കോവിഡാനന്തരം മാറുന്ന തൊഴില്‍ മേഖലകള്‍
( വിദ്യാഭ്യാസ, കരിയര്‍ കണ്‍സള്‍ട്ടന്റും
ലോക ബാങ്ക് കണ്‍സള്‍ട്ടന്റും. Email : [email protected] )
(2021 ജൂണ്‍ ലക്കം)
കോവിഡ് 19 രണ്ടാം തരംഗം വന്നതോടെ 2021-22 അധ്യയന വര്‍ഷവും ഓണ്‍ലൈനിലാകാനാണു സാധ്യത. തുടര്‍ച്ചയായ കോവിഡും ലോക്്ഡൗണും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഏറെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. 12-ാം ക്ലാസിലെ സംസ്ഥാന ബോര്‍ഡിന്റെ തിയറി പരീക്ഷ കഴിഞ്ഞെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷക്കു വീണ്ടും കാത്തിരിക്കണം. സി.ബി.എസ്. ഇ., ഐ.സി.എസ്.ഇ, പ്ലസ് ടു പരീക്ഷ ത്തീയതി നിശ്ചയിച്ചിട്ടില്ല. ജെ.ഇ.ഇ. മെയിന്‍, കീം എന്‍ജിനീയറിങ്, കുസാറ്റ്, ക്യാറ്റ്, ഐസര്‍, ഐ.ഐ.എസ്.സി., നൈസര്‍, ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് തുടങ്ങിയ പരീക്ഷകള്‍ വീണ്ടും നീണ്ടുപോയേക്കാം. നീറ്റ് പരീക്ഷ ആഗസ്ത് ഒന്നിനാണ്.
പ്ലസ് ടുവിനു ശേഷം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നു ഉന്നത വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോള്‍ ഉപരിപഠന മേഖലയെക്കുറിച്ച് ഏറെ സംശയങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലുമുണ്ടാകും. ഏതു കോഴ്‌സാണു മികച്ചത് , ഉപരിപഠന, തൊഴില്‍ സാധ്യത എത്രത്തോളം, പ്രതീക്ഷിക്കാവുന്ന ശമ്പളം തുടങ്ങി നിരവധി ആശങ്ക ഇവരിലുണ്ടാകും.
ഇന്നവേഷന്‍, സംരംഭകത്വം, സ്‌കില്‍ വികസനം എന്നിവക്കു പ്രാധാന്യമേറിവരികയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലെ കോഴ്‌സുകള്‍ക്കും അവസരങ്ങള്‍ ഇന്നുണ്ട്. ആരോഗ്യ മേഖലകളില്‍ ഹെല്‍ത്ത്‌ടെക് കോഴ്‌സുകളോടൊപ്പം നിരവധി ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകളുമുണ്ട്. ടെക്‌നോളജി, കൃഷി, ആരോഗ്യം, സാമ്പത്തികം, പ്രൊഡക്ട് ഡെവലപ്‌മെന്റ്, കെയറിങ്്, ഡിജിറ്റല്‍ ടെക്‌നോളജി എന്നിവയില്‍ പുത്തന്‍ കോഴ്‌സുകള്‍ നിരവധിയുണ്ട്. വിദ്യാര്‍ഥിയുടെ താല്‍പ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്‌സുകളെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. സേവന, ഡിജിറ്റല്‍ മേഖലകളിലാണു കോഴ്‌സുകളേറെയും.
കാര്‍ഷിക മേഖലയില്‍ ടെക്‌നോളജി, ഡ്രോണുകള്‍, കാലാവസ്ഥാ പഠനം, പ്രിസിഷന്‍ ഫാമിങ്് കോഴ്‌സുകള്‍ കൂടുതലായി രൂപപ്പെട്ടുവരുന്നു. സാമ്പത്തിക, ആരോഗ്യ, സേവന മേഖലകളില്‍ ഡാറ്റാ സയന്‍സിനാണു പ്രാധാന്യമേറിവരുന്നത്. വെഞ്ച്വര്‍ കാപ്പിറ്റല്‍, സ്വകാര്യ ഇക്വിറ്റി റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, എച്ച്.ആര്‍.എം. പ്രൊജക്ട് മാനേജ്‌മെന്റ്, ഉല്‍പ്പാദനം, മാര്‍ക്കറ്റിങ് തുടങ്ങി എല്ലാ മേഖലകളിലും മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കു പ്രിയമേറുന്നു. സാമ്പത്തികമാന്ദ്യത്തിനുശേഷം മാനേജ്‌മെന്റ് കോഴ്‌സുകള്‍ കരുത്താര്‍ജിക്കാനിടയുണ്ട്.
കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ വിലയിരുത്തുന്ന രീതി നിലവിലുണ്ട്. എന്നാല്‍, കോഴ്‌സ് ഏതായാലും സ്‌കില്ലാണു ( നൈപുണ്യശേഷി ) വിജയം തീരുമാനിക്കുന്നത്. ആശയവിനിമയം, സാങ്കേതികം, ഡൊമെയ്ന്‍ (domain) എന്നിവയില്‍ നൈപുണ്യശേഷി കൈവരിക്കാന്‍ ശ്രമിക്കണം. മാറുന്ന സാഹചര്യത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യശേഷി നേടണം.
മുന്നില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്
ടെക്‌നോളജി, ആര്‍ക്കിടെക്ച്ചര്‍, സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നൂറുകണക്കിനു കോഴ്‌സുകളുണ്ട്. നിയമം, മാനേജ്‌മെന്റ്, മാസ് കമ്യൂണിക്കേഷന്‍, അനിമേഷന്‍, ഗ്രാഫിക് ഡിസൈനിങ്, ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ ഡിസൈനിങ്് എന്നിവയില്‍ മികച്ച അവസരങ്ങളുണ്ട്. എന്‍ജിനിയറിങ് കോഴ്‌സുകളില്‍ കൂടുതല്‍ പ്ലേസ്‌മെന്റ് ( 73 ശതമാനം ) കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്ങിലാണ്. സിവില്‍ ( 69 % ), മെക്കാനിക്കല്‍ ( 65 % ), ഇലക്ട്രിക്കല്‍ ( 63% ), മറ്റുള്ളവ ( 45 – 65% ) എന്നിങ്ങനെയാണ് പ്ലേസ്‌മെന്റ് കണക്കുകള്‍. മാനേജ്‌മെന്റില്‍ ഫിനാന്‍സ് ( 59 % ), എച്ച്.ആര്‍. ( 53 % ) , ഇന്റര്‍നാഷണല്‍ ബിസിനസ് ( 49 % ) , മാര്‍ക്കറ്റിങ് ( 63 % ) എന്നിങ്ങനെയാണു പ്ലേസ്‌മെന്റ്.
വര്‍ക്ക് അറ്റ് ഹോം തുടരുമ്പോഴും ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തു വരുന്നുണ്ട്. ഇറക്കുമതി വര്‍ധിച്ചുവരുന്ന ഇക്കാലത്തു ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ ്‌കോഴ്‌സുകള്‍ക്കു സാധ്യതയേറുകയാണ്. 3 ഡി പ്രിന്റിങ്, ഇന്‍ഡസ്ട്രിയല്‍ റോബട്ട്‌സ്, ഡ്രോണുകള്‍, സോളാര്‍, സെന്‍സറുകള്‍, ബയോ ടെക്‌നോളജി, ന്യൂറോടെക്, മെഡിസിന്‍ ( ഫാര്‍മസി ) എന്നിവക്കു സാധ്യതയേറും.
മള്‍ട്ടി ഡിസിപ്ലിനറി / ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിനാണു സാധ്യതയേറുന്നത്. കോവിഡാനന്തരം പബ്ലിക് ഹെല്‍ത്ത്, എപ്പിഡെമിയോളജി, ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത്, പാരിസ്ഥിതിക പഠനം, ഗ്ലോബല്‍ ഹെല്‍ത്ത് ഡാറ്റ അനലിറ്റിക്‌സ്, ഹെല്‍ത്ത് അനലിറ്റിക്‌സ്, വൈറോളജി, വാക്‌സിന്‍ ഡെവലപ്‌മെന്റ്, ബയോ മെഡിക്കല്‍ സയന്‍സ്, ബയോ മെഡിക്കല്‍ എന്‍ജിനിയറിങ്്, ബയോ മെറ്റീരിയല്‍സ്, ബയോ എന്‍ജിനിയറിങ്്, ബയോ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ അവസരങ്ങള്‍ വര്‍ധിക്കും.
മെക്കാനിക്കലിന്റെ സ്വാധീനം കുറയുന്നു
ഏതു ബ്രാഞ്ച് എന്‍ജിനിയറിങ് തിരഞ്ഞടുക്കണം എന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടാകാം. പക്ഷേ, ഏതു സ്‌കില്‍ സെറ്റുകളാണു രൂപപ്പെടേണ്ടതു എന്നതിനനുസരിച്ച് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാം. ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ മുന്‍കാലങ്ങളില്‍ മെക്കാനിക്കലിനായിരുന്നു 90 ശതമാനവും പ്രാധാന്യം. എന്നാല്‍, ഇന്നു മെക്കാനിക്കലിന്റെ സ്വാധീനം 25 ശതമാനത്തില്‍ താഴെ മാത്രമാണ്. 75 ശതമാനം ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്ങിനാണ്. ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കുമാണു ഭാവിയില്‍ സാധ്യതകളേറുന്നത്. ഓഗ്‌മെന്റഡ് റിയാലിറ്റി, പ്രൊഡക്ട്‌സ് ഡിസൈന്‍, 3 ഡി പ്രിന്റിംഗ്, ഡാറ്റ മാനേജ്‌മെന്റ്, ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്കു പ്രാധാന്യമേറുന്നു. സിവില്‍ എന്‍ജിനിയറിങ്ങില്‍ സ്മാര്‍ട്ട് ഹൗസിങ്്, സ്മാര്‍ട്ട് ക്ലൗഡ് അധിഷ്ഠിത സെന്‍സറുകള്‍, സെല്‍ഫ് ഹീലിങ്്, കോണ്‍ക്രീറ്റ്, പ്രീഫാബ് നിര്‍മാണം, ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍, ഓട്ടമേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയ്ക്കു സാധ്യതയേറുന്നു.
സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ലേണിങ്, റിസ്‌ക് മാനേജ്‌മെന്റ്, Uex, UIS ഡിസൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ആന്‍ഡ്രോയിഡ് വികസനം, സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍, ഫുഡ് പ്രോസസിങ്്, പ്രിസിഷന്‍ ഫാമിങ് എന്നിവയില്‍ അവസരങ്ങളേറെയുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്്, ബാങ്കിങ്്, ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറ്റിക്‌സ് എന്നിവക്കും സാധ്യതകളുണ്ട്.
സൈക്കോളജി കോഴ്‌സിനു ഏറെ സാധ്യത
സൈക്കോളജി കോഴ്‌സുകള്‍ക്കു ഏറെ അവസരങ്ങളുണ്ട്. തെറാപ്പി, ന്യൂറോ സയന്‍സ്, മാര്‍ക്കറ്റിങ് ബിഹാവിയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്്, വിദ്യാഭ്യാസം, കൗണ്‍സലിങ്, കോഗ്നിറ്റീവ് തെറാപ്പി, ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ സൈക്കോളജി കോഴ്‌സുകള്‍ക്കു സാധ്യതകളുണ്ട്. പബ്ലിക് പോളിസി, ഫിറ്റ്‌നസ് ആന്റ് വെല്‍നസ്, യോഗ, കോച്ചിങ്, എന്റര്‍പ്രണര്‍ഷിപ്പ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, വെറ്ററിനറി സയന്‍സ്, പെറ്റ് അനിമല്‍ കെയര്‍ എന്നിവയും കുലിനറി ആര്‍ട്‌സും കരുത്താര്‍ജിക്കാനിടയുണ്ട്.
ഡിജിറ്റല്‍ ടെക്‌നോളജിക്കു ഫിലിം, അനിമേഷന്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയില്‍ അവസരങ്ങളേറെയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഡിജിറ്റല്‍ ടെക്‌നോളജി, ടെക്‌നോളജി എനേബിള്‍ഡ് വിദ്യാഭ്യാസം എന്നിവയിലും ഓണ്‍ലൈന്‍ ഷോപ്പിങ്്, ഡിജിറ്റല്‍ കണ്ടന്റ് ഡെവലപ്‌മെന്റ് മാര്‍ക്കറ്റിങ് എന്നിവയിലും വന്‍ സാധ്യതകളാണു വരാനിരിക്കുന്നത്. വരുന്ന അഞ്ചു വര്‍ഷത്തില്‍ ആയിരത്തി ഇരുനൂറോളം പുതിയ സര്‍വ്വകലാശാലകളാണ് ഇന്ത്യയില്‍ വരാനിരിക്കുന്നത്. അതിനാനുപാതികമായി നിരവധി മേഖലകളില്‍ തൊഴില്‍, ഗവേഷണ സാധ്യതകളേറും. ഇക്കണോമിക്‌സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ സയന്‍സ്, ഡിജിറ്റല്‍ മീഡിയ, ഡെവലപ്‌മെന്റല്‍ സയന്‍സ് എന്നിവയില്‍ ഏറെ അവസരങ്ങളാണുള്ളത്. പ്രവേശനപ്പരീക്ഷകളിലും മാറ്റം വരും. ഒരേ വിഷയത്തിലുള്ള ബിരുദ ബിരുദാനന്തര ഗവേഷണ പഠനത്തില്‍ മാറ്റങ്ങളുണ്ടാകും.
പ്ലസ് ടുക്കാര്‍ക്കു മികച്ച അവസരങ്ങള്‍
മെഡിക്കല്‍, എന്‍ജിനിയറിങ്, കാര്‍ഷിക കോഴ്‌സുകള്‍ക്കപ്പുറം പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ടാവും. പ്ലസ്ടുക്കാര്‍ക്കു അപേക്ഷിക്കാവുന്ന ചില കോഴ്‌സുകളെക്കുറിച്ചു അറിയാം.
ഐ.ഐ.എം. ഇന്‍ഡോര്‍, റോഹ്തക്ക് എന്നിവയിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമിനു പ്രവേശനപ്പരീക്ഷയിലൂടെ വിദ്യാര്‍ഥികള്‍ക്കു അഡ്മിഷന്‍ നേടാം. മികച്ച ഉപരിപഠന സാധ്യതയുള്ള പ്രോഗ്രാമാണിത്. ദേശീയ നിയമ സര്‍വ്വകലാശാലകളുടെ ഇന്റഗ്രേറ്റഡ് ബി.എ. എല്‍.എല്‍.ബി, ബി.ബി.എ. എല്‍.എല്‍.ബി, ബി.എസ്‌സി. എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി. പ്രോഗ്രാമിനു ക്ലാറ്റ് പരീക്ഷയിലൂടെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ ലോ കോളേജുകളിലും ഡീംഡ് സ്വകാര്യ സര്‍വ്വകലാശാലകളിലും നിയമ പ്രോഗ്രാമിനു പ്രവേശനപ്പരീക്ഷയിലൂടെ അഡ്മിഷന്‍ നേടാം.
ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ്, വിദേശ ഭാഷാ ഓണേഴ്‌സ് പ്രോഗ്രാമിനു പ്രവേശനപ്പരീക്ഷയുണ്ട്. ഐ.ഐ.ടി. മദ്രാസിന്റെ ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനു പ്ലസ്് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബി.എ. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, സൈക്കോളജി പ്രോഗ്രാം പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു മികച്ച പ്രോഗ്രാമാണ്.
പ്ലസ് ടുവിനു മാത്തമാറ്റിക്‌സ് / കോമേഴ്‌സ് പഠിച്ചവര്‍ക്കു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രോഗ്രാം, ആക്ച്വറിയല്‍ സയന്‍സ്, ACCA, CIMA, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് പ്രോഗ്രാമിനു ശ്രമിക്കാവുന്നതാണ്. പ്ലസ് ടു ഏതു ഗ്രൂപ്പ് എടുത്തവര്‍ക്കും ഫാഷന്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍, അനിമേഷന്‍, വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്് പ്രോഗ്രാമിനു ചേരാം.
കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിച്ചവര്‍ക്ക് ബി.സി.എ, ഇന്റഗ്രേറ്റഡ് എം.സി.എ, വെബ് ഡിസൈനിംഗ്, ബി.സി.എ, ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, AI, മെഷീന്‍ ലേണിങ്്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ഡാറ്റാ സയന്‍സ് പ്രോഗ്രാമിനു ചേരാവുന്നതാണ്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ബാങ്കിങ്, അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കുലിനറി ആര്‍ട്‌സ് മുതലായവ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു അപേക്ഷിക്കാവുന്ന മികച്ച പ്രോഗ്രാമുകളാണ്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഡെവലപ്‌മെന്റല്‍ സയന്‍സ്, NID, NIFT, IIT ഡിസൈന്‍ പ്രോഗ്രാമുകള്‍ ഏറെ മികച്ചവയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ബി.എഫ്.ടെക് പ്രോഗ്രാമിനു അപേക്ഷിക്കാന്‍ പ്ലസ് ടുവിനു കണക്ക് പഠിച്ചിരിക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുട്‌വെയര്‍ ഡിസൈനിന്റെ ബി.ഡെസ്. പ്രോഗ്രാമിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിന്റെ ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷിക്കാവുന്നതാണ്.
സംസ്ഥാനത്തിനകത്തുള്ള കോളേജുകളില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ആന്ത്രോപ്പോളജി, സോഷ്യോളജി, സൈക്കോളജി ബിരുദ പ്രോഗ്രാമുകള്‍ക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ ആന്റ് വെല്‍നസ്, ന്യൂട്രീഷ്യന്‍, ഡയറ്റെറ്റിക്‌സ്, സോഷ്യല്‍വര്‍ക്ക്, ഡെവലപ്‌മെന്റല്‍ സയന്‍സ്, ബി.ബി.എ. പ്രോഗ്രാമുകള്‍ മികച്ച ഉപരിപഠന, തൊഴില്‍ സാധ്യതയുള്ളവയാണ്.
സാള്‍ടയര്‍ സ്‌കോട്ടിഷ് സ്‌കോളര്‍ഷിപ്പ്
കോവിഡ് സാഹചര്യത്തില്‍ പാര്‍ടൈം തൊഴിലിനെ മാത്രം ആശ്രയിച്ചുള്ള വിദേശ പഠനം ശ്രമകരമാണ്. വിദേശ പഠനത്തില്‍ ട്യൂഷന്‍ ഫീസും താമസവുമാണു ചെലവേറിയ ഇനങ്ങള്‍. പാര്‍ടൈം തൊഴില്‍ കാമ്പസിനടുത്താണെങ്കില്‍ പ്രയോജനപ്പെടുത്താം. എന്നാല്‍, ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഗ്രാഡുവേറ്റ് / മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ പാര്‍ടൈം തൊഴില്‍ ചെയ്യാന്‍ വേണ്ടത്ര സമയം ലഭിക്കാറില്ല.
അഡ്മിഷന്‍ കിട്ടിയ ശേഷമേ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെല്ലോഷിപ്പുകള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കൂ. ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിച്ചുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകളുണ്ട്. ടെസ്റ്റ് സ്‌കോറുകള്‍, അക്കാദമിക് മെറിറ്റ് എന്നിവ ഇതിനായി വിലയിരുത്തും. സാമ്പത്തികച്ചെലവിനായി ബാങ്ക് വായ്പയും ലഭിക്കും.
സ്‌കോട്ടിഷ് ഗവണ്‍മെന്റും സ്‌കോട്ടിഷ് സര്‍വകലാശാലകളും ചേര്‍ന്ന് അനുവദിക്കുന്നതാണു സാള്‍ട്ടയര്‍ സ്‌കോളര്‍ഷിപ്പുകള്‍. സയന്‍സ്, ടെക്‌നോളജി, ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ്, ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ സയന്‍സ്, റിന്യൂവെബിള്‍ ആന്റ് ക്ലീന്‍ എനര്‍ജി വിഭാഗങ്ങളില്‍ സ്‌കോട്ട്‌ലാന്റിലെ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. IELTS 7/9 ലഭിച്ചിരിക്കണം.
50 പേര്‍ക്കു പ്രതിവര്‍ഷം 8000 പൗണ്ട് മാസ്റ്റേഴ്‌സ് പഠനത്തിനു സ്‌കോളര്‍ഷിപ്പ് ലഭിക്കും. കാനഡ, ഇന്ത്യ. ചൈന, ജപ്പാന്‍, അമേരിക്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഒരു പ്രത്യേക കാലയളവ് സ്‌കോട്ടിഷ് സര്‍വകലാശാലയില്‍ ചെലവഴിച്ചാല്‍ മതിയാകും.
സ്‌കോട്ടിഷ് സര്‍വകലാശാലകള്‍: Abertay University, Edinburgh Napier University, Glassgow Caledonien University, Glassgow school of Art , Heriot Watt Universtiy, Open Universtiy, Queen Margaret University, Edinburgh, Robort Gurdon University, Royal Conservative of Scotland, SRVC Rural College, University of Edinburgh, University of Aberdee, University of Dundee, University of Glassgow, University of St. Andrews, University of Sterling,
University of Strathclyde, University of the West of Scotland, University of Highlands and Islands.