോര്‍ഡ് അംഗങ്ങളും പങ്കുവെച്ചു. ഇതോടെ പ്രതിസന്ധിയിലായ സംഘങ്ങളെ സഹായിക്കണമെന്ന ആശയം അംഗീകരിക്കുന്നുവെന്നുമാത്രമായി മിനുറ്റ്‌സില്‍ രേഖപ്പെടുത്തി. മറ്റ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല. സഹകരണ നിയമത്തില്‍ വരുന്ന ഭേദഗതിക്ക് ശേഷം ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി വി.എന്‍.വാസവന്‍ യോഗത്തില്‍ പറഞ്ഞു. നിയമത്തില്‍ ഇത് സംബന്ധിച്ച വ്യവസ്ഥ വരുകയാണെങ്കില്‍ അതിനനുസരിച്ച് നമുക്ക് വിശദമായ ചട്ടം തയ്യാറാക്കാം. അല്ലെങ്കില്‍ നിയമഭേദഗതിക്ക് ശേഷം പുതിയ സഹായപദ്ധതി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.