ഗോത്രവിഭാഗക്കാരുടെ 75 ഉല്‍പ്പന്നങ്ങള്‍ ട്രൈഫെഡ് പുറത്തിറക്കി

Deepthi Vipin lal

ട്രൈഫെഡ് ( ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ) എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഗോത്രവിഭാഗക്കാരുടെ 75 ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ട്രൈബ്‌സ് ഇന്ത്യ കാറ്റലോഗില്‍ കൂട്ടിച്ചേര്‍ത്താണ് ഇവ പുറത്തിറക്കിയത്.

 

കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ദേശീയതല സഹകരണ സംഘടനയാണ് ട്രൈഫെഡ്. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരമാണ് 1987 ല്‍ ട്രൈഫെഡ് സ്ഥാപിതമായത്. ഗോത്രവിഭാഗക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്കും വനവിഭവങ്ങള്‍ക്കും നല്ല വില നേടിക്കൊടുക്കുക എന്നതാണു ട്രൈഫെഡിന്റെ മുഖ്യ ലക്ഷ്യം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ലോഹ പ്രതിമകള്‍, കൈകൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍, അലങ്കാരങ്ങള്‍ക്കുളള തോരണങ്ങള്‍ എന്നിങ്ങനെ മനോഹരവും ആകര്‍ഷകവുമായ ഇനങ്ങളാണ് ട്രൈഫെഡ് ശേഖരിച്ച് പുറത്തിറക്കിയത്. ഒപ്പം, ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, മാസ്‌കുകള്‍, ജൈവ ഉല്‍പ്പന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ജ്യൂസുകള്‍, മറ്റ് ഹെര്‍ബല്‍ പൊടികള്‍ എന്നിവയുമുണ്ട്. ഭൗമ സൂചികാ ടാഗിംഗിനായി ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുളള ഗോത്ര ഉല്‍പ്പന്നങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. ഈ 75 ഉല്‍പ്പന്നങ്ങളില്‍ മുപ്പത്തിയേഴും എട്ട് വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഏഴും മധ്യപ്രദേശില്‍ നിന്നുള്ള ആറും ഉല്‍പ്പന്നങ്ങള്‍ ഭൗമ സൂചികാ ടാഗിംഗിനായി തരംതിരിച്ചിട്ടുണ്ട്.

ആദിവാസികളുടെ കരകൗശല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ട്രൈബ്സ് ഇന്ത്യ റീട്ടെയില്‍ നെറ്റ് വര്‍ക്ക് ഓഫ്‌ലൈനിലും ഓണ്‍ലൈനിലും കരകൗശല വസ്തുക്കള്‍ വാങ്ങുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, ട്രൈഫെഡ് വിദേശത്തുള്ള നൂറു ഇന്ത്യന്‍ എംബസികളിലും മിഷനുകളിലും ആത്മനിര്‍ഭര്‍ ഭാരത് ശാഖകള്‍ സ്ഥാപിക്കാന്‍ പോവുകയാണ്. ഭൗമ സൂചിക ടാഗുചെയ്ത ആദിവാസി കരകൗശല ഉല്‍പ്പന്നങ്ങളും ജൈവ ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഇടമായിരിക്കും ഇത്.

ട്രൈബ്‌സ് ഇന്ത്യ എന്ന പേരില്‍ ട്രൈഫെഡ് ആദിവാസി കരകൗശല വസ്തുക്കളുടെ ചില്ലറവില്‍പ്പന നടത്തിയിരുന്നു. 1999 ല്‍ ന്യൂഡല്‍ഹി മഹാദേവ് റോഡിലുള്ള ഒരു ചില്ലറവില്‍പ്പന ശാലയില്‍ നിന്നും ആരംഭിച്ച ഈ സംരംഭത്തിനിപ്പോള്‍ ഇന്ത്യയിലുടനീളം 141 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ഉണ്ട്. ട്രൈഫെഡ് നടത്തുന്ന പരിശ്രമങ്ങളിലൂടെ അതുല്യമായ ഗോത്ര ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗോത്ര ജനവിഭാഗങ്ങള്‍ക്ക് ഇതിലൂടെ സുസ്ഥിര വരുമാനവും തൊഴിലവസരങ്ങളും ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News