കോവിഡ് പ്രത്യേക കാഷ്വല്‍ ലീവ് :  സഹകരണ ജീവനക്കാരില്‍ ആശയക്കുഴപ്പം

[mbzauthor]
കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ആശയക്കുഴപ്പം. സര്‍ക്കാര്‍ ഉത്തരവില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി സംബന്ധിച്ചാണ് പറയുന്നത്. ഇത് സഹകരണ സംഘങ്ങള്‍ക്ക് ബാധകമാണോയെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല, സര്‍ക്കാര്‍ ഉത്തരവനുസരിച്ചല്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരല്ലാത്തവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയുമോയെന്നതിലും വ്യക്തതയില്ല.

സഹകരണ സംഘങ്ങളില്‍ സ്ഥിരം ജീവനക്കാരല്ലാത്തവര്‍ ഏറെയുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലും കൂലി വ്യവസ്ഥയിലും ജോലി ചെയ്യുന്നവര്‍, അനുബന്ധ സ്ഥാപനങ്ങളിലും കരാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവരെല്ലാമുണ്ട്. ഇവര്‍ക്ക് സര്‍ക്കാരും സഹകരണ സംഘം രജിസ്ട്രാറും നിര്‍ദ്ദേശിക്കുന്ന ജീവനക്കാര്‍ക്കുള്ള വ്യവസ്ഥകള്‍ ബാധകമാവുകയുമില്ല. എല്ലാവര്‍ക്കും ബാധകമാകുന്ന ക്വാറന്റീന്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയാലേ ഇതില്‍ വ്യക്തതയുണ്ടാകൂ. കോവിഡ് വ്യാപനം കൂടിയ മേഖലയില്‍ 17 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്. ഇവര്‍ പുറത്തിറങ്ങുന്നതിന് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം ആളുകള്‍ സഹകരണ സംഘങ്ങളുടെ ഭാഗമായി ജോലിചെയ്യുമ്പോള്‍ അവര്‍ക്ക് ഹാജരാകാനാകാത്ത സ്ഥിതിയുണ്ട്. ഇതിലൊന്നും വ്യക്തതയില്ല.

കോവിഡ് പോസിറ്റീവായവരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ജീവനക്കാരും പൊതു അവധികള്‍ ഉള്‍പ്പെടെ ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണമെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്ന ജീവനക്കാരന്‍ മൂന്നു മാസത്തിനിടയില്‍ കോവിഡ് മുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ട. കോവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരുന്ന ജീവനക്കാര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവ് മുഴുവന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. ഇത് സഹകരണ സംഘം ജീവനക്കാര്‍ക്ക് ബാധകമാണോയെന്നതിലാണ് ആശയക്കുഴപ്പം.
[mbzshare]

Leave a Reply

Your email address will not be published. Required fields are marked *