കോവിഡ് 19 – സഹകരണ ബാങ്കുകളും /സംഘങ്ങളും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച്:-
കോവിഡ് 19 സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട അവശ്യം നടപടികളെ സംബന്ധിച്ച് താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
1. സര്‍ക്കാരിന്റെ ക്ഷേമപെന്ഷന് വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സംഘങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് 31-നകം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്ഷന് വീടുകളില്‍ എത്തിച്ച് നല്‍കണം.
2. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ഹോം ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ അതാത് പ്രദേശത്തെ നീതി സ്റ്റോറുകള്‍ മുഖാന്തിരം അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിതരണം ആരംഭിക്കും.
3. സഹകരണ ബാങ്കുകളിലെ വായ്പാകാര്‍ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍ മനഃപൂര്‍വ്വം കാലങ്ങളായി വായ്പ തിരിച്ചടയ്ക്കാതെ വന്‍കുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പാകുടിശികക്കാരെ വീടുകളില്‍ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
4. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ (നീതി മെഡിക്കല്‍ സ്റ്റോര്‍/ആശുപത്രികള്‍/ലാബുകള്‍) തുടര്‍ന്നും യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രവര്‍ത്തിക്കേണ്ടതാണ്. വര്‍ഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടുള്ളതല്ല.
5. അപ്പെക്സ് സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാനതല സ്ഥാപനങ്ങളുടെ ഹെഢ് ആഫീസുകള്‍, റീജണല്‍ ആഫീസുകള്‍, കൂടുതല്‍ ജീവനക്കാരുള്ള ധനകാര്യ ഇടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ (PACS), അവയുടെ ശാഖകള്‍ എന്നിവ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണ്.
6. മേല്‍ നിര്‍ദ്ദേശപ്രകാരം ക്രമീകരണങ്ങള്‍ വരുത്തുമ്പോള്‍ ഇടപാടുകാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് യാതൊരു വിധ തടസ്സവും നേരിടുന്നില്ലയെന്ന് ഭരണസമിതി/ജീവനക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
7. പൊതു ജനങ്ങള്‍ കൂടുതലായി പങ്കെടുക്കുന്ന എം.ഡി.എസ്/ജി.ഡി.എസ് ലേലം, അദാലത്തുകള്‍ തുടങ്ങിയവ ഈ കാലയളവില്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവക്കേണ്ടതോ ആണ്.
8. ഇടപാടുകാര്‍ കൗണ്ടറുകളില്‍ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടുന്ന ക്രമീകരണം നടത്തേണ്ടതാണ്.
9. ജീവനക്കാര്‍ കോവിഡ്-19 വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ കൃത്യമായി സ്വീകരിക്കേണ്ടതും ഇടപാടുകാരില്‍ നിന്നും നിശ്ചിത അകലം പാലിക്കേണ്ടതുമാണ്.
10. എല്ലാ സ്ഥാപനങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍, കൈ കഴുകുവാനുളള സൗകര്യം എന്നിവ ക്രമീകരിക്കേണ്ടതാണ്.
11. ഓരോ ജില്ലകളിലെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതാത് ജില്ലാ കലക്ടര്‍മാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ആവശ്യമായ അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതാണ്.
12. ദിവസനിക്ഷേപ പിരിവുകാര് കോവിഡ്-19 നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളില്‍/മറ്റ് സ്ഥാപനങ്ങളില്‍ കളക്ഷന്‍ നടത്തുന്നതിനുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.