ഗസ്റ്റ് ഹൗസും കാറ്ററിങ് യൂണിറ്റും; മാനന്തവാടി വനിതാ സംഘത്തിന് എന്‍.സി.ഡി.സി. സഹായം

moonamvazhi

വയനാടിന്റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തി വളരാനുള്ള മാന്തന്തവാടി വനിത സഹകരണ സംഘത്തിന് എന്‍.സി.ഡി.സി. സഹായം. ഗസ്റ്റ് ഹൗസ്, കേറ്ററിങ് യൂണിറ്റ്, ഡോര്‍മെറ്ററി തുടങ്ങിയവ സ്ഥാപിക്കുന്നതിനാണ് സഹായം. 90 ലക്ഷം രൂപ ഇതിനായി അനുവദിക്കാമെന്ന് കാണിച്ച് എന്‍.സി.ഡി.സി. റീജയണല്‍ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 2020 ആഗസ്റ്റ് നല്‍കിയ കത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നടപടിയുണ്ടായത്. സഹായത്തിന്റെ ആദ്യഗഡുവായി 32.50 ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 20ലക്ഷം വായ്പയായും 12.50ലക്ഷം ഓഹരിയുമായാണ് നല്‍കുക.

സംഘത്തിന് സ്വന്തമായ 10 സെന്റ് ഭൂമിയുണ്ട്. ഇതിന് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി വികസിപ്പിക്കാനായിരുന്നു വനിതാസംഘത്തിന്റെ തീരുമാനം. ഇതിനുള്ള പദ്ധതി രേഖയാണ് എന്‍.സി.ഡി.സി.ക്ക് നല്‍കിയത്. മാനന്തവാടി ടൗണില്‍ നിന്ന് രണ്ടു കിലോമാറ്റീര്‍ അകലെ കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് റോഡിലാണ് ഈ സ്ഥലം അവിടെ ഒരു മൂന്ന് നിലയുളള ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. ആദ്യത്തെ നിലയില്‍ കാറ്ററിങ്ങ് യൂണിറ്റ്, രണ്ടാമത്തെ നിലയില്‍ താമസ സൗകര്യം, മൂന്നാമത്തെ നിലയില്‍ ഡോര്‍മെറ്ററി എന്നിങ്ങനെയാണ് പദ്ധതി.

വയനാട്ടില്‍ ടൂറിസത്തിന് സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടു തന്നെ ഈ പദ്ധതിയിലൂടെ ടൂറിസം രംഗത്തേക്കെത്തുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ദൂരെ നിന്ന് വരുന്ന ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനോടൊപ്പം, വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കുക എന്നത് കൂടി ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നുണ്ട്. നിലവില്‍ സംഘം കാറ്ററിങ്ങ് സര്‍വീസുണ്ട്. മാനന്തവാടി ടൗണില്‍ 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു ജൈവപച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനുള്ളില്‍ തന്നെയുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ കാറ്ററിങ്ങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതും. ആവശ്യക്കാരുടെ ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനോടൊപ്പം ഉച്ചയൂണും ഇവിടെ ലഭ്യമാണ്. സംഘത്തിന്റെ പച്ചക്കറി തോട്ടത്തില്‍ നിര്‍മ്മിക്കുന്ന ശുദ്ധമായ ജൈവ പച്ചക്കറികള്‍ മാത്രമാണ് ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്നത്. 10 ശതമാനം സംഘത്തിന്റെ ഫണ്ടും 90 ശതമാനം എന്‍.സി.ഡി.സി യുടെ ഫണ്ടുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

 

Leave a Reply

Your email address will not be published.