ക്രിയേറ്റീവ് ആര്‍ട്, ഡിസൈന്‍ മേഖലയില്‍ തൊഴില്‍ സാധ്യത ഏറുന്നു

- ഡോ. ടി.പി. സേതുമാധവന്‍

 

 

 

 

രൂപകല്‍പ്പനയ്ക്ക് അഥവാ ക്രിയേറ്റിവിറ്റിയ്ക്കു നിരവധി മേഖലകളില്‍ ഇന്നു സാധ്യതകളുണ്ട്. ക്രിയേറ്റീവ് വ്യവസായമേഖലയില്‍ മീഡിയാ എന്റര്‍ടെയിന്‍മെന്റ്, ഡിസൈന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ അടുത്ത അഞ്ചു വര്‍ഷം 14 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ ഏകദേശം 37.55 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തി കൈവരിക്കുന്ന ക്രിയേറ്റീവ് വ്യവസായത്തില്‍ മുപ്പതു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണു ലക്ഷ്യമിടുന്നത്.

കാലത്തിന്റെ മാറ്റം ക്രിയേറ്റീവ് വ്യവസായ മേഖലയ്ക്കു കരുത്തേകുന്നു. ഡിജിറ്റലൈസേഷന്‍, അഡ്വാന്‍സ്ഡ് ഐ.ടി., ഇ-കൊമേഴ്‌സ്, ഉയര്‍ന്ന ക്രയശേഷി, സോഷ്യല്‍ മീഡിയയുടെ സ്വാധീനം, ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച ഉപയോഗം എന്നിവയും കണക്ടിവിറ്റി, സാങ്കേതികവിദ്യ എന്നിവയിലുള്ള വന്‍വളര്‍ച്ചയും മികവുറ്റ തൊഴില്‍മേഖലയാകാന്‍ ക്രിയേറ്റീവ് വ്യവസായത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.

വിദഗ്ധര്‍
വേണ്ടത്രയില്ല

വീഡിയോ ഗെയിംസ് ഡെവലപ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍, അഡ്വര്‍ടൈസിംഗ്, ഗ്രാഫിക്ക് ഡിസൈന്‍, അനിമേഷന്‍ ആന്റ് വിഷ്വല്‍ എഫക്ട്‌സ്, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങി സര്‍ഗാത്മകശേഷി പ്രകടിപ്പിക്കാന്‍ പറ്റിയ തൊഴില്‍മേഖലകളാണു ക്രിയേറ്റീവ് വ്യവസായത്തിലുള്ളത്. ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിപണനം, പരസ്യം എന്നിവയില്‍ ക്രിയേറ്റിവിറ്റിയുടെ സ്വാധീനം ചെറുതല്ല. ഈ രംഗത്തു വൈദഗ്ധ്യം ലഭിച്ചവരുടെ എണ്ണം ഇന്ത്യയില്‍ തീരെ കുറവാണ്. ആവശ്യകതയും ലഭ്യതയും തമ്മില്‍ വന്‍ അന്തരം ഇവിടെ നിലനില്‍ക്കുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും ബിരുദധാരികള്‍ക്കും കടന്നുചെല്ലാവുന്ന മേഖലയാണിത്. പ്രതിമാസം ഒരു ലക്ഷം രൂപയിലധികം ശമ്പളം ലഭിയ്ക്കാവുന്ന തൊഴില്‍മേഖലകളാണു ക്രിയേറ്റീവ് വ്യവസായം ഉറപ്പു നല്‍കുന്നത്.

രാജ്യത്തു കാര്‍ഷിക -വ്യവസായ മേഖലകളെ പിന്തള്ളിക്കൊണ്ട് മുന്നേറുന്ന സേവനമേഖലയില്‍ 70 ശതമാനത്തോളം തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തുന്ന ക്രിയേറ്റീവ് തൊഴിലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതില്‍ ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിം ഡെവലപ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, വെബ് ഡിസൈന്‍, അഡ്വര്‍ടൈസിംഗ് ഡിസൈന്‍ മുതലായവ ഉള്‍പ്പെടുന്നു. രാജ്യത്തു ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ്, അനിമേഷന്‍/വിഷ്വല്‍ എഫ്ക്ട്‌സ് ഗെയിമിംഗ് എന്നിവയില്‍ അടുത്ത അഞ്ചു വര്‍ഷം യഥാക്രമം 28 ശതമാനം, 18.1 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. സിനിമാമേഖലയില്‍ ഇത് എട്ടു ശതമാനത്തോളം വരും. ബാഹുബലി, പുലിമുരുകന്‍ തുടങ്ങിയ സിനിമകളിലെ പുത്തന്‍രീതികള്‍ ക്രിയേറ്റീവ് വ്യവസായമേഖലയുടെ സാധ്യതകളിലേക്കു വിരല്‍ചൂണ്ടുന്നു. പരസ്യവിപണിയില്‍ പ്രവര്‍ത്തിക്കാന്‍ ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് ഡിസൈന്‍ കോഴ്‌സുകള്‍ സഹായിക്കും.

പ്ലസ് ടു, ബിരുദ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിരവധി കോഴ്‌സുകള്‍ ക്രിയേറ്റീവ് മേഖലയിലുണ്ട്. ഇവ രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴില്‍ ഉറപ്പുവരുത്തും.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം കൂടുതല്‍ മേഖലകളിലേക്ക്

 

കൃത്രിമബുദ്ധിയെന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കേവലം പഠനത്തിനുള്ള സാങ്കേതികവിദ്യയെന്നതിലുപരി മികവുറ്റ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണിത്. എ.ഐ. സാങ്കേതികവിദ്യയ്ക്ക് ഏഴ് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലാണ് എ.ഐ. ആപ്ലിക്കേഷന്‍ കൂടുതലായി തൊഴില്‍രംഗത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്. കമ്പ്യൂട്ടര്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍സ്, മെക്കാനിക്കല്‍, സ്‌പേസ്, അഗ്രിബിസിനസ്, പ്രതിരോധം തുടങ്ങി നിരവധി വ്യവസായമേഖലകളില്‍ എ.ഐ. സ്വാധീനം ചെലുത്തിവരുന്നു. മെഷീന്‍ ലേണിംഗ്, ഡീപ്പ് ലേണിംഗ്, നാഷണല്‍ ലാംഗ്വേജ് പ്രൊസസിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ തുടങ്ങിയവ എ.ഐ. യിലെ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളാണ്.

ഓട്ടോമൊബൈല്‍ രംഗത്തു ടെസ്സയുടെ ഡ്രൈവറില്ലാക്കാറുകള്‍, ടെലിമെഡിസിന്‍, സപ്ലൈ ചെയിന്‍, വീടുകളിലെ ഓട്ടമേഷന്‍, സ്മാര്‍ട്ട് വീടുകള്‍, സ്മാര്‍ട്ട് സേവനങ്ങള്‍, ഓണ്‍ലൈന്‍ ലേണിംഗിലെ മികച്ച പാരിസ്ഥിതിക ചുറ്റുപാടുകള്‍, ശബ്ദം, ശബ്ദം തിരിച്ചറിയല്‍, സംസാരം ടെക്സ്റ്റാക്കി മാറ്റാനുള്ള ശേഷി എന്നിവയെല്ലാം എ.ഐ. ആപ്ലിക്കേഷനുകളില്‍പ്പെടും. ഇന്ത്യയില്‍ 70 ശതമാനം കോര്‍പ്പറേറ്റുകളും ബിസിനസ് മേഖലയില്‍ എ.ഐ. പ്രാവര്‍ത്തികമാക്കി വരുന്നു. ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, റീട്ടെയില്‍, ഇ-കൊമേഴ്‌സ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ്, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങി നിരവധി മേഖലയില്‍ എ.ഐ. സാങ്കേതികവിദ്യയ്ക്കു പ്രാധാന്യമേറിവരികയാണ്.

മനുഷ്യശേഷി
ഉപയോഗം കുറയും

ഭാവിയിലെ തൊഴിലുകളില്‍ 2025 ആകുമ്പോഴേക്കും ഓട്ടമേഷന്‍ കൂടുതല്‍ പ്രാവര്‍ത്തികമാകും. ഇതോടെ, മനുഷ്യവിഭവശേഷിയുടെ ഉപയോഗം 67 ശതമാനത്തില്‍നിന്നു 53 ശതമാനമായി കുറയും. എന്നാല്‍, മെഷീനുകളുടെ ഉപയോഗം 33 ശതമാനത്തില്‍നിന്നു 47 ശതമാനമായി വര്‍ധിക്കും. ഭാവിയില്‍ ഡാറ്റാ സയന്‍സ് ഏറെ പ്രാധാന്യം കൈവരിക്കും. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്, എ.ഐ. ആന്റ് മെഷീന്‍ ലേണിംഗ് സ്‌പെഷ്യലിസ്റ്റ്, ബിഗ് ഡാറ്റാ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് സ്ട്രാറ്റെജി സ്‌പെഷ്യലിസ്റ്റ്, പ്രോസസ് ഓട്ടമേഷന്‍ സ്‌പെഷ്യലിസ്റ്റ്, ബിസിനസ് ഡെവലപ്‌മെന്റ് പ്രൊഫഷണല്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ ആന്റ് ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സ്‌പെഷ്യലിസ്റ്റ് എന്നിവ 2025 -ഓടെ കൂടുതലായി രൂപപ്പെടും. ഡാറ്റാ എന്‍ട്രി, ഓഡിറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍ മാനേജ്‌മെന്റ് എന്നിവയില്‍ തൊഴിലവസരങ്ങള്‍ കുറയും. 2030 -ഓടെ ഇന്റല്‍ 30 ദശലക്ഷം എ.ഐ. വിദഗ്ധരെയാണു ലക്ഷ്യമിടുന്നത്. അപ്പോഴേക്കും 30,000 സ്ഥാപനങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണു കണക്കാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ടെക്‌നോളജി കൂടുതല്‍ വിപുലപ്പെടുന്നതോടെ എ.ഐ. യിലൂടെയുള്ള തൊഴില്‍ നൈപപുണ്യം, വിശ്വാസ്യത, ആവശ്യം എന്നിവയ്ക്കു പ്രസക്തിയേറും. ഇന്റല്‍ യുവാക്കള്‍ക്കായി നടപ്പാക്കുന്ന എ.ഐ. ഫോര്‍ യൂത്ത് പ്രോഗ്രാമില്‍ എ.ഐ.യെക്കുറിച്ച് മനസ്സിലാക്കല്‍, ലഭ്യതയും ആപ്ലിക്കേഷനും എന്നിവയ്ക്കാണു പ്രാധാന്യം നല്‍കുന്നത്.

തൊഴില്‍മേഖലകളിലെ മാറ്റത്തിനനുസരിച്ച് എ.ഐ. സ്‌കില്ലുകളുടെ ആവശ്യകതയും അനുദിനം വര്‍ധിച്ചുവരികയാണ്. എ.ഐ. മേഖലയില്‍ ഉപരിപഠനം നടത്താനും തൊഴില്‍ ചെയ്യാനും താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ / കോളേജ്തലത്തില്‍ ബേസിക് മാത്‌സ്്, സയന്‍സ് എന്നിവയില്‍ അറിവു നേടണം. പുതിയ കാര്യങ്ങള്‍ പഠിയ്ക്കാനും ശ്രമിക്കണം. ആവശ്യമുള്ള സാങ്കേതികവിദ്യകള്‍ ചോദിച്ചറിഞ്ഞു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. എ.ഐ. വരുന്നതോടെ തൊഴില്‍ കുറയുമെങ്കിലും പുത്തന്‍ തൊഴില്‍മേഖലകള്‍ കൂടുതലായി രൂപപ്പെടും. ഇതിനായി കൂടുതല്‍ നൈപുണ്യ വികസന പദ്ധതികള്‍ ആവശ്യമാണ്. കൃഷി- വ്യവസായ- സേവനമേഖലകളില്‍ സുസ്ഥിരത കൈവരിയ്ക്കാന്‍ എ.ഐ. ആവശ്യമായിവരും. എ.ഐ. യില്‍ താല്‍പ്പര്യമുള്ളവര്‍ക്കു പ്ലസ് ടുവിനുശേഷം എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഐ.ടി. സയന്‍സ്, മാത്‌സ് ബിരുദ പ്രോഗ്രാമിനു ചേരാം.

ബി. ടെക് എ.ഐ., ഡാറ്റാ സയന്‍സ് പ്രോഗ്രാം ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള നിരവധി കോളേജുകളിലുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ് സ്‌കില്ലുള്ള ഏതു ബിരുദധാരിക്കും എ.ഐ. യില്‍ പ്രവര്‍ത്തിയ്ക്കാം. എ.ഐ. ബിരുദകോഴ്‌സുകള്‍ വി.ഐ.ടി., ശിവനാടാര്‍, അമൃത സര്‍വ്വകലാശാലകളിലും ഐ.ഐ.ടി.കളിലും കേരളത്തിലെ ചില സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലുമുണ്ട്. എ.ഐ. യില്‍ നിരവധി ബിരുദാനന്തര, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്.

 

സൈബര്‍ സെക്യൂരിയ്ക്ക് പ്രസക്തി ഏറുന്നു

ലോകത്തെങ്ങും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കാനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി സൈബര്‍ സെക്യൂരിറ്റി ഏറെ കരുത്താര്‍ജിച്ചു വരുന്നുണ്ട്. റാന്‍സംവെയര്‍ ഭീഷണി, ഡാറ്റാമോഷണം, രാജ്യാന്തരതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സൈബര്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് അനലിസ്റ്റ്, ഇന്‍വെസ്റ്റിഗേറ്റര്‍, സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയര്‍, ഇന്‍സിഡന്റ് റിപ്പോര്‍ട്ടര്‍, മാല്‍വെയര്‍ അനലിസ്റ്റ്, ആപ്ലിക്കേഷന്‍ പെന്‍ടെസ്റ്റര്‍, സെക്യൂരിറ്റി ആര്‍ക്കിടെക്ട്, ടെക്‌നിക്കല്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ്, സെക്യൂര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് മാനേജര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ക്ക് ആഗോളതലത്തില്‍ സാധ്യതയേറിവരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്അധിഷ്ഠിത സൈബര്‍ സെക്യൂരിറ്റി സൊല്യൂഷനുകളുണ്ട്. സൈബര്‍ അറ്റാക്കുകളെ മില്ലിസെക്കന്റിനകം കണ്ടെത്താന്‍ ഇവ സഹായിക്കും. ഡാറ്റാമോഷണം ഒഴിവാക്കാനും എളുപ്പത്തില്‍ ഡാറ്റാ അനാലിസിസ് പൂര്‍ത്തിയാക്കാനും എ.ഐ. അധിഷ്ഠിത സൈബര്‍സെക്യൂരിറ്റി സിസ്റ്റം ഉപകരിക്കും.

സൈബര്‍ സെക്യൂരിറ്റിയില്‍ തൊഴില്‍ നേടാനാവശ്യമായ സ്‌കില്‍ കൈവരിക്കണം. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., എഞ്ചിനീയറിംഗ്, സയന്‍സ് ബിരുദധാരികള്‍ക്ക് ഈ മേഖലയിലെത്താം. C++, JAVA, Python തുടങ്ങിയ പ്രോഗ്രാമിംഗ് ലാംഗ്വേജും അനലിറ്റിക്‌സും സോഫ്റ്റ് സ്‌കില്ലും ആവശ്യമാണ്. നിരവധി സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷനുകളുണ്ട്. CEH, CISCO, CISSR, TIA സര്‍ട്ടിഫിക്കേഷനുകള്‍ ഇവയില്‍പ്പെടും.

പ്ലസ് ടു മാത്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്കു സൈബര്‍ സെക്യൂരിറ്റിമേഖലയില്‍ പ്രവര്‍ത്തിയ്ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ., ഐ.ടി, ബിരുദ പ്രോഗ്രാമിനു ചേരാം. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, എ.ഐ. ആന്റ് ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി കോഴ്‌സുകളുമുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!