കോട്ടയം ജില്ലയിലെ മികച്ച ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം
നിരവധി പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി മാറി കോട്ടയം ജില്ലയിലെ അരീപ്പറമ്പ് ക്ഷീരസഹകരണ സംഘം. കടുത്തുരുത്തിയില്‍ നടന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തില്‍ ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട അരീപ്പറമ്പ് ക്ഷീരസഹകരണ സംഘത്തിന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിച്ചു. 2021-22ലെ കോട്ടയം ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള പുരസ്‌കാരവും സംഘത്തിനു ലഭിച്ചിട്ടുണ്ട്.
1957ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘത്തില്‍ 1678 അംഗങ്ങളുണ്ട്. മണര്‍കാട്, അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്തുകളിലെ അരീപ്പറമ്പ്, അമയന്നൂര്‍, മാലം എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 1938 ലിറ്റര്‍ പാലാണ് ക്ഷീരസംഘം വഴി വില്‍ക്കാനായത്. കൃത്യമായ ഗുണനിലവാര പരിശോധ നടത്തി മില്‍മ ചാര്‍ട്ട് വിലയോടൊപ്പം സംഘത്തിന്റെ സ്പെഷ്യല്‍ ഇന്‍സെന്റീവ് ഉള്‍പ്പെടെയുള്ള വിലയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംഭരിക്കുന്ന പാലില്‍ 50 ശതമാനം മില്‍മ എറണാകുളം യൂണിയന് നല്‍കി ബാക്കി പ്രാദേശികമായി വില്‍ക്കുകയാണ്.