‘കോ – ഓപ് കേരള’ ബ്രാന്‍ഡിങ്ങിന് ഫീസ് ഒടുക്കുന്ന രീതി നിശ്ചയിച്ചു
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ് കൊണ്ടുവരാനുള്ള നടപടികളിലേക്ക് സഹകരണ വകുപ്പ് കടക്കുന്നു. ‘കോ-ഓപ് കേരള’ എന്ന ബ്രാന്‍ഡിങ്ങാണ് സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് നല്‍കുക. ഇതിനുള്ള ഫീസും അത് ഒടുക്കുന്നതിനുള്ള നടപടിയും സഹകരണ വകുപ്പ് നിശ്ചയിച്ചു. കേരള ബാങ്കില്‍ ഇതിനായി സഹകരണ സംഘം രജിസ്ട്രാറുടെ പേരില്‍ പ്രത്യേകം അക്കൗണ്ട് തുടങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കി.
കേരളത്തിലെ സഹകരണ മേഖലയിലെ ഉല്‍പന്നങ്ങളെ ഏകീകൃത ബ്രാന്‍ഡിങ്ങിന് കീഴില്‍ കൊണ്ടുവന്ന് വിപണിയില്‍ സജീവമാക്കുന്നതിന് സഹകരണ വകുപ്പ് ‘ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോ – ഓപ്പറേറ്റീവ് പ്രൊഡക്ട്’ എന്ന പദ്ധതി തയ്യാറാക്കിയിരുന്നു. സഹകരണ ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത സഹകരണ മാര്‍ക്കില്‍ വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി എല്ലാ ഉല്‍പന്നങ്ങള്‍ക്കും കോ-ഓപ് കേരള സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നല്‍കും. ഇതിനുള്ള മാര്‍ഗരേഖ 2021 ജനുവരി 29ന് സഹകരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉല്‍പന്നങ്ങള്‍ക്ക് ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അംഗീകൃത ഏജന്‍സികളുടെ വ്യവസ്ഥകളാണ് സഹകരണ വകുപ്പും അടിസ്ഥാനമാക്കുന്നത്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ തനതായി ഉല്‍പാദിപ്പിക്കുന്നതും നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നല്‍കുന്നതുമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിന് പരിഗണിക്കും. എഫ്.എസ്.എസ്.എ.ഐ., അഗ്മാര്‍ക്ക്, ഐ.എസ്.ഐ. മാര്‍ക്ക്, എഫ്.പി.ഒ., ഹാന്‍ഡ് ലൂം മാര്‍ക്ക്, ഇക്കോ മാര്‍ക്ക്, ബി.ഐ.എസ്. മാര്‍ക്ക്, എന്‍.ഡി.ഡി.ബി. തുടങ്ങിയ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍ക്ക് ‘കോ – ഓപ് കേരള മാര്‍ക്ക്’ നല്‍കാനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ സഹകരണ സംഘങ്ങളില്‍നിന്ന് ലഭിക്കുമ്പോള്‍ അടയ്ക്കേണ്ട ഫീസും തുടര്‍ന്നുള്ള പുതുക്കല്‍ ഫീസും പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടെന്ന് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. രജിസ്ട്രാറുടെ പേരില്‍ കേരള ബാങ്കില്‍ ഒരു എസ്.ബി.അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് കാണിച്ച് ജുലായ് 28ന് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു. ഇതനുസരിച്ചാണ് ഇപ്പോള്‍ തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.