ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്ക് മില്‍ക് ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കാനുള്ള 75 കോടി
പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന്റെ ആശ്വാസം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ക്ഷീരകര്‍ഷകര്‍ക്ക്. ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന മില്‍ക് ഇന്‍സെന്റീവ് മുടങ്ങി. കാലിത്തീറ്റ സബ്‌സിഡിയും നിലച്ചു. ഇതിനൊപ്പമാണ്, കാലത്തീറ്റയ്ക്ക് മില്‍മ അടക്കം വിലകൂട്ടിയത്. താങ്ങാനാവാത്ത ഉല്‍പാദന ചെലവില്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ് ക്ഷീര കര്‍ഷകര്‍.
3600 ക്ഷീരസംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ പാല്‍ നല്‍കുന്ന 1.97 ലക്ഷം കര്‍ഷകരാണ്. ഇവര്‍ക്ക് ലിറ്റര്‍ ഒന്നിന് നാലുരൂപ വീതം ഇന്‍സന്റീവ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. യുവാക്കളെ അടക്കം ക്ഷീരമേഖലയിലേക്ക് ആകര്‍ഷിച്ച് സഹകരണ മേഖലയിലൂടെ പാലുല്‍പാദനം കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒരു വര്‍ഷക്കാലം സബ്‌സിഡി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഓഗസ്റ്റ് മാസത്തിലെ മാത്രമേ വിതരണം ചെയ്തുള്ളൂ.
ഏകദേശം 25.35 കോടിയാണ് അന്ന് വിതരണം ചെയ്തത്. ഓണത്തിന് മുന്‍പ് എല്ലാ കര്‍ഷകര്‍ക്കും വിതരണം ചെയ്തു. അത് ക്ഷീരവികസനവകുപ്പിന്റെ പദ്ധതിവിഹിതത്തില്‍ നിന്ന് നേരിട്ട് നല്‍കുകയായിരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള മൂന്ന് രൂപയും ക്ഷീരവികസനവകുപ്പിന്റെ ഒരു രൂപയും ചേര്‍ത്ത് നാലുരൂപയായിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നുമാസമായി കൊടുത്തിട്ടില്ല. ഈ വര്‍ഷം ജൂലായ് യില്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കിയ ക്ഷീര കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍സന്റീവ് നല്‍കിയത്. കര്‍ഷകര്‍ക്ക് നല്‍കാനായി 28.57 കോടി വകയിരുത്തിയെന്നാണ് ക്ഷീരവികസനവകുപ്പിന്റെ വാദം. അടുത്ത മാര്‍ച്ച് വരെ കൊടുക്കാന്‍ പദ്ധതിയ്ക്ക് ആകെ വേണ്ടത് 190 കോടി രൂപയാണ്.
സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വരെ നടപ്പാക്കിയ സൗജന്യ കന്നുകാലി ഇന്‍ഷുറന്‍സും നിര്‍ത്തലാക്കി. 500 രൂപയായിരുന്നു മുന്‍പ് അടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 5000 രൂപയാണ് അടക്കേണ്ടതെന്ന് കര്‍ഷകര്‍ പറയുന്നു. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി രണ്ടരവര്‍ഷം വരെ കൊടുത്തിരുന്ന കാലിത്തീറ്റ സബ്‌സിഡിയും ഇപ്പോഴില്ല. ഡിസംബര്‍ ഒന്നുമുതല്‍ പാലിന്റെ വില്‍പ്പനവില ലിറ്ററിന് ആറുരൂപ കൂടും. ഇതുപ്രകാരം നിലവിലെ വിലയെക്കാള്‍ 5.025 രൂപ കൂടുതലായി കര്‍ഷകന് ലഭിക്കുമെന്നാണ് മില്‍മ പറയുന്നത്. വര്‍ധനയുടെ 83.75 ശതമാനമാണിത്. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതല്‍ 43.50 രൂപവരെ കര്‍ഷകന് ലഭിക്കും. എന്നാല്‍, ഇതുകൊണ്ടുമാത്രം ക്ഷീരകര്‍ഷകരുടെ ഭാരിച്ച ഉല്‍പാദന ചെലവ് എന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് പറയുന്നത്.