കോണ്‍ഗ്രസ്സിലെ പ്രമുഖരായ ആറു സഹകാരികള്‍ കര്‍ണാടകമന്ത്രിമാരായി ചുമതലയേറ്റു
കര്‍ണാടക നിയമസഭയിലേക്കു ജയിച്ച പ്രമുഖ സഹകാരികളില്‍ ആറു പേര്‍ മന്ത്രിമാരായി ചുമതലയേറ്റു. കെ.എച്ച്. പാട്ടീല്‍, കെ.എന്‍. രാജണ്ണ, ശിവാനന്ദ് എസ്. പാട്ടീല്‍, ഈശ്വര്‍ ഖാന്ദ്രെ, ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍, ഡി. സുധാകര്‍ എന്നിവരാണു മന്ത്രിസ്ഥാനം ലഭിച്ച സഹകാരികള്‍.
കര്‍ണാടക സ്റ്റേറ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാനും NAFCUB ചെയര്‍മാന്‍ എമിറിറ്റസുമായ കെ.എച്ച്. പാട്ടീലിനു നിയമ, പാര്‍ലമെന്ററി കാര്യ, ചെറുകിട ജലസേചന വകുപ്പുകളാണു ലഭിച്ചത്. കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപക്‌സ് ബാങ്ക് മുന്‍ ചെയര്‍മാനും തുംകൂര്‍ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.എന്‍. രാജണ്ണയാണു പുതിയ സഹകരണമന്ത്രി. നാഫെഡ,് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഡയറക്ടറായും രാജണ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയ്പൂര്‍ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് പ്രസിഡന്റായ ശിവാനന്ദ് എസ്. പാട്ടീലിനു ടെക്സ്റ്റയില്‍സ്, കരിമ്പ്കൃഷി വികസനം, കാര്‍ഷികവിപണന വകുപ്പുകളാണു ലഭിച്ചത്. ബിദാര്‍ സഹകാരി സാക്കറെ കര്‍ഖാനെ മുന്‍ ചെയര്‍മാന്‍ ഈശ്വര്‍ ഖാന്ദ്രെയ്ക്കു വനം, പരിസ്ഥിതി വകുപ്പുകളാണു ലഭിച്ചത്.
വനിതാ, ശിശു വികസന വകുപ്പിന്റെ ചുമതല ലഭിച്ച ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കര്‍, അടിസ്ഥാനസൗകര്യ വികസന, ആസൂത്രണ വകുപ്പുകള്‍ ലഭിച്ച ഡി. സുധാകര്‍ എന്നിവരും മന്ത്രിസഭയില്‍ ഇടം നേടിയ പ്രമുഖ സഹകാരികളില്‍പ്പെടും. ഇവരെല്ലാവരും ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍പ്പെട്ടവരാണ്. പ്രതിപക്ഷത്തുള്ള ചില പ്രമുഖ സഹകാരികളും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ സഹകരണ ഹൗസിങ് ഫെഡറേഷന്‍ ഡയറക്ടര്‍ എസ്.ടി. സോമശേഖര്‍, ശ്രീ ബീരേശ്വര്‍ സഹകരണ വായ്പാ സംഘം ഡയറക്ടര്‍ ശശികല എ ജോളി, കര്‍ണാടക സഹകരണ മില്‍ക്ക് ഫെഡറേഷന്‍ ( നന്ദിനി ) ചെയര്‍മാന്‍ ബാലചന്ദ്ര ജര്‍ക്കിഹോളി ( മൂന്നു പേരും ബി.ജെ.പി ), കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ ജി.ടി. ദേവഗൗഡ, ഹാസന്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എച്ച്.ഡി. രേവണ്ണ ( ഇരുവരും ജനതാദള്‍ – എസ് ) എന്നിവരാണു പ്രതിപക്ഷകക്ഷികളില്‍ നിന്നു വിജയിച്ചവര്‍. ശനിയാഴ്ച 24 പുതിയ മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ കര്‍ണാടക മന്ത്രിസഭയില്‍ ആകെ 32 മന്ത്രിമാരായി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരടക്കം എട്ടു പേര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തിരുന്നു.