ക്രിയേറ്റിവിറ്റി മേഖലയില്‍ ഡിസൈന്‍ കോഴ്‌സുകള്‍

[mbzauthor]

ഡോ. ടി.പി. സേതുമാധവന്‍

(2021 മെയ് ലക്കം)

കോവിഡിനു ശേഷം ലോകത്തെമ്പാടും ആര്‍ട്ട് , ഡിസൈന്‍ മേഖലകള്‍ കരുത്താര്‍ജിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ആഗോള തലത്തില്‍ ക്രിയേറ്റിവിറ്റി മേഖലയില്‍ ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഫോട്ടോഗ്രഫി, അഡ്വര്‍ടൈസിങ് ഡിസൈന്‍, ഗെയിം ഡിസൈന്‍, ആര്‍ട്ട് ആന്റ് ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, വിഷ്വല്‍ കമ്യൂണിക്കേഷന്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ രൂപപ്പെടും. സ്മാര്‍ട്ട് തൊഴിലുകള്‍ക്കാവശ്യമായ കണക്ടിവിറ്റി, മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഐ.ടി. അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ക്ലൗഡ് സേവനങ്ങള്‍, മെഷീന്‍ ലേണിങ്, ഫിന്‍ടെക് എന്നിവയില്‍ കൂടുതല്‍ ബിരുദ കോഴ്‌സുകള്‍ രൂപപ്പെടും.

മികച്ച തൊഴിലവസരങ്ങളുള്ള മേഖലയാണു ആര്‍ട്ട് ആന്റ് ഡിസൈന്‍. ഡിസൈന്‍ രംഗുത്തു നിരവധി കോഴ്‌സുകളുണ്ട്. ഐ.ഐ.ടി. ഗുവാഹത്തി, മുംബൈ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദ്, ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, കണ്ണൂര്‍, ബംഗളൂരു, അഹമ്മദാബാദ് കേന്ദ്രങ്ങള്‍, ഇന്റര്‍നാഷണല്‍ ഡിസൈന്‍ സ്‌കൂള്‍ ഇന്‍ഫോ പാര്‍ക്, കൊച്ചി എന്നിവിടങ്ങളില്‍ മികവുറ്റ ഡിസൈന്‍ കോഴ്‌സുകളുണ്ട്.

എത്രയെത്ര കോഴ്‌സുകള്‍

പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു നല്ല താല്‍പ്പര്യവും ക്രിയേറ്റിവിറ്റിയുമുണ്ടെങ്കില്‍ ഡിസൈന്‍ കോഴ്‌സിനപേക്ഷിക്കാം. ലെതര്‍ ഡിസൈന്‍, നിറ്റ്‌വെയര്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍, ഗ്രാഫിക്് ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍, ഫാഷന്‍ മാനേജ്‌മെന്റ്, പ്രൊഡക്ട് ഡിസൈന്‍, സെറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ കമ്യൂണിക്കേഷന്‍, ഫോട്ടോഗ്രഫി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, ടോയ് ആന്റ് ഗെയിം ഡിസൈന്‍, ലൈവ്‌സ്റ്റൈല്‍ ആക്‌സസറി ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഓട്ടോമൊബൈല്‍ ഡിസൈന്‍, ന്യൂ മീഡിയ ഡിസൈന്‍, സ്ട്രാറ്റജിക്് ഡിസൈന്‍, മാനേജ്‌മെന്റ് എന്നിവയില്‍ കോഴ്‌സുകളുണ്ട്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഫാഷനിലും ട്രെന്‍ഡിലും വന്‍ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. പരമ്പരാഗത ഡിസൈന്‍ രംഗത്തു ഇന്ത്യന്‍ ഡിസൈനിങ്ങിനു പ്രാധാന്യമേറുന്നു. നിര്‍മാണ മേഖലയ്ക്കു ഒഴിച്ചു കൂടാന്‍ പറ്റാത്തതാണു ഡിസൈന്‍. രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴില്‍ ലഭിയ്ക്കുന്നതും തുടക്കക്കാര്‍ക്കു പ്രതിമാസം ഒരു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നതുമായ മേഖലയാണു ഡിസൈന്‍. ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ മികച്ച തൊഴില്‍ നൈപുണ്യശേഷി കൈവരിക്കുന്നതിനാല്‍ കാമ്പസില്‍ വെച്ചുതന്നെ പ്ലേസ്‌മെന്റ് ലഭിക്കുന്നു.

1. ഇന്റീരിയര്‍ ഡിസൈന്‍ : വീട്, വ്യവസായ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ചെലവ്, രൂപഭംഗി, ഡിസൈന്‍ എന്നിവയ്ക്കനുസരിച്ചുള്ള ഡിസൈനിങ്ങിനു പ്രാധാന്യം നല്‍കുന്നു.
2. ടോയ് ഡിസൈന്‍ : വിദേശത്തു ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിത്. പുത്തന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍ എന്നിവ വികസിപ്പിച്ചെടുക്കാനുളള നൈപുണ്യശേഷി ടോയ് ഡിസൈനര്‍ക്കു ആവശ്യമാണ്.
3. സെറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍ : ഗ്ലാസ്സുപകരണങ്ങള്‍ നിര്‍മാണ, ഗാര്‍ഹിക മേഖലകളില്‍ കൂടുതലായി ഉപയോഗിച്ചുവരുന്നു. നിരവധി സെറാമിക് കമ്പനികള്‍ ലോകത്താകമാനം പ്രവര്‍ത്തിയ്ക്കുന്നു.
4. ആനിമേഷന്‍ ഡിസൈന്‍ : ലോകത്തു ആനിമേഷന്‍ രംഗത്തു ഏറെ സാധ്യതകളാണു വരാനിരിക്കുന്നത്. സ്വന്തം ആശയമനുസരിച്ചുള്ള വരകള്‍, 3 ഉ ഇമേജുകള്‍, പ്രോഗ്രാമുകള്‍, ഡോക്യുമെന്ററികള്‍, പരസ്യ ചിത്രങ്ങള്‍ മുതലായവ രൂപപ്പെടുത്തുന്നതില്‍ ആനിമേറ്റര്‍മാര്‍ക്കു ഏറെ സാധ്യതകളുണ്ട്.
5. ഗ്രാഫിക്ക് ഡിസൈന്‍ : കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലൂടെ ആര്‍ട്ട്, ഫിലിം, ഗ്രാഫിക് ഡിസൈന്‍ എന്നിവ രൂപപ്പെടുത്തുന്നു. ടെലിവിഷന്‍ ന്യൂ മീഡിയ രംഗത്തു ഏറെ തൊഴിലവസരങ്ങളുണ്ട്.
6. ഫിലിം ആന്റ് വീഡിയോ ഡിസൈനിംഗ് : ഫോട്ടോഗ്രഫി, ക്യാമറ, ലെന്‍സ് എന്നിവ ഫലപ്രദമായി ഉപയോഗിച്ച് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരാകാനുള്ള നൈപുണ്യം കൈവരിക്കുന്നു.
7. മള്‍ട്ടിമീഡിയ ഡിസൈന്‍ : ഓഡിയോ, ആനിമേഷന്‍, ഗ്രാഫിക്‌സ്, വീഡിയോ എന്നിവ സമന്വയിപ്പിച്ച് സി.ഡി., ഡി.വി.ഡി, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയ്ക്കുള്ള പ്ലാറ്റ്‌ഫോമിലേയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു.
8. എക്‌സിബിഷന്‍ ഡിസൈന്‍ :
ഏറെ സാധ്യതയുള്ള മേഖലയാണിത്. എക്‌സിബിഷനുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വിവര സാങ്കേതികവിദ്യ അനുവര്‍ത്തിച്ചുള്ള ഡിസൈനിങ്ങിലൂടെ ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
9. ഇന്ററാക്ഷന്‍ ഡിസൈന്‍ : സാങ്കേതിക വിദ്യയും സ്‌കില്ലും സമന്വയിപ്പിച്ചുള്ള പ്രോഗ്രാമാണ്.
10. ന്യൂ മീഡിയ ഡിസൈന്‍ : ന്യൂമീഡിയ രംഗത്തെ വളര്‍ച്ചയ്ക്കാനുപാതികമായി ഡിസൈന്‍, സ്‌ക്രിപ്റ്റിങ്്, ആര്‍ട്ട് വര്‍ക്ക് എന്നിവയ്ക്കു സാധ്യതയുണ്ട്.

രാജ്യത്തു നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഡിസൈന്‍ രംഗത്തുണ്ട്. പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാുണു അഡ്മിഷന്‍ നല്‍കുന്നത്.
ബി.എസ്‌സി പ്രൊഡക്ട് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, വിഷ്വല്‍ ആര്‍ട്‌സ് എന്നിവ മികച്ച പ്രോഗ്രാമുകളാണ്. NID, NIFT, IIT, VIT എന്നിവ കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പൂണെയിലെ എം.ഐ.ടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഗാന്ധിനഗറിലെ VID, കോയമ്പത്തൂരിലെ എ.ജെ.അക്കാദമി, പൂണെയിലെ DSK ഇന്റര്‍നാഷണല്‍ കാമ്പസ്, പേള്‍ അക്കാദമി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ഡിസൈന്‍, സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ഡിസൈന്‍, രാമയ്യ യൂണിവേഴ്‌സിറ്റി മുതലായവ പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്.

ആനിമേഷനു ഏഷ്യയില്‍ വന്‍സാധ്യത

ആനിമേഷന്‍ രംഗത്തു ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍സാധ്യതകളാണു രൂപപ്പെടുന്നതെന്നു ബി.ബി.സി. വിലയിരുത്തുന്നു. സാങ്കേതിക വിദ്യയിലൂടെ ഏറെ വിപുലപ്പെട്ട ഉപരിപഠന മേഖലയാണിത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു പഠിയ്ക്കാവുന്ന നിരവധി ആനിമേഷന്‍, ഗെയിമിങ്് കോഴ്‌സുകള്‍ ബിരുദ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുണ്ട്. മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍ ടെക്‌നോളജി, ഡിജിറ്റല്‍ ആര്‍ട്ട് ആന്റ് ടെക്‌നോളജി, ഡിജിറ്റല്‍മീഡിയ (3 D ആനിമേഷന്‍), ഡിജിറ്റല്‍ ഫിലിം മെയ്ക്കിങ്്, 3D ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫെക്ട്‌സ് ഫ്യൂഷന്‍, ആനിമേഷന്‍ എന്‍ജിനിയറിങ് മുതലായവ ഏറെ സാധ്യതകളുള്ള മേഖലകളാണ്. താല്‍പ്പര്യവും കഴിവുമുള്ള വിദ്യാര്‍ഥികള്‍ക്കു ആനിമേഷന്‍ കോഴ്‌സ് എടുത്ത് മികച്ച തൊഴില്‍ നേടാം. ആനിമേറ്റര്‍, സ്‌കെച്ചര്‍, ഡിസൈനര്‍, പ്ലാനര്‍, എഡിറ്റര്‍ കമ്പോസര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ന്യൂ മീഡിയ, ബ്രോഡ്കാസ്റ്റ് മീഡിയ, ടെലിവിഷന്‍ ചാനലുകള്‍, മള്‍ട്ടീമീഡിയ ഇന്‍ഡസ്ട്രി, അഡ്വര്‍ടൈസിങ്്, ഫിലിം പ്രൊഡക്ഷന്‍ കാര്‍ട്ടൂണ്‍ മേഖല, ഡോക്യുമെന്ററി പ്രൊഡക് ഷന്‍ എന്നിവയില്‍ തൊഴില്‍ ലഭിയ്ക്കും.

രാജ്യത്തു വെബ്മീഡിയ പരസ്യം വന്‍ വളര്‍ച്ച കൈവരിച്ചുവരികയാണ്. ഈ മേഖലയില്‍ അഡ്വര്‍ടൈസിങ്് തൊഴിലുകള്‍ക്കു സാധ്യതയേറും. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ വിദേശത്തു തൊഴില്‍ നേടാം. ഉപരിപഠന സാധ്യതകളുമേറെയുണ്ട്.

മള്‍ട്ടി മീഡിയ രംഗം

മള്‍ട്ടി മീഡിയരംഗത്തു വന്‍ വളര്‍ച്ച ലോകത്തെമ്പാടും ദൃശ്യമാണ്. ദ്യശ്യ, ശ്രവ്യ, ന്യൂ മീഡിയകളിലാണു ലക്ഷക്കണക്കിനു തൊഴിലുകള്‍ രൂപപ്പെട്ടുവരുന്നത്. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കു പ്ലസ് ടുവിനു ശേഷം മള്‍ട്ടി മീഡിയ ആന്റ് ആനിമേഷന്‍, ഗെയിമിങ്് കോഴ്‌സിനു ഡിഗ്രി തലത്തില്‍ പഠിയ്ക്കാം. ഗ്രാഫിക് ഡിസൈനിനും ഇന്നു ഏറെ സാധ്യതകളുണ്ട്. ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍, വെബ് മീഡിയ എന്നിവയില്‍ പ്രവര്‍ത്തിയ്ക്കാം. പ്രൊഡക്ഷന്‍, സംവിധാനം, കണ്ടന്റ് റൈറ്റിങ്, റേഡിയോ ജോക്കി, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കാം. മീഡിയ സിസ്റ്റംസ് സ്‌പെഷ്യലിസ്റ്റ്, വിഷ്വല്‍ കമ്യൂണിക്കേഷന്‍, മീഡിയ ആന്റ് മള്‍ട്ടി മീഡിയ പ്രൊഡ്യൂസര്‍, ഗ്രാഫിക് ഡിസൈനര്‍ തുടങ്ങിയ മേഖലകളിലും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു തൊഴില്‍ നേടാം.

കൂടുതല്‍ വിവരങ്ങള്‍ുക്കു www.nift.ac.in, www.iicd.ac.in, www.iiad.edu.in, www.mitid.edu.in, www.uid.edu.in, www.djad.in, www.dskic.in, www.vitbhopal.ac.in സന്ദര്‍ശിക്കുക.

പ്രവേശന പരീക്ഷ:ശുഭപ്രതീക്ഷ വേണം

കോവിഡാനന്തരം ആഗോള തൊഴില്‍ മേഖലകളില്‍ വന്‍ മാറ്റങ്ങള്‍ ദൃശ്യമാണ്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു ഇനി വരുന്നതു പ്രവേശന പരീക്ഷകളുടെ കാലമാണ്. മെഡിക്കല്‍, എന്‍ജിനിയറിങ്, എന്‍.ഡി.എ, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, നിയമം, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി, ഡിസൈന്‍ തുടങ്ങി നിരവധി കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ, സംസ്ഥാനതല പരീക്ഷകള്‍ വരാനിരിക്കുന്നു.

പരീക്ഷകള്‍ക്കു വിദ്യാര്‍ഥികള്‍ ശുഭപ്രതീക്ഷയോടെ തയാറെടുക്കണം. പ്രവേശനപ്പരീക്ഷാ തീയതികള്‍ ഡയറിയില്‍ എഴുതിയിടണം. ഇതിനനുസരിച്ച് യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. പരീക്ഷാ സമയക്രമം ശ്രദ്ധയോടെ വിലയിരുത്തണം. ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിലെത്തണം. പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുള്ള ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബാധ്യസ്തരാണ്.

താല്‍പ്പര്യമുള്ള പരീക്ഷ മാത്രം എഴുതുക

എല്ലാ പ്രവേശന പരീക്ഷകളും എഴുതണമെന്നില്ല. താല്‍പ്പര്യമുള്ള മേഖലയുമായി ബന്ധപ്പെട്ട പരീക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതാന്‍ ശ്രമിക്കണം. നെഗറ്റീവ് മാര്‍ക്കിങ് രീതിയുളള പരീക്ഷകളില്‍ അറിയാത്ത ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതാന്‍ ശ്രമിക്കുന്നതു മാര്‍ക്ക് കുറയാന്‍ ഇടവരുത്തും. നാലു മാര്‍ക്കിന്റെ ചോദ്യത്തിനു തെറ്റായ ഉത്തരമെഴുതിയാല്‍ ചോദ്യത്തിന്റെ നാലു മാര്‍ക്കിനോടൊപ്പം ഒരു നെഗററീവ് മാര്‍ക്കടക്കം അഞ്ചു മാര്‍ക്ക് നഷ്ടപ്പെടും. ചിലപ്പോള്‍ ഒരു മാര്‍ക്ക് 200 റാങ്ക് വരെ പിറകോട്ടടിപ്പിക്കും. ഒരു ചോദ്യത്തിനു തെറ്റായ ഉത്തരം നല്‍കുന്നതിലൂടെ ആയിരം റാങ്കുവരെ പിറകിലായിപ്പോകാം. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഫിസിക്‌സിലെ ശരിയുത്തരങ്ങളാണു നിര്‍ണായക റാങ്ക് തീരുമാനിക്കുന്നത്. ബയോളജി, കെമിസ്ട്രി എന്നിവയ്ക്കുശേഷം ഫിസിക്‌സിലെ ചോദ്യം താരതമ്യേന വിഷമമുള്ളതായിരിക്കും. നിശ്ചിത സമയക്രമം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കമ്പ്യൂട്ടര്‍, പേപ്പര്‍ അധിഷ്ഠിത പരീക്ഷയാണോയെന്നു തീരുമാനിക്കണം. OMR ഷീറ്റില്‍ കേടുവരുത്താതെ ഉത്തരം അടയാളപ്പെടുത്തിയിരിക്കണം. പരീക്ഷയ്ക്ക് നിശ്ചിത ദിവസത്തിനു മുമ്പ് അഡ്മിഷന്‍ കാര്‍ഡ് (ഹാള്‍ ടിക്കറ്റ്) ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. ഇതിനായി അപേക്ഷാ നമ്പര്‍, യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ പ്രത്യേകം ഓര്‍ത്തിരിക്കണം. പരീക്ഷയുടെ തലേന്നു ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. നോണ്‍ വെജിറ്റേറിയന്‍, ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുന്നതു നല്ലതാണ്.

മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. NCERT യുടെ സാമ്പിള്‍ പേപ്പര്‍ ഇതിനായി പ്രയോജനപ്പെടുത്താം. ആത്മവിശ്വാസത്തോടെയുള്ള തയാറെടുപ്പുകളും ശുഭപ്രതീക്ഷയും മികച്ച വിജയം കൈവരിക്കാന്‍ സഹായിക്കും. കോവിഡിനെ നിയന്ത്രിക്കാന്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കാനും കയ്യില്‍ സാനിറ്റൈസര്‍ കരുതാനും മറക്കരുത്. സുഹൃത്തുക്കളുമായി കൂട്ടം കൂടരുത്.

അഖിലേന്ത്യാ പ്രീ മെഡിക്കല്‍, കേരള മെഡിക്കല്‍, എന്‍ജിനിയറിങ്, കാര്‍ഷിക പരീക്ഷ, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, ഗാന്ധിഗ്രാം മെഡിക്കല്‍ പ്രവേശന പരീക്ഷ, അമൃത സര്‍വ്വകലാശാല പ്രവേശന പരീക്ഷ, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ കാര്‍ഷിക പ്രവേശന പരീക്ഷ, ദേശീയ നിയമ പരീക്ഷ (CLAT), NDA, NCHM JEE, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയവ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളാണ്.

 

[mbzshare]

Leave a Reply

Your email address will not be published.